- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരു രാഷ്ട്രതലവന്മാരും ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുന്ന സാഹചര്യം ഉണ്ടാകണം; പുടിനുമായി ചർച്ച നടത്തി മോദി; ഇന്ത്യയുടെ രക്ഷാദൗത്യത്തിന് സഹായം വാഗ്ദാനം ചെയ്ത് റഷ്യ; യുദ്ധം ആരംഭിച്ച ശേഷം ഇരുനേതാക്കളും ചർച്ച നടത്തുന്നത് മൂന്നാം തവണ
ന്യൂഡൽഹി: യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് ലോകം മുഴുവൻ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ വീണ്ടും മോദി- പുതിൻ ചർച്ച.യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്.ഇരുരാജ്യങ്ങളുടേയും രാഷ്ട്രതലവന്മാർ ഒന്നിച്ചിരുന്ന് ചർച്ചനടത്തുന്ന സാഹചര്യമുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികൾ തന്നെയാണ് പ്രധാനമന്ത്രി മോദി പ്രധാനമായും ആവശ്യപ്പെട്ടതെന്നാണ് വിവരം. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഒപ്പം ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന നിർദ്ദേശവും മോദി മുന്നോട്ടുവെച്ചു.55 മിനിറ്റോളമാണ് ഇരുരാഷ്ട്ര തലവന്മാരും ടെലിഫോണിലൂടെ ചർച്ച നടത്തിയത്.
ചർച്ചയുടെ ഭാഗമായി ഇന്ത്യയുടെ രക്ഷാദൗത്യത്തിന് പുതിൻ സഹായം വാഗ്ദാനം ചെയ്തു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മോദി പുതിനുമായും ചർച്ച നടത്തിയത്.രാവിലെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായും പ്രധാനമന്ത്രി ചർച്ച നടത്തിയുരുന്നു. 35 മിനിറ്റാണ് അദ്ദേഹം സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.
സംഘർഷം അവസാനിപ്പിക്കണമെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നുമുള്ള ഇന്ത്യയുടെ നിലപാട് മോദി സെലൻസ്കിയോടും ആവർത്തിച്ചു. ജനങ്ങൾ നേരിടുന്ന പ്രതിസന്ധിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നൽകിയ സഹായത്തിന് അദ്ദേഹം സെലെൻസ്കിയോട് നന്ദി പറഞ്ഞു. സുമിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ യുക്രൈൻ സർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചുവെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സുരക്ഷാ കാരണങ്ങളാൽ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നത് നിർത്തിവെച്ച് ഇന്ത്യ. സൂമിയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് താത്കാലികമായി നിർത്തിവെച്ചത്. രക്ഷാദൗത്യത്തിനുള്ള പാത സുരക്ഷിതമല്ല എന്ന വിവരത്തെ തുടർന്നാണ് നടപടി. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം പരാജയമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
യുക്രൈൻ തലസ്ഥാനമായ കീവ്, മരിയൂപോൾ, ഹാർകീവ്, സുമി എന്നീ നാലു നഗരങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പോരാട്ടം രൂക്ഷമായ ഈ മേഖലയിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. പോരാട്ടം രൂക്ഷമായ പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാൻ നിരവധി മനുഷ്യത്വ ഇടനാഴികൾ തുറക്കുമെന്ന് റഷ്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സൂമി നഗരത്തിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് താത്കാലികമായി നിർത്തിവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ