- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിറ്റു തുലയ്ക്കലിൽ മോദിയെ തോൽപ്പിക്കാൻ ആർക്കുമാകില്ല! ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്; 63.75 ശതമാനം ഓഹരി വിൽക്കുന്നതിനൊപ്പം നിയന്ത്രണാധികാരവും കേന്ദ്രം കൈമാറും; ഭാരത് പെട്രോളിയം കോർപറേഷന്റെ ഓഹരി വിൽപ്പനയും പിന്നാലെ
ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ തോളിൽ കൈയിടുന്ന സർക്കാറാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടേത് എന്ന വിമർശനം തുടക്കം മുതൽ ശക്തമാണ്. എന്നാൽ, കോർപ്പറേറ്റുകൾക്ക് വേണ്ടി സ്വന്തം വീടെഴുതി കൊടുക്കാനും മടിയില്ലാത്ത സർക്കാറാണ് ഇതെന്നതാണ് മറ്റൊരു വസ്തുത. രാജ്യത്ത് ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റു തുലയ്ക്കുന്ന നടപടിയാണ് കുറച്ചുകാലമായി കേന്ദ്രം നടത്തുന്നത്. ഈ ശീലം കോവിഡ് കാലത്ത് ആരും ചോദ്യം ചെയ്യാൻ പോലുമില്ലെന്നതാണ് വസ്തുത.
എയർ ഇന്ത്യയ്ക്കും ബിപിസിഎല്ലിനും പിന്നാലെ പൊതുമേഖലാ സ്ഥാപനമായ ഷിപ്പിങ് കോർപറേഷനും വിൽക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സജീവമാക്കിയിട്ടുണ്ട്. ഈ ആഴ്ച തന്നെ താൽപര്യപത്രം ക്ഷണിച്ചേക്കും. വിൽപനയുടെ വിശദാംശങ്ങളും പുറത്തുവിടും. നടപ്പു സാമ്പത്തിക വർഷം തന്നെ നടപടികൾ പൂർത്തിയാക്കി വിൽപന നടത്താനാകും ഡിപ്പാർട്മെന്റ് ഓഫ് ഡിസ്ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസെറ്റ് മാനേജ്മെന്റിന്റെ ശ്രമം. ഷിപ്പിങ് കോർപറേഷനിലെ 63.75% ഓഹരികളാണ് വിൽക്കുക. ഇതിനു പുറമേ, കോർപറേഷന്റെ നിയന്ത്രണാവകാശവും കൈമാറുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
നിലവിലെ വിപണിമൂല്യം അനുസരിച്ച് കോർപറേഷനിൽ 2500 കോടിയോളം രൂപയുടെ ഓഹരി അവകാശം സർക്കാരിനുണ്ട്. ബിപിസിഎൽ, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്നർ കോർപറേഷൻ, തെഹ്രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ എന്നിങ്ങനെ 5 പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കഴിഞ്ഞ നവംബറിൽ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു.
അതേസമയം, 3 മാസം മാത്രം ശേഷിക്കെ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടപ്പു സാമ്പത്തിക വർഷം നടന്നേക്കില്ലെന്നാണു സൂചന.താൽപര്യപത്രം നൽകിയവരിൽ യോഗ്യരായവരുടെ വിവരം ജനുവരി ആറിന് അറിയാമെങ്കിലും തുടർനടപടികൾ വൈകിയേക്കും. ടാറ്റ സൺസ്, ഹിന്ദുജ ഗ്രൂപ്പ്, യുഎസ് ആസ്ഥാനമായുള്ള ഇന്റർ അപ്സ് കമ്പനി തുടങ്ങിയവ താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണം വഴി 2.1 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് നടപ്പു വർഷം സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ ), ഷിപ്പിങ് കോർ കോർപറേഷൻ ഓഫ് ഇന്ത്യ (എസ്സിഐ), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ( കോൺകോർ), ബിഇഎംഎൽ എന്നിവയുടെ ഓഹരി വിൽപ്പന ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ വിപണി മൂല്യം അടിസ്ഥാനമാക്കി ഈ നാല് കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ 49,000 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബിപിസിഎൽ മഹാരത്ന കമ്പനിയും എസ്സിഐ, കോൺകോർ എന്നിവ നവരത്ന കമ്പനികളുമാണ്. ബിപിസിഎലിലെ സർക്കാരിന്റെ 52.98 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. ബിപിസിഎലിന്റെ കൊച്ചിൻ റിഫൈനറിയിലെ ഓഹരികളും വിൽക്കും. അതേസമയം, ബിപിസിഎലിന്റെ അസം റിഫൈനറിലെ ഓഹരി വിഹിതം ഒഴിവാക്കും. ഓഹരി വിൽപ്പനയ്ക്ക് ഒപ്പം കമ്പനികളുടെ ഭരണ കൈമാറ്റവും നടക്കും. ബിപിസിഎലിന്റെ ഓഹരി വിൽപ്പനയ്ക്കായുള്ള താൽപര്യ പത്രം സമർപ്പിക്കേണ്ട സമയപരിധി നവംബർ 16 ന് അവസാനിക്കും. ഇവയുടെ ഓഹരി വിൽപ്പനയ്ക്ക് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി സഭ അനുമതി നൽകിയതാണ്.
കോൺകോറിലുള്ള 30.8 ശതമാനം ഓഹരികളും ഷിപ്പിങ് കോർപറേഷനിലെ 63.75 ശതമാനം ഓഹരികളും ബിഇഎംഎലിലെ 54.3 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഈ കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ് ഉടൻ ക്ഷണിച്ചു തുടങ്ങും. ഓഹരി വിപണിയിലെ സാഹചര്യം അനുകൂലം അല്ലെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ ഈ വർഷം കുറഞ്ഞത് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. ബജറ്റിൽ ലക്ഷ്യമിട്ട 2.1 ലക്ഷം കോടി രൂപയിലും ഏറെ താഴെയാണിത്. ഈ സാമ്പത്തിക വർഷം ഇതുവരെ 6,389 കോടി രൂപ മാത്രമാണ് പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ സർക്കാരിന് സമാഹരിക്കാൻ കഴിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ