- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാർ 18,150 കോടിയും കേന്ദ്രസർക്കാർ 6,313 കോടിയും ചെലവിടും; ഓഹരി സമാഹരണത്തിലൂടെ 4251 കോടി; ഭൂമിയേറ്റെടുക്കലിന് 1525 കോടി രൂപ സംസ്ഥാനം വേറെ കണ്ടെത്തും; ലോണെടുക്കേണ്ടത് 33670 കോടി; കെ റെയിൽ മുമ്പോട്ട്; അട്ടിമറിക്ക് ബിജെപി കേരളവും; സിൽവർ ലൈനിൽ നിർണ്ണായകം മോദിയുടെ മനസ്സ്
തിരുവനന്തപുരം: കല്ലൂരിയാൽ പല്ലൂരുമെന്ന് പ്രഖ്യാപിച്ച് സിപിഎം രംഗത്ത് വരുമ്പോൾ സിൽവർ ലൈൻ പദ്ധതിക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കാനാണ് കെ റെയിൽ തീരുമാനം. രാജ്യത്തിനു പുറത്തെ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ ലഭ്യമാക്കാനുള്ള അപേക്ഷ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന്റെ പരിഗണനയിലാണുള്ളത്. ഒരു മാസത്തിനകം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. കേന്ദ്ര അനുമതിക്കായി സമ്മർദ്ദം തുടരും. കേന്ദ്ര റെയിൽ മന്ത്രാലയത്തെ ചേർത്ത് നിർത്തി മുമ്പോട്ട് പോകാനാണ് നീക്കം. അതിനിടെ പ്രതിരോധത്തിന് ബിജെപി കേരള ഘടകവും സജീവമായി രംഗത്തുണ്ട്. ഇതോടെ സിൽവർ ലൈനിൽ കേന്ദ്ര തീരുമാനത്തോടെ പുറത്തു വരിക പ്രധാനമന്ത്രിയുടെ മനസ്സ് തന്നെയാകും.
പ്രധാനമന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തി എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താൻ ഡൽഹിയിൽ പ്രത്യേക സംവിധാനം തന്നെ ഉണ്ടെന്നാണഅ സൂചന. ഇതു മനസ്സിലാക്കിയാണ് ബിജെപിയുടെ കേരള നേതാക്കൾ പദ്ധതിക്കെതിരായ ശക്തമായ നിലപാട് എടുക്കുന്നത്. കേന്ദ്ര റെയിൽ വകുപ്പിന്റെ അനുമതിയൊന്നും സിൽവർലൈനിന് കിട്ടിയിട്ടില്ലെന്ന് ബിജെപിക്കാർ പറയുന്നു. അതിനിടെ വസ്തു ഏറ്റെടുക്കലിൽ റെയിൽവേ അനുകൂലമായി ഹൈക്കോടതിയിൽ പ്രതികരിച്ചത് സംസ്ഥാന സർക്കാരിനും പ്രതീക്ഷയാണ്. ഇതിനിടെയാണ് കടമെടുക്കാനുള്ള നടപടികൾക്ക് കെ റെയിൽ തുടക്കമിടുന്നത്.
പദ്ധതിച്ചെലവായ 63,940 കോടിയിൽ 33,670 കോടി രൂപയാണു കടമെടുക്കേണ്ടത്. ജൈക്കയും എഡിബിയും ഉൾപ്പെടെ സ്ഥാപനങ്ങളുടെ പേരാണു കെ റെയിൽ നൽകിയിരിക്കുന്നത്. ഭാവിയിൽ ബാധ്യതയുണ്ടായാൽ അതു സംസ്ഥാന സർക്കാർ വഹിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. എഡിബിയുമായി കെ റെയിൽ നേരത്തേ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ അവർ പദ്ധതിയെക്കുറിച്ചു പ്രാഥമികമായി പഠിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാരിന്റെ ശുപാർശ പ്രകാരം വായ്പ നൽകാൻ തീരുമാനിച്ചാൽ വിശദമായ പഠനം നടത്തും.
പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകിയതിനു പിന്നാലെ വായ്പ നടപടിയുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഡിപിആറിന് അന്തിമാനുമതി ലഭിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല. വായ്പയ്ക്കു പുറമേ, സംസ്ഥാന സർക്കാർ 18,150 കോടിയും കേന്ദ്രസർക്കാർ 6,313 കോടിയും ചെലവിടും. പൊതുജനങ്ങളിൽനിന്നുള്ള ഓഹരി സമാഹരണത്തിലൂടെ 4251 കോടി ലഭ്യമാക്കും. ലാൻഡ് പൂളിങ് ഉദ്ദേശ്യത്തിനുള്ള ഭൂമിയേറ്റെടുക്കലിന് 1525 കോടി രൂപ സംസ്ഥാനം വേറെ കണ്ടെത്തും.
സിൽവർ ലൈൻ പദ്ധതിക്കായി റെയിൽവേയുടെ ഭൂമി ഏറ്റെടുക്കുന്നതിനു മുൻപു കെറെയിൽ റെയിൽവേ സംയുക്ത സർവേ നടത്തുമെന്നാണ് റിപ്പോർട്ട്. കെറെയിൽ ശേഖരിച്ച വിവരങ്ങളും രേഖകളും റെയിൽവേയ്ക്കു കൈമാറി. ഡിപിആർ സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങളോടൊപ്പമാണ് സംയുക്ത സർവേ നടത്തണമെന്ന് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടത്. ആകെ വേണ്ട 1385 ഹെക്ടർ ഭൂമിയിൽ 185 ഹെക്ടറാണു റെയിൽവേ ഭൂമി. കൃത്യം എത്ര സ്ഥലം വേണ്ടിവരും, എവിടെനിന്നെല്ലാം എത്രത്തോളം എടുക്കേണ്ടിവരും എന്നെല്ലാം കണ്ടെത്തി മാപ്പിങ് നടത്തുന്നതിനാണു സർവേ. രേഖകളുടെ പരിശോധനയ്ക്കു ശേഷം, ആവശ്യമെങ്കിൽ ഫീൽഡ് പരിശോധന നടത്തും. സർവേയ്ക്കു 3 മാസമെടുക്കുമെന്നാണു കണക്കുകൂട്ടൽ. ഇതെല്ലാം പദ്ധതിക്ക് റെയിൽവേ അനുകൂലമാണെന്ന പ്രതീക്ഷയാണ് കേരള സർക്കാരിന് നൽകുന്നത്.
975 കോടി രൂപ നൽകിയാണ് റെയിൽവേയുടെ 185 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. 2150 കോടി രൂപ പദ്ധതിക്കു റെയിൽവേയുടെ ഓഹരിയായി നൽകണമെന്ന് കെ റെയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ധനസ്ഥിതി മോശമാണെന്നും ഭൂമി വില മാത്രം ഓഹരിയായി എടുക്കാമെന്നുമാണ് റെയിൽവേ മറുപടി നൽകിയത്. അതേസമയം, പദ്ധതിക്കു ഭൂമി നൽകുന്നതിൽ ദക്ഷിണ റെയിൽവേ ഉന്നയിച്ച എതിർപ്പ് നിലനിൽക്കുന്നുണ്ട്. റെയിൽവേ ട്രാക്കിനു സമീപം എന്തു നിർമ്മാണം നടത്തിയാലും ഭാവി വികസനത്തിനു രണ്ടു ഭാഗത്തും ഓരോ ട്രാക്കിനുള്ള സ്ഥലം ഒഴിവാക്കിയിടണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് എതിർക്കുന്നത്. പദ്ധതിക്കു വേണ്ടി ഈ നയത്തിൽ മാറ്റം വരുത്തി ഉത്തരവിറക്കേണ്ടിവരും. ഇതിനെല്ലാം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനം റെയിൽവേയ്ക്ക് അനിവാര്യതയാണ്.
മറുനാടന് മലയാളി ബ്യൂറോ