മുംബൈ: റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപ്പന 2026 ആദ്യ പകുതിയോടെ വിപണിയിലെത്തുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആവശ്യമായ അനുമതികൾ ലഭിച്ചാൽ ഈ കാലയളവിനുള്ളിൽ ജിയോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും അംബാനി വ്യക്തമാക്കി.

നിലവിൽ 50 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോ, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിയോയുടെ കടന്നുവരവ് രാജ്യത്തെ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കാനും താങ്ങാനാവുന്ന വിലയിൽ മൊബൈൽ സേവനങ്ങൾ ലഭ്യമാക്കാനും സഹായിച്ചതായി അംബാനി ചൂണ്ടിക്കാട്ടി. സൗജന്യ വോയിസ് കോളുകൾ, താങ്ങാനാവുന്ന ഡാറ്റ എന്നിവയിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുവരാൻ ജിയോക്ക് കഴിഞ്ഞു.

ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും ജിയോയുടേത് എന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 52,000 കോടി രൂപയുടെ ഓഹരികളാണ് ജിയോ വിറ്റഴിക്കുക എന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ വർഷം നടന്ന ഹ്യുണ്ടായ് ഇന്ത്യയുടെ IPOയെ മറികടക്കുന്ന റെക്കോർഡായിരിക്കും.

2020 ൽ ജിയോയിൽ നിക്ഷേപം നടത്തിയ മെറ്റ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമർക്ക് ഈ IPO വഴി ഓഹരികൾ വിറ്റഴിക്കാൻ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2025 സാമ്പത്തിക വർഷത്തിൽ 1.28 ലക്ഷം കോടി രൂപയാണ് ജിയോയുടെ വരുമാനം. പ്രഖ്യാപനം വന്നിട്ടും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ നേരിയ നഷ്ടം രേഖപ്പെടുത്തി. ജിയോയുടെ ഈ നീക്കം ഇന്ത്യൻ ടെലികോം മേഖലയിലും നിക്ഷേപകർക്കിടയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.