കോട്ടയം: സംസ്ഥാനത്ത് സവാളയ്ക്ക് പിന്നാലെ വെളുത്തുള്ളി വിലയും കുതിച്ചുകയറുന്നു. ഇതോടെ അടുക്കളയിൽ ഇനി വെളുത്തുള്ളി വേകാൻ കുറച്ച് പാടുപെടും. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വെളുത്തുള്ളിയുടെ വില.

രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്.

രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് ഉണ്ടായ മഴയും പിന്നീട് ചൂട് വർധിച്ചതുമാണ് ഉത്പാദനം കുറയാനുള്ള കാരണം.