കൊച്ചി: തന്റെ മരണകാരണങ്ങൾ എണ്ണിപ്പറഞ്ഞ് ആലുവയിൽ ആത്മഹത്യ ചെയ്ത മൊഫിയാ പർവീനിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഒരു നോട്ട് ബുക്കിൽ എഴുതപ്പെട്ട നിലയിലാണ് ആത്മഹത്യ കുറിപ്പ്.

തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും ഇനിയും ഇത് കേട്ട് നിൽക്കാൻ വയ്യെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സിഐയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും കത്തിലുണ്ട്. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. സുഹൈലും മാതാപിതാക്കളും ക്രിമിനലുകളാണ്. അവർക്ക് പരമാവധി ശിക്ഷ കൊടുക്കണം. അതെന്റെ അവസാനത്തെ ആഗ്രഹമാണെന്നും മൊഫിയ കത്തിൽ പറയുന്നു.

മൊഫിയ പർവീനിന്റെ ആത്മഹത്യകുറിപ്പ്

ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ.

ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല. സുഹൈൽ, എന്റെ പ്രാക്ക് എന്നും നിന്നോടൊപ്പം ഉണ്ടാകും. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും.

സിഐക്ക് എതിരെ നടപടി എടുക്കണം.

Suhail, mother & father ക്രിമിനൽസ് ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!

അവനെ അത്രമേൽ സ്‌നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്‌നേഹിക്കാൻ പാടില്ലായിരുന്നു.

Pappa, ചാച്ചാ sorry.
എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി.
അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരെക്കാളും സ്‌നേഹിച്ചയാൾ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. Pappa, ചാച്ചാ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ്‌
ഇവിടെ തന്നെ ഉണ്ടാകും.

Assalamualaikum

23 കാരിയായ മൊഫിയ പർവീൻ ഇന്നലെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിനിയായ മൊഫിയ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചിരുന്നു. എന്നാൽ ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭർത്താവിനെ അടിച്ചതായും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.