തിരുവല്ല: ഭർത്താക്കന്മാരില്ലാത്ത സമയം നോക്കി താമസസ്ഥലത്തെത്തി ആസാമീസ് സ്വദേശിനികളെ കടന്നു പിടിച്ച മൂന്നു പേരുടെ അറസ്റ്റ് രേടപ്പെടുത്തിവെണ്ണിക്കുളം കോഴിമലയിൽ താഴേവീട്ടിൽ അനിൽ (42), കുറ്റൂർ കുന്നുകണ്ടത്തിൽ പ്രേം കെ. ജോസഫ് (40), മുത്തൂർ കണിയാംപറമ്പിൽ ഫിറോസ് (42) എന്നിവരെയാണ് ഡിവൈ.എസ്‌പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികളിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരുമുണ്ടെന്ന മറുനാടൻ വാർത്ത പുറത്തു വന്നതോടെയാണ് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ആസാമീസ് സ്വദേശികൾ താമസിക്കുന്ന വാടക വീട്ടിൽ ഇന്നലെ രാത്രിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ആസാം സ്വദേശിനിയെ തേടിച്ചെന്നതാണ് അഞ്ചംഗ സംഘം. എന്നാൽ മലയാളികളോട് സഹകരിക്കാൻ താൽപര്യമില്ലെന്ന് ഇവർ അറിയിച്ചു. ഇതിനിടെ യുവതിയുടെ ഭർത്താവ് അവിടെ എത്തി വാക്കേറ്റമായി. തുടർന്ന് നടന്ന സംഘട്ടനത്തിൽ തടസം പിടിക്കാൻ ശ്രമിച്ച മൂന്ന് ആസാം സ്വദേശിനികൾക്കും ഇവരുടെ ഭർത്താക്കന്മാർക്കും പരുക്കേറ്റു.

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെയും പരാതിക്കാരെയും സ്റ്റേഷനിൽ എത്തിച്ചു. മർദനമേറ്റവരുടെ മൊഴി ട്രാഫിക് യൂണിറ്റിലെ ഹോം ഗാർഡ് പ്രസാദിന്റെ നേതൃത്വത്തിൽ ശേഖരിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പ്രതിൾ കുറ്റൂരിലെ സജീവ സിപിഎം പ്രവർത്തകരാണെന്ന് അറിഞ്ഞതോടെ പാർട്ടി നേതൃത്വം ഇടപെട്ടു. കേസ് എടുക്കരുതെന്നായിരുന്നു ആവശ്യം.

പരാതിക്കാർ പരാതി പിൻവലിച്ചാൽ കേസ് ഒഴിവാക്കാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സജീവ പ്രവർത്തകർ പെണ്ണു കേസിൽപ്പെട്ടത് പാർട്ടിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷീണം വരുത്തുമെന്ന് കണ്ടാണ് ഇടപെടൽ. കസ്റ്റഡിയിലുള്ളവരുടെ പേര് വിവരം പുറത്തു വിടാൻ പോലും പൊലീസ് തയാറായിരുന്നില്ല. മറുനാടൻ വാർത്ത പുറത്തു വിട്ട് മിനുട്ടുകൾക്കകം പ്രതികളുടെ അറസ്റ്റുണ്ടായി. പ്രതികളൂടെ കൂട്ടത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ ബന്ധുവുമുണ്ടെന്ന് പറയുന്നു.