- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിൽ തുടങ്ങി പാക്കിസ്ഥാൻ വരെ ചർച്ചാ വിഷയം; തീവ്രവാദികളെ പാക്കിസ്ഥാൻ സഹായിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്ന ഉറച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ്; കമലാ ഹാരീസ്-മോദി ചർച്ചകളിൽ നിറഞ്ഞത് ഭീകരതയും കോവിഡും
വാഷിങ്ടൻ: യുഎസ് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടുന്നത് വമ്പൻ സ്വീകരണങ്ങൾ. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി മോദി ചർച്ച നടത്തിയിരുന്നു. യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നു കമല പറഞ്ഞു. ഇന്ത്യ വാക്‌സീൻ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. മോദിയും കമലയും ആദ്യമായാണു നേരിട്ടു ചർച്ച നടത്തുന്നത്.
അഫ്ഗാൻ വിഷയവും മോദിയുമായി കമലാ ഹാരീസ് ചർച്ച നടത്തി. തീവ്രവാദം വളർത്തുന്നതിൽ പാക്കിസ്ഥാൻ പങ്കിനെ കുറിച്ചും ഇരു രാജ്യങ്ങളും സംസാരിച്ചു. തീവ്രവാദികളെ പാക്കിസ്ഥാൻ സഹായിക്കുന്നുണ്ടോ എന്നത് നിരീക്ഷിക്കാൻ നേതാക്കൾ തമ്മിലെ ചർച്ചകളിൽ ധാരണയായി. അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാനിലേക്ക് ചർച്ച കടന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദിയുടെ കൂടിക്കാഴ്ച വൈറ്റ് ഹൗസ് ഓവൽ ഓഫിസിൽ ഇന്നു നടക്കും. ബൈഡൻ, മോദി, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ എന്നിവർ പങ്കെടുക്കുന്ന 'ക്വാഡ്' യോഗവും ഇന്നാണ്. ജപ്പാൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു.
ക്വാഡിലും തീവ്രവാദം തന്നെയാകും ഇന്ത്യ ചർച്ചയാക്കുക. അഫ്ഗാനിൽ ഇന്ത്യൻ നിലപാടും വിശദീകരിക്കും. ചൈനയും പാക്കിസ്ഥാനും താലിബാനും ചേർന്നാലുള്ള ആഗോള ഭീഷണിയിൽ പരോക്ഷ പരാമർശവും നടത്തും. ചൈനയെ ഇന്ത്യ പേരെടുത്ത് പറഞ്ഞു വിമർശിക്കില്ല. എന്നാൽ പാക്കിസ്ഥാനെതിരെ കർശന നിലപാട് എടുത്തേക്കും. കോവിഡും തീവ്രവാദവുമാണ് ലോകം നേരിടുന്ന ഭീഷണിയെന്ന നിലപാടാകും ഇന്ത്യ എടുക്കുക.
മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ക്വാൽകോം ഉൾപ്പെടെ 5 വൻകിട യുഎസ് കമ്പനികളുടെ മേധാവികളുമായി ഇന്നലെ ചർച്ച നടത്തി. ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയിലും ഡിജിറ്റൽ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളിലും സഹകരിക്കാൻ താൽപര്യമുണ്ടെന്നു ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ ആമൊൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും മോദി ചർച്ച നടത്തി. പ്രഡേറ്റർ ഡ്രോൺ നിർമ്മിക്കുന്ന ജനറൽ അറ്റോമിക്‌സ് കമ്പനിയുടെ സിഇഒയും ഇന്ത്യൻ വംശജനുമായ വിവേക് ലൽ, ഇന്ത്യൻ വംശജൻ ശന്തനു നാരായൺ (അഡോബി), മാർക്ക് വിഡ്മർ (ഫസ്റ്റ് സോളർ), സ്റ്റീഫൻ ഷ്വാർസ്മാൻ (ബ്ലാക്ക്‌സ്റ്റോൺ) എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
മോദിക്കു സഞ്ചരിക്കാൻ പാക്കിസ്ഥാന്റെ വ്യോമമേഖല രണ്ടു വർഷത്തിനു ശേഷം തുറന്നു കൊടുത്തിരുന്നു. വിമാനത്തിന് പാക്കിസ്ഥാനു മീതെ പറക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കാബൂൾ ഒഴിവാക്കി പറക്കാനായിരുന്നു ഇത്. ഇന്ത്യയുടെ അഭ്യർത്ഥന സ്വീകരിച്ച പാക്കിസ്ഥാൻ ഉടൻ അനുമതി നൽകി. 2019 ൽ കശ്മീരിനു പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചത്.
അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് 2 തവണയും രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിമാനത്തിന് ഒരു തവണയും അനുമതി നിഷേധിച്ചു. അന്ന് കാബൂൾ വഴിയാണ് മോദി യുഎസ്, ജർമനി എന്നിവിടങ്ങളിലേക്കും രാഷ്ട്രപതി ഐസ്ലൻഡിലേക്കും പറന്നത്.
മറുനാടന് മലയാളി ബ്യൂറോ