ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി സഹതാരങ്ങളോട് ബാല്യകാല സുഹൃത്തിനൊപ്പോലെയാണ് പെരുമാറുകയെന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഒരു തരത്തിലുള്ള സമ്മർദ്ദവും പേസ് ബൗളിങ് യൂണിറ്റിന് മുകളിൽ കോലി നൽകാറില്ലെന്നും തന്റെ ബൗളിങ് യൂണിറ്റിന് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും കോലി നൽകാറുണ്ടെന്നും ഷമി പറയുന്നു.

'ഞങ്ങളുടെ പ്ലാൻ പരാജയപ്പെടുമ്പോൾ മാത്രമാണ് കോലി ഇടപെടുക. ക്യാപ്റ്റനെ സമീപിക്കുമ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് ചിലപ്പോൾ ബൗളർമാർക്ക് സംശയമുണ്ടാകും. എന്നാൽ അത്തരം പ്രശ്നങ്ങളൊന്നും കോലിയിൽ ഇല്ല.

ബാല്യകാല സുഹൃത്താണ് എന്ന രീതിയിലാണ് കോലി സംസാരിക്കുക. ചിരിച്ച് തമാശകൾ പറയും. ചില സമയങ്ങളിൽ കാർക്കശ്യത്തോടെ സംസാരിക്കാറുണ്ട്. എന്നാൽ അത് അപ്പോഴത്തെ സാഹചര്യത്തിൽ സംസാരിക്കുന്നതാണ്.

രാജ്യത്തിന് വേണ്ടി കഠിനധ്വാനം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള സംസാരങ്ങളുണ്ടാകും. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടെങ്കിൽ എന്നോടുവന്ന് പറയാം. ഞാൻ അത് അംഗീകരിക്കും.' ഷമി വ്യക്തമാക്കുന്നു. ക്രിക്ക്‌ബസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷമി.