- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് നിയന്ത്രണങ്ങള്‍ ചൈനയുടെ താത്പര്യങ്ങള്‍ക്ക് എതിരാവുന്നു; മറികടക്കാന്‍ എച്ച് എസ് ബി സിയെ രണ്ടാക്കും; ചൈനയ്ക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമായി പുതിയ എച്ച് എസ് ബി സി വരുമ്പോള്‍ പാശ്ചാത്യ നിയന്ത്രണങ്ങള്‍ നടക്കില്ല
ലണ്ടന്‍: ബാങ്കിന്റെ ഘടന അടിമുടി മാറ്റുന്ന തരത്തില്‍ അതിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്നതിനുള്ള പദ്ധതി എച്ച് എസ് ബി സി വെളിപ്പെടുത്തി. ചൈനയിലേയും ഹോങ്കോംഗിലെയും പ്രവര്‍ത്തനങ്ങള്‍ ഏറെ ആഴത്തില്‍ പരിശോധിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഇതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് ബാങ്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കപ്പെട്ട ജോര്‍ജ് എലെഡെറി പറയുന്നത് ബാങ്കിന്റെ ഭൂമിശാസ്ത്രപരമായ ഭരണ നിര്‍വഹണ ഘടന കൂടുതല്‍ ലളിതവത്ക്കരിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം എന്നാണ്.
പുതിയ പദ്ധതി അനുസരിച്ച് ബാങ്കിന്റെ കിഴക്കന്‍ മേഖല, ഏഷ്യാ- പസിഫിക്, മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാശ്ചാത്യ മേഖല യു. കെ യൂറോപ്യന്‍ ഭൂഖണ്ഡം, അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ ജൂലായില്‍ നിയമിക്കപ്പെട്ട, ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എലെഡെറി നടപ്പിലാക്കുന്ന ആദ്യത്തെ സുപ്രധാന പരിഷ്‌കാരമാണിത്. അതിനു പുറമെ, നിലവില്‍ റിസ്‌ക് ആന്‍ഡ് കംപ്ലയന്‍സ് ചീഫ് ഓഫീസര്‍ ആയ പാം കൗറിനെ ബാങ്കിന്റെ ഫിനാന്‍സ് ചീഫ് ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ 159 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത ഫിനാന്‍സ് ചീഫ് ആകുന്നത്.
യു കെ - ചൈന ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എം പിമാര്‍ ഈ പുതിയ സംഭവ വികാസങ്ങളെ പറ്റി പറയുന്നത് പുതിയ പദ്ധതി നടപ്പില്‍ വരുന്നതോടെ എച്ച് എസ് ബി സിയുടെ അധികാര കേന്ദ്രം ബ്രിട്ടനില്‍ നിന്നും പുറത്ത് പോകുമെന്നാണ്. ഇത് ബാങ്കിന്റെ പൂര്‍വ്വ മേഖല പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള സാധ്യത ഇല്ലാതെയാക്കും. നേരത്തെ, ഹോങ്കോംഗില്‍ ജനാധിപത്യത്തിനായി പ്രചാരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ എച്ച് എസ് ബി സിക്കെതിരെ അന്വേഷണം നടന്നിരുന്നു. അപ്പോള്‍ തന്നെ ബാങ്കിന്റെ ഏഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി മാറ്റണമെന്ന് ബാങ്കിലെ ഏറ്റവും വലിയ നിക്ഷേപകനായ പിംഗ് ആന്‍ ആവശ്യപ്പെട്ടിരുന്നു.
ലളിതവത്കരണത്തിന്റെ പേരിലാണ് എച്ച് എസ് ബി സി ഇത് ചെയ്യുന്നതെങ്കിലും, ഏഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ പിംഗ് ആനിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇത് എന്നത് പകല്‍ പോലെ വ്യക്തം എന്നാണ് എം പിയും വിദേശകാര്യ ഷാഡോ മന്ത്രിയുമായ അലീഷിയ കേന്‍സ് പറയുന്നത്. യു കെയുടെ നിയന്ത്രണങ്ങളില്‍ നിന്നും വലിയൊരു പരിധിവരെ സ്വാതന്ത്ര്യം നേടാന്‍ ഇത് സഹായിക്കും എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ഹോങ്കോംഗിലെ ജനാധിപത്യവാദികളുടെ പ്രമുഖ നേതാവായ ടെഡ് ഹുയിയും കുടുംബവും 2021 ല്‍ ബ്രിട്ടനിലേക്ക് വന്നതിന് പുറകെ അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ഈ നീക്കം ലളിതവത്ക്കരണമല്ല, മറിച്ച് പരിശോധനകളില്‍ നിന്നും രക്ഷനേടുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകും എന്നും അവര്‍ പറയുന്നു.
നേരത്തെ എച്ച് എസ് ബി സി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനെതിരെ കടുത്ത ഭാഷയില്‍ ശബ്ദമുയര്‍ത്തിയ, ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് ഓണ്‍ ചൈനയുടെ സഹ ചെയര്‍മാന്‍ ആയ സര്‍ ഇയാന്‍ ഡന്‍കന്‍ സ്മിത്തും ബാങ്കിന്റെ ഈ നീക്കത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാരില്‍ നിന്നുള്ള നിയമവിരുദ്ധമായ ഉത്തരവുകള്‍ അനുസരിക്കുകയില്ല എന്ന ഉറപ്പ് ലഭിക്കാത്തിടത്തോളം കാലം ഈ ആശങ്ക നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ - പൂര്‍വ്വ മേഖലകളായി വിഭജിച്ചതിന് ശേഷമുള്ള ഭരണ നിര്‍വഹണം ഏത് വിധത്തില്‍ ആയിരിക്കും എന്നതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല .
എന്നിരുന്നാലും ബാങ്ക് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നത് പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അഥോറിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. മാത്രമല്ല, എലെഡെറിയും പാം കൗറും ലണ്ടന്‍ ആസ്ഥാനമായി തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും. ബാങ്കിന്റെ പൂര്‍വ്വ മേഖലയില്‍ ചൈനയ്ക്കും ഹോങ്കോംഗിനും പുറമെ ഇന്ത്യ, സിംഗപ്പൂര്‍, മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ എന്നിവയും ഉള്‍പ്പെടും.ഭൂമിശാസ്ത്രപരമായ വിഘടനത്തിന് പുറമെ ഹോങ്കോംഗ്, യു. കെ, കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ്, ഇന്റര്‍നാഷണല്‍ വെല്‍ത്ത് ആന്‍ഡ് പ്രീമിയര്‍ ബാങ്കിംഗ് എന്നീ നാല് വ്യക്തമായ ബിസിനസ്സ് ലൈനുകളായും ബാങ്കിനെ പുനസംഘടിപ്പിക്കും.