ഡൽഹി: ആഗോളതലത്തിൽ പ്രതിസന്ധി നേരിടുന്ന ഫിന്നിഷ് ടെക് ഭീമൻമാരായ നോക്കിയ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുള്ള 14,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആകെ ജീവനക്കാരുടെ 20 ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 74,000 ജീവനക്കാരുള്ള കമ്പനിയിൽ 17,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഒരുകാലത്ത് മൊബൈൽ വിപണി അടക്കിവാണിരുന്ന നോക്കിയയ്ക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ തിരിച്ചടിയാണ് നേരിടുന്നത്.

2025-ലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റവിൽപ്പനയിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ 5,000 കോടി രൂപയായിരുന്ന വിൽപന 4,290 കോടി രൂപയിലേക്കാണ് താഴ്ന്നത്. കമ്പനിയിലെ പ്രതിസന്ധികൾക്കിടെ ഇന്ത്യയിലെ നേതൃത്വത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തരുൺ ഛബ്ര രാജിവെച്ചതിനെത്തുടർന്ന് ഏപ്രിൽ ഒന്നു മുതൽ സമർ മിത്തൽ ഇന്ത്യ കൺട്രി ബിസിനസ് ലീഡറായും വിഭ മെഹ്റ ഇന്ത്യ കൺട്രി മാനേജറായും ചുമതലയേൽക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നോക്കിയ ജീവനക്കാരുടെ എണ്ണം കുറച്ചുവരികയാണ്. 2018-ൽ 1.03 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ നിലവിൽ അത് 74,000 ആയി ചുരുങ്ങി. യൂറോപ്പിലെ ജർമനി, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും ഏകദേശം 1,400 ജോലികൾ വെട്ടിക്കുറയ്ക്കാനാണ് നീക്കം. ടെക് ലോകത്ത് നേരത്തെ ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും വൻതോതിൽ പിരിച്ചുവിടൽ നടത്തിയിരുന്നു. മെറ്റയും സമാനമായ നീക്കത്തിന് ഒരുങ്ങുന്നതായാണ് സൂചന. നോക്കിയയുടെ പ്രധാന എതിരാളികളായ എറിക്സണും കഴിഞ്ഞ വർഷം 5,000 ജീവനക്കാരെ ഒഴിവാക്കിയിരുന്നു.