- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന 'തലവേദന'കളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ 'എബിസിഡി' കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നു
ഇന്ത്യ പോലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിന് ഏറ്റവുമധികം പണം കൃത്യമായ അളവിൽ എത്തിക്കുന്ന ഒന്നാണ് ആദായ നികുതി അഥവാ ഇൻകം ടാക്സ് എന്നത്. 1860 ജൂലൈ നാലു മുതൽ രാജ്യത്ത് ആദായനികുതി ഈടാക്കുന്നുണ്ടെങ്കിലും മിക്കവർക്കും ഇത് പൂർണമായും എന്ത് എന്നത് അറിയില്ല. 2010 ജൂലൈ 24ന് ആദായ നികുതി ദിനത്തിന്റെ 100ാം വാർഷികം ആഘോഷിച്ച വേളയിലാണ് ഈ ദിനത്തെ 'ആദായ നികതി ദിനം' എന്ന പേരിൽ ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.
എല്ലാ വർഷവും ജൂലൈ 31 എന്ന തീയതി അടുക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ആദായ നികുതി റെയ്ഡ് എന്ന വാക്ക് പത്രത്തിന്റെ തലക്കെട്ടുകളിൽ വാർത്തയായി വരുന്നത് പലപ്പോഴും നാം കണ്ടിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പ് എന്നാൽ ഏതാണ്ട് ഭീകരജീവിയാണെന്ന് ആശങ്കയോടെയാണ് പലരും കാണുന്നത്. എന്നാൽ സത്യമിതൊന്നുമല്ല.
കൃത്യമായി മുൻകൂട്ടി നിശ്ചയിച്ച വരുമാന പരിധിയിലുള്ളവർ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകയാണ് ആദായ നികുതി. വരുമാനത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് അടയ്ക്കേണ്ട തുകയ്ക്കും ഏറ്റക്കുറച്ചിലുണ്ടാകാമെന്ന് പ്രത്യേകം പുറയേണ്ടതില്ലല്ലോ. ഐടിആർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇൻകം ടാക്സ് റിട്ടേണുകൾ ജൂലൈ 31ന് അകമാണ് അടയ്ക്കേണ്ടതെങ്കിലും ഈ വർഷം അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്ന കാര്യം നാം ഓർക്കണം. ഇതിന് ശേഷം 2017-18 വർഷത്തെ ആദായ നികുതി അടയ്ക്കേണ്ട ആളുകൾ പിഴയായി 10,000 രൂപ വരെ അടയ്ക്കേണ്ടി വരും എന്നുള്ളതും നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു.
ആദായ നികുതി എന്നാൽ......ആദായ നികുതി റിട്ടേൺ....ഇങ്ങനെ അറിഞ്ഞു തുടങ്ങാം
സമ്പാദ്യമെന്നത് ഏതൊരു മനുഷ്യനും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഏതൊരു പൗരനും സമ്പാദിക്കുന്ന വരുമാനത്തിൽ നിന്നും സർക്കാരിന് നികുതി അടച്ചേ മതിയാകൂ. എന്നാൽ അത് എല്ലാവരും അടയ്ക്കണോ എന്ന് ചോദിച്ചാൽ അല്ല. നികുതി കിഴിവ് പരിധി എന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ്് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിന് മുകളിൽ സമ്പാദിക്കുന്ന തുകയ്ക്കാണ് ഇൻകം ടാക്സ് അടയ്ക്കേണ്ടത്. മാസ ശമ്പളത്തിലുടെ ഉപജീവനം നടത്തുന്നവരും ചെറുകിട കച്ചവടക്കാർ മുതൽ ഭീമൻ കോർപ്പറേറ്റുകൾക്ക് വരെ ആദായ നികുതി എന്നത് ബാധകമായ കാര്യം തന്നെയാണ്.
ആദായ നികുതി എന്ന വാക്കിനൊപ്പം തന്നെ നാം കേട്ടിട്ടുള്ള മറ്റൊരു വാക്കാണ് ആദായ നികുതി റിട്ടേൺ. എന്നത്. സംഗതി ലളിതമാണ്. ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വരുമാനം സംബന്ധിച്ചുള്ള പ്രസ്താവനയാണ് ഇൻകം ടാക്സ് റിട്ടേൺ അഥവാ ഐടി ആർ എന്നത്. നികുതിദായകർ ഐടിആർ സമർപ്പിക്കേണ്ടത് ഒരു നിശ്ചിത ഫോർമാറ്റിലാണ്. ഇനി ഏത് രീതിയിലുള്ള വരുമാനത്തെയാണ് നികുതി വകുപ്പ് പട്ടികപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം. മൂലധന ലാഭത്തിൽ നിന്നുമുള്ള വരുമാനം, കച്ചവടത്തിൽ നിന്നോ ജോലിയിൽ നിന്നോ ഉള്ള ലാഭത്തിൽ നിന്നുമുള്ള വരുമാനം, മാസ ശമ്പളത്തിൽ നിന്നുമുള്ള വരുമാനം, വസ്തുവിൽ നിന്നുമുള്ള വരുമാനം ഇതര ശ്രോതസുകളിൽ നിന്നുമുള്ള വരുമാനം എന്നിവയാണ് വരുമാനം സംബന്ധിച്ച് നികുതി വകുപ്പ് കണക്കാക്കുന്ന പ്രധാന ശീർഷകങ്ങൾ.
ഇവയിൽ നിന്നെല്ലാം ഒരാൾ സമ്പാദിച്ച തുക ചേർത്ത് ആകെയുള്ള വരുമാനം ആദായ നികുതി റിട്ടേണിൽ കാണിച്ചിരിക്കണം. സെക്ഷൻ 80സി, സിസിഡി എന്നിവ പ്രകാരം വരുമാന നികുതിയിൽ കിഴിവുകളുണ്ട്. ഇത് കഴിച്ചുള്ള അടിസ്ഥാന നികുതി ഇളവ്് പരിധിക്ക് മുകളിലുള്ള മൊത്തം വരുമാനമാണ് ആദായ നികുതി റിട്ടേണിൽ സമർപ്പിക്കേണ്ടത്.
ആദായ നികുതി റിട്ടേൺ ആദ്യമായി സമർപ്പിക്കുന്നവർ ഇക്കാര്യങ്ങൾ അറിയൂ
ആദ്യമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ അറിയാൻ ഏറെയുണ്ട്. കുറഞ്ഞ നികുതി പിരിധിയേക്കാൾ കൂടുതലാണ് നിങ്ങളുടെ വരുമാനമെങ്കിൽ തീർച്ചയായും ഐടിആർ സമർപ്പിക്കേണ്ടതാണ്. 60 വയസിന് താഴെ മാത്രം പ്രായവും രണ്ടര ലക്ഷം വരെ വാർഷിക വരുമാനവുമുള്ളവർക്ക് നികുതിയിൽ നിന്നും ഒഴിവ് ലഭിക്കും. മാത്രമല്ല അറുപതിനും എൺപതിനും ഇടയിൽ പ്രായവും വാർഷിക വരുമാനം മൂന്ന് ലക്ഷം വരെയും വരുമാനമുള്ളവർക്കും ആദായ നികുതിയിൽ നിന്നും ആശ്വാസമുള്ള കാര്യം നാം ഓർക്കണം. എൺപത് വയസിന് മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ പൗരന്മാർക്ക് വാർഷിക വരുമാനം അഞ്ച് ലക്ഷം വരെയാണെങ്കിൽ നികുതിയിളവിന് അർഹതയുണ്ട്.
[BLURB#1-VL]ആദായ നികുതി റിട്ടേൺ അടയ്ക്കുന്നതിന് ഏഴ് ഫോമുകളാണ് ഉള്ളത്. അവരുവരുടെ വരുമാനം എത്രയെന്ന് കണക്കാക്കി അതാത് ഫോമുകൾ വേണം റിട്ടേൺ സമർപ്പിക്കുമ്പോൾ തിരഞ്ഞെടുക്കാൻ. ഐടിആർ വൺ എന്നതാണ് കൂട്ടത്തിൽ വളരെ ലളിതമായ ഫോം. ശമ്പളം, പെൻഷൻ, ഒരു വസ്തുവകയിൽ നിന്നുള്ള വരുമാനം അല്ലെങ്കിൽ ലോട്ടറി, കുതിരഓട്ട മത്സരത്തിൽ നിന്നുള്ള വരുമാനം എന്നിവ ഒഴിച്ചുള്ള 50 ലക്ഷം വരെയുള്ള വരുമാനത്തിന് ഐടിആർ വൺ അഥവ സഹജ് ഉപയോഗിക്കാം, പാർട്നർഷിപ്പ് ബിസിനസിൽ നിന്നോ ഏതെങ്കിലും ജോലിയിൽനിന്നോ ആണ് വരുമാനമെങ്കിൽ റിട്ടേണുകൾ ഐടിആർ4 ൽ സമർപ്പിക്കണം.
തെറ്റായ ഐടിആർ ഹോമിൽ സമർപ്പിക്കുന്ന റിട്ടേണുകൾ നികുതി വകുപ്പ് നിരസിക്കും. റിട്ടേൺ സമർപ്പിക്കുന്നതിനു മുൻപ് ആവശ്യമായ രേഖകളെല്ലാം കൃത്യമായി കൈയിൽ കരുതിയിരിക്കണം. തൊഴിലുടമ നൽകുന്ന ഫോം 16, ശമ്പളത്തിൽ നിന്നും വരുമാനത്തിൽ നിന്നുമുള്ള നികുതി ഇളവിന് വിശദാംശങ്ങളടങ്ങിയ ഫോം 26 ആവശ്യമാണ്. ഐടിആർ സമർപ്പിക്കുന്നതിനു മുൻപ് വാടക രസീതുകളും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും റെഡിയാക്കിയിരിക്കണം. നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളുമായും ചെലവുകളുമായും ബന്ധപ്പെട്ട രേഖകളും ഐടിആർ സമർപ്പിക്കുന്നതിനു മുൻപ് തയാറാക്കി വയ്ക്കുക.
റിട്ടേൺ സമർപ്പിക്കും മുൻപ് നികുതി രേഖകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും അക്കങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുകയും പുനഃപരിശോധന നടത്തുകയും ചെയ്യുക. തെറ്റായ കണക്കുകൾ നൽകിയാൽ ആദായ നികുതി നോട്ടിസ് ലഭിക്കുമെന്ന കാര്യവും ഓർമ്മിക്കുക. ആദായ നികുതി കുറയ്ക്കുന്നതിനും മാർഗങ്ങളുണ്ട്. ഓരോ വർഷവും നികുതി ഭാരം 1.5 ലക്ഷം വരെ കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് സെക്ഷൻ 80സി. കൂടാതെ, നികുതി ഭാരം വീണ്ടും കുറയ്ക്കുന്നതിന് സെക്ഷൻ 80 പ്രകാരമുള്ള നികുതി ഇളവുകളായ സെക്ഷൻ 80ഡി, 80ഡിഡി, 80 ഡിഡിബി, 80 ഇ, 10 യു എന്നിവയും ക്ലെയിം ചെയ്യാവുന്നതാണ്. ഭവന വായ്പാ മാസതവണകളുടെ പലിശ തിരിച്ചടവിലുള്ള ഇളവുകളും ക്ലെയിം ചെയ്യാവുന്നതാണ്.
ഐടിആർ ഫയൽ ചെയ്യുന്നതിന് പ്രധാനമായും പത്ത് രേഖകളാണ് കൈയിൽ കരുതേണ്ടത്
1. ഫോം 16 : മാസ ശമ്പളമാണ് നിങ്ങളുടെ പ്രധാന വരുമാനമെങ്കിൽ കൈവശംവേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. ശമ്പളത്തിൽനിന്ന് പിടിച്ചിട്ടുള്ള ആദായ നികുതിയുടെ വിവരങ്ങൾ ഈ ഫോമിൽ ഉൾപ്പെടുത്തുകയാണ് പതിവ്. എ പാർട്ടും ബി പാർട്ടും ഉള്ള ഈ ഫോമിൽ നികുതി പിടിച്ചവിവരങ്ങളാണ് പാർട്ട് എയിലുണ്ടാകുക. നിങ്ങളുടെ പാൻ നമ്പറും തൊഴിലുടമയുടെ ടാൻ വിവരവും ഇതിലുണ്ടാകും. പാർട്ട് ബിയിൽ നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ശമ്പള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുണ്ടാകുക. വിവിധ അലവൻസുകൾ, ബത്തകൾ തുടങ്ങിയവ അതിൽ കാണിച്ചിരിക്കും.
2. പലിശ സർട്ടിഫിക്കറ്റ് : ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നുമാണ് ഇന്ററസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുക. നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് ലഭിച്ച പലിശയും അതിൽനിന്ന് ഈടാക്കിയിട്ടുള്ള ടിഡിഎസ് വിവരങ്ങളും ഈ സർട്ടിഫിക്കറ്റിൽ ഉണ്ടാകും.
3. സാലറി സ്ലിപ് : ശമ്പളത്തോടൊപ്പം നിരവധി അലവൻസുകൾ തൊഴിലുടമയിൽനിന്ന് ജീവനക്കാരന് ലഭിക്കുന്നുണ്ട്. വീട്ടുവാടക അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ് എന്നിവ ഉദാഹരണം. ഇത്തരം അലവൻസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സാലറി സ്ലിപ്പുതന്നെ വേണം. വാടക വീട്ടിലാണ് താമസമെങ്കിൽ ഹൗസ് റെന്റ് അലവൻസിൽ കിഴിവ് ലഭിക്കും. അതുപോലെതന്നെ ഗതാഗത അലവൻസിലും നിശ്ചിത തുകയുടെ ആനുകൂല്യമുണ്ട്.
4. നികുതി ഇളവിന്റെ രേഖകൾ : 80സി, 80സിസിസി, 80സിസിഡി(1) തുടങ്ങിയ വകുപ്പുകളിൽ നിങ്ങൾ നടത്തിയിട്ടുള്ള നികുതി ഇളവിനുള്ള നിക്ഷേപങ്ങൾ ഉൾപ്പടെയുള്ളവയുടെ രേഖകൾ കൈവശം സൂക്ഷിക്കണം. 80 സിപ്രകാരം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്),ടാക്സ് സേവിങ് മ്യൂച്വൽ ഫണ്ട്, ലൈഫ് ഇൻഷുറൻസ് പ്രീമിയം, നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്) എന്നിവയാണ് നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികൾ.
5. ഫോം 26 എഎസ് : സമഗ്രമായ വാർഷിക നികുതി സ്റ്റേറ്റുമെന്റാണിത്. താഴെപറയുന്ന വിവരങ്ങളാണ് ഇതിൽ ഉണ്ടാകുക.തൊഴിലുടമ നിങ്ങളിൽനിന്ന് ഈടാക്കിയ നൽകിയ ആദായ നികുതി വിവരങ്ങൾ, ബാങ്കുകൾ നിക്ഷേപ പലിശയിൽനിന്ന് ഈടാക്കിയ ടിഡിഎസ്, മറ്റേതെങ്കിലും സ്ഥാപനങ്ങൾ നിങ്ങൾക്ക് നൽകിയ തുകയിൽനിന്ന് ഈടാക്കിയ ആദായ നികുതി, സാമ്പത്തിക വർഷം നിങ്ങൾ നൽകിയ അഡ്വാൻസ് ടാക്സ്, നിങ്ങൾ നേരിട്ട് അടച്ച ആദായ നികുതി.
ആദായ നികുതി ഇഫയലിങ് പോർട്ടൽ ലോഗിൻ ചെയ്ത് മൈ അക്കൗണ്ട് ടാബിൽ ക്ലിക്ക് ചെയ്ത് 'വ്യു 26എസ്' വഴി ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2017-18 സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ പാനിൽ ലഭിച്ചിട്ടുള്ള ആദായ നികുതി വിവരങ്ങളെല്ലാം ഈ ഫോമിൽ ഉണ്ടാകും. ഏതെങ്കിലും വിവരങ്ങൾ ഒത്തുപോകുന്നില്ലെങ്കിൽ നികുതി കിഴിവ് ചെയ്തവരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
6. ഫോം 16എ, ഫോം 16 ബി, ഫോം 16 സി : ശമ്പളത്തിനുപുറമെ, നിക്ഷേപത്തിന് ലഭിച്ച പലിശയിൽനിന്ന് കിഴിവുചെയ്ത ടിഡിഎസ് വിവരങ്ങളാണ് ഫോം 16 എയിലുണ്ടാുകക. വസ്തുവോ മറ്റോ നിങ്ങൾ വില്പന നടത്തിയിട്ടുണ്ടെങ്കിൽ അതിൽനിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളാണ് ഫോം 16 ബിയിലുണ്ടാുകക.വാടക വരുമാനം ലഭിക്കുന്നയാളാണ് നിങ്ങളെങ്കിൽ അതിൽനിന്ന് കിഴിവുചെയ്യുന്നതുകയുടെ വിവരങ്ങളാണ് ഫോം 16 സിയിൽ ഉണ്ടാകുക.
7. സെക്ഷൻ 80 ഡി, 80 ഇ : 80 സിക്കുപുറമെയുള്ള ആനുകൂല്യങ്ങളാണ് ഈ വിഭാഗങ്ങളിൽവരുന്നത്. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ 80ഡി പ്രകാരം 25,000 രൂപവരെയുള്ള പ്രീമിയത്തിന് ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കിൽ സെക്ഷൻ 80ഇ പ്രകാരം പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.
8. മൂലധന നേട്ടം : ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, ഭൂമിയോ വിറ്റ വകയിൽ ലഭിച്ച നേട്ടത്തിന് ആദായ നികുതി നൽകേണ്ടതുണ്ട്. ഇക്കാര്യം ഐടിആർ ഫോമിൽ കാണിച്ചിരിക്കണം. ഒരുവർഷം കൈവശംവെച്ചശേഷമാണ് ഓഹരിയോ ഓഹരി അധിഷ്ഠിത ഫണ്ടോ വിൽക്കുന്നതെങ്കിൽ അതിന് ആദായ നികുതി നൽകേണ്ടതില്ല(2018ലെ ബജറ്റിൽ നേട്ടം ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിൽകൂടുതൽ ലഭിച്ചാൽ അതിന് ആദായനികുതി നൽകേണ്ടിവരും).
9. ഭവനവായ്പ സ്റ്റേറ്റുമെന്റ് : ബാങ്കിൽനിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചടച്ച തുകയുടെ സ്റ്റേറ്റുമെന്റ് വാങ്ങേണ്ടതാണ്. പലിശയിനത്തിൽ അടച്ച രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് സെക്ഷൻ 24 പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. മുതലിലിയേക്ക് അടയ്ക്കുന്ന തുകയ്ക്ക് 80 സിപ്രകാരവും ഇളവ് ലഭിക്കും.
10. ആധാർ കാർഡ് : സെക്ഷൻ 139 എ പ്രകാരം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ വിവരങ്ങൾ നിർബന്ധമാണ്. ഇതുവരെ ആധാർ ലഭിച്ചിട്ടില്ലെങ്കിൽ ഉടനെ അപേക്ഷ നൽകുക. ആധാറിന് അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന എൻ റോൾമെന്റ് ഐഡി നൽകിയും റിട്ടേൺ ഫയൽ ചെയ്യാൻ കഴിയും.
പുതിയ റിട്ടേൺ ഫോമിലെ പുത്തൻ മാറ്റങ്ങൾ ഇവ
2018-19 അസസ്മെന്റ് വർഷത്തേക്ക് പുതിയ ആദായനികുതി റിട്ടേൺ ഫോം (ഐ.ടി.ആർ.) സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി.) പുറത്തിറക്കിയിട്ടുണ്ട്. നികുതിദായകർക്ക് വ്യത്യസ്തമായ സ്രോതസുകളിൽനിന്ന് വരുമാനമുണ്ടാകുമെന്നത് കണക്കിലെടുത്ത് ഏഴു വ്യത്യസ്ത ഐ.ടി.ആർ. ഫോമുകളാണ് സി.ബി.ഡി.ടി. പുറത്തിറക്കിയിട്ടുള്ളത്.
ഈ റിട്ടേൺ ഫോമിൽ 2017 ഏപ്രിൽ ഒന്നു മുതൽ 2018 മാർച്ച് 31 വരെ നേടിയ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് നൽകേണ്ടത്. ഓരോ ധനകാര്യ വർഷത്തിന്റെയും തുടക്കത്തിലാണ് ആദായനികുതി വകുപ്പ് പുതിയ റിട്ടേൺ ഫോമുകൾ വിജ്ഞാപനം ചെയ്യുന്നത്.
റിട്ടേൺ ഫോമിലെ മാറ്റങ്ങൾ
പുതിയ ഐ.ടി.ആർ. ഫോമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ വർഷവും ചെറിയ മാറ്റങ്ങളോടെയാണ് സി.ബി.ഡി.ടി. റിട്ടേൺ ഫോമുകൾ പുറത്തിറക്കുന്നത്. ഏതാണ്ട് 28ഓളം മാറ്റങ്ങളാണ് റിട്ടേൺ ഫോമിൽ വരുത്തിയിട്ടുള്ളതെങ്കിലും കുറച്ചു മാറ്റങ്ങേള വ്യക്തിഗത നികുതിദായകനെ കാര്യമായി ബാധിക്കുന്നുള്ളു. കൂടുതൽ വിവരങ്ങൾ തേടുന്ന വിധത്തിലാണ് റിട്ടേൺ ഫോം. കൂടുതൽ നികുതിദായരും ശമ്പളക്കാരും കുറച്ച് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനക്കാരുമായതിനാൽ അവർ ഉപയോഗിക്കേണ്ട ഐ.ടി.ആറിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്:
ഐ.ടി.ആർ. 1
ഏറ്റവും ലളിമായ ആദായ നികുതി റിട്ടേൺ ഫോമാണ് ഐ.ടി.ആർ. 1. ഇത് 'സഹജ്' എന്നും അറിയപ്പെടുന്നു. ചുവടെ നൽകിയിട്ടുള്ള സ്രോതസ്സുകളിൽനിന്നു മാത്രം വരുമാനമുള്ള ഇന്ത്യൻ റസിഡന്റിനാണ് ഈ റിട്ടേൺ ഫോം ഉപയോഗിക്കാൻ സാധിക്കുക. ഈ സ്രോതസ്സുകളിൽനിന്നുള്ള വരുമാനം 50 ലക്ഷം രൂപയിൽ കവിയരുത്. മാത്രവുമല്ല, ലഭിക്കുന്ന ലാഭവീതം 10 ലക്ഷം രൂപയിൽ താഴെയായിരിക്കുകയും വേണം.
[BLURB#3-VR]ഐ.ടി.ആർ. 1 ഉപയോഗിക്കാൻ സാധിക്കുന്നവർ: ശമ്പളം / പെൻഷൻ വരുമാനമുള്ളവർ, ഒരു വീടിന്റെ മാത്രം വാടക ലഭിക്കുന്നവർ. മറ്റു സ്രോതസ്സുകളിൽനിന്ന് വരുമാനമുള്ളവർ (പലിശ, ലാഭവീതം തുടങ്ങിയവ) എന്നിവർക്കാണ് ഐടിആർ വൺ ഫോം ഉപയോഗിക്കാൻ സാധിക്കുന്നത്.
ഐ.ടി.ആർ. 1 ഉപയോഗിക്കാൻ സാധിക്കാത്തവർ ഇവർ
2018-19 അസസ്മെന്റ് വർഷത്തിൽ നികുതിക്ക് മുമ്പ് 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, ഒന്നിൽ കൂടുതൽ വീടുകളിൽനിന്ന് വാടക ലഭിക്കുന്നവർ, ലോട്ടറി, കുതിരപ്പന്തയം എന്നിവയിൽനിന്ന് വരുമാനം ലഭിച്ചവർ, 10 ലക്ഷം രൂപയിൽ കൂടുതൽ ലാഭവീതം ലഭിക്കുന്നവർ, വീട്, പ്ലോട്ട്, ഓഹരി തുടങ്ങിയവയുടെ വിൽപ്പനയിലൂടെ ഹ്രസ്വദീർഘ കാല മൂലധന നേട്ടമുണ്ടാക്കിയിട്ടുള്ളവർ, കാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ളവർ, ഇന്ത്യയ്ക്ക് പുറത്തുനിന്ന് വരുമാനമുള്ള ഇന്ത്യയിലെ താമസക്കാർ,വിദേശ വരുമാനത്തിന് ടാക്സ് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് ആസ്തി സൂക്ഷിച്ചിട്ടുള്ള ഇന്ത്യക്കാർ, അല്ലെങ്കിൽ വിദേശ അക്കൗണ്ടുകളിൽ സൈനിങ് അധികാരം ലഭിച്ചിട്ടുള്ള ഇന്ത്യക്കാർ, വിദേശ ഇന്ത്യക്കാർ (വിദേശ ഇന്ത്യക്കാർ ഐ.ടി.ആർ. 2, ഐ.ടി.ആർ. 3 എന്നിവയിലേതെങ്കിലും ഉപയോഗിക്കണം).ടി.ഡി.എസ്. സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഒരു തരത്തിലുള്ള ഡോക്കുമെന്റുകളും സമർപ്പിക്കാൻ സാധിക്കുകയില്ല.
റിട്ടേൺ സമർപ്പിക്കുന്ന രീതി
ആദായ നികുതി വകുപ്പിലേക്ക് ചുവടെ നൽകിയിരിക്കുന്ന രീതിയിൽ ഐ.ടി.ആർ. റിട്ടേണുകൾ സമർപ്പിക്കാം: പേപ്പർ ഫോമിൽ (മുതിർന്ന പൗരന്മാർ, അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യക്തികൾ, ഹിന്ദു അവിഭക്ത കുടംബങ്ങൾ, റീഫണ്ട് ക്ലെയിം ഇല്ലാത്തവർ എന്നിവർക്കു മാത്രം), ഡിജിറ്റൽ സിഗ്നേച്ചറിനു കീഴിൽ ഇലക്ട്രോണിക് ഫോമിൽ, ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡിനു കീഴിൽ ഇലക്ട്രോണിക് ഫോമിൽ, ഇലക്ട്രോണിക് ആയി ഫയൽ ചെയ്തതിനുശേഷം ലഭിക്കുന്ന അക്നോളഡ്ജ്മെന്റ് ഫോം ഒപ്പിട്ട് ഒരു കോപ്പി പോസ്റ്റ് ബാഗ് നമ്പർ 1, ഇലക്ട്രോണിക് സിറ്റി ഓഫീസ്, ബെംഗളരൂ 560 500, കർണാടക എന്ന വിലാസത്തിൽ അയച്ചുനൽകണം.
റിട്ടേൺ അടയ്ക്കേണ്ടവർ..പട്ടികയിങ്ങനെ
നികുതിയിളവിന് മുമ്പുള്ള മൊത്തം വരുമാനം ചുവടെ നൽകിയിട്ടുള്ളതിനു മുകളിലുള്ളവർ റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ളവരാണ്:വിഭാഗവും വരുമാനവും ഇങ്ങനെ. 60 വയസ്സിന് താഴെ 2,50,000 രൂപ. 60 വയസ്സിന് മുകളിൽ 3,00,000 രൂപ. 80 വയസ്സിന് താഴെ 5,00,000 രൂപ
റിട്ടേണിൽ നൽകേണ്ട പ്രധാന വിവരങ്ങൾ
പാൻ നമ്പർ, പാൻ നമ്പറിൽ നൽകിയിട്ടുള്ളതുപോലെ പേര്, ആധാർ നമ്പർ (2017 ജൂലായ് ഒന്നു മുതൽ ആധാർ നമ്പർ റിട്ടേൺ ഫോമിൽ നിർബന്ധമാക്കിയിട്ടുണ്ട്). മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, പിൻകോഡോടു കൂടിയ വിലാസം (പിൻ കോഡ് നിർബന്ധമാണ്),തൊഴിൽ ദാതാവിന്റെ വിവരങ്ങൾ, റിട്ടേൺ ടൈപ്പ്.
മുഴുവൻ വരുമാനം രേഖപ്പെടുത്തുമ്പോൾ ഓർക്കുക
ശമ്പളം, പെൻഷൻ തുടങ്ങിയവ വിശദമായി രേഖപ്പെടുത്തണം. അലവൻസ്, കിഴിക്കലുകൾ, ടി.ഡി.എസ്. തുടങ്ങിയവയെല്ലാം വിശദമായി നൽകണം. ഫോം 16ൽ നൽകിയിട്ടുള്ളതിനേക്കാൾ കൂടുതലാണ് യഥാർത്ഥ വരുമാനമെങ്കിൽ അതാണ് നൽകേണ്ടത്. ഒന്നിൽ കൂടുതൽ തൊഴിൽ ഉടമകളുടെ പക്കൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവരിൽനിന്നും ലഭിച്ച വരുമാനം രേഖപ്പെടുത്തണം. വീട്ടുവാടകയിനത്തിൽ വരുമാനമുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ.
[BLURB#2-VL]വീട്ടുകരം നൽകിയത്, വായ്പയെടുത്ത് വീടുവച്ചതിന്റെ പലിശ നൽകിയത് തുടങ്ങിയവ രേഖപ്പെടുത്തണം. വീട് സ്വന്തം ഉപയോഗത്തിലാണോ, വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ തുടങ്ങിയവ രേഖപ്പെടുത്തണം. മറ്റു വരുമാനമുണ്ടെങ്കിൽ അതു രേഖപ്പെടുത്തണം. മുകളിൽ പറഞ്ഞ വരുമാനങ്ങൾ എല്ലാം കൂട്ടിയെഴുതുക. നഷ്ടമാണെങ്കിൽ ഇടതുവശത്ത് ബ്രാക്കറ്റിൽ 'നെഗറ്റീവ് സൈൻ' നൽകുക. നഷ്ടം കാരിഫോർവേഡ് ചെയ്യുന്നുണ്ടെങ്കിൽ ഐ.ടി.ആർ.1 ഉപയോഗിക്കാൻ സാധിക്കില്ല. ഐ.ടി.ആർ.2 ഉപയോഗിക്കണം.
നികുതി കിഴിവുകൾ ഏതെന്ന് ഓർമ്മിക്കുക
ആദായ നികുതി നിയമത്തിലെ 80 സി, 80 സി.സി.സി., 80 സി.സി.ഡി. സബ് സെക്ഷൻ1 എന്നിവ (ഇൻഷുറൻസ്, പി.എഫ്., നിക്ഷേപം, ട്യൂഷൻ ഫീസ്, ഭവനവായ്പ തിരിച്ചടവ് തുടങ്ങിയവ ഇതിൽ വരുന്നു). പരമാവധി 1.50 ലക്ഷം രൂപ വരെ. ആദായ നികുതി നിയമത്തിലെ '80 ഡി' വകുപ്പിൽ ലഭിക്കുന്ന ഇളവുകൾ. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഹെൽത്ത് ചെക്ക് അപ്പ് തുടങ്ങിയവ ഇതിൽ വരുന്നു.
അച്ഛനും അമ്മയും കുട്ടികളുമുൾപ്പെടുന്ന കുടുംബത്തിന് 25,000 രൂപ. മാതാപിതാക്കൾക്ക് 25,000 രൂപ. മുതിർന്ന പൗരന്മാർക്ക് 30,000 രൂപ. ആദായ നികുതി നിയമത്തിലെ '80 ജി' വകുപ്പിൽ ലഭിക്കുന്ന ഇളവുകൾ (ചില സ്ഥാപനങ്ങൾ, ഫണ്ടുകൾ തുടങ്ങിയവയ്ക്കുള്ള സംഭാവനകൾ). ആദായ നികുതി നിയമത്തിലെ '80 ടി.ടി.എ.' വകുപ്പിൽ ലഭിക്കുന്ന ഇളവുകൾ (സേവിങ്സ് ഡെപ്പോസിറ്റിന്റെ പലിശ. പരമാവധി 10,000 രൂപ കിഴിവ് ചെയ്യാം).
നികുതി കണക്കാക്കുന്നത് ഇങ്ങനെ
വയസിനേയും പ്രായത്തേയും അടിസ്ഥാനമാക്കി നാലു പ്രധാന പട്ടികയായാണ് നികുതി അടയ്ക്കേണ്ടവരെ കണക്കാക്കുന്നത്.
എ). 60 വയസ്സിൽ താഴെ
1. 2.5 ലക്ഷം രൂപ വരെ: നികുതിയില്ല.
2. 2,50,0015 ലക്ഷം രൂപ: രണ്ടര ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 5 ശതമാനം നികുതിയും 3 ശതമാനം സെസും.
3. 5,00,00110 ലക്ഷം രൂപ: 12,500 രൂപ + 5,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്റെ 20% + 3% സെസ്.
4. 10 ലക്ഷം രൂപയ്ക്കു മുകളിൽ: 1,12,500 രൂപ + 10,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്റെ 30% + 3% സെസ്.
ബി). 60-80 വയസ്സ്
1. മൂന്നു ലക്ഷം രൂപ വരെ: നികുതിയില്ല.
2. 3,00,0015 ലക്ഷം രൂപ: മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 5 ശതമാനം നികുതിയും 3 ശതമാനം സെസും.
3. 5,00,00110 ലക്ഷം രൂപ: 10,000 രൂപ+5,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്റെ 20% + 3% സെസ്.
4. 10 ലക്ഷം രൂപയ്ക്കു മുകളിൽ: 1,10,000 രൂപ+ 10,00,000 രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്റെ 30% + 3% സെസ്.
സി). 80 വയസ്സിനു മുകളിൽ
1. അഞ്ചു ലക്ഷം രൂപ വരെ: നികുതിയില്ല.
2. 5,00,001 10ലക്ഷം രൂപ: അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 20 ശതമാനം നികുതിയും 3 ശതമാനം സെസും.
3. 10 ലക്ഷം രൂപയ്ക്കു മുകളിൽ: 1,00,000 രൂപ + 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന്റെ 30% + 3% സെസ്.
വൈകിയാൽ പിഴയടയ്ക്കണമെന്നതും മറക്കല്ലേ
നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നികുതിദായകൻ പിഴ നൽകണം. പിഴയോടു കൂടി മാത്രമേ പിന്നീട് റിട്ടേൺ സമർപ്പിക്കാനാവൂ.2018 ഡിസംബർ 31 വരെയുള്ള കാലതാമസത്തിന്: 5000 രൂപ. 2018 ഡിസംബറിനു ശേഷം 2019 മാർച്ച് 31 വരെയുള്ള കാലതാമസത്തിന്: 10,000 രൂപ. മൊത്തം വരുമാനം 5 ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ പിഴയായി 1,000 രൂപ നൽകിയാൽ മതിയാകും.
മറുനാടൻ മലയാളി സബ് എഡിറ്റർ.