മുംബൈ: സ്വര്‍ണത്തിനൊപ്പം വെള്ളിയിലും 'പൊള്ളുന്ന' വിലക്കയറ്റം. ചരിത്രത്തിലാദ്യമായി ആഭ്യന്തര വിപണിയില്‍ വെള്ളിവില കിലോഗ്രാമിന് നാല് ലക്ഷം രൂപ കടന്നു. വ്യാഴാഴ്ച മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ വെള്ളി വില 5.73 ശതമാനം വര്‍ധിച്ച് 4,07,456 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വെള്ളിക്കൊപ്പം സ്വര്‍ണവും റെക്കോര്‍ഡ് വേഗത്തിലാണ് മുന്നേറുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന് 1.8 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ശക്തമായ നിക്ഷേപക ആവശ്യം,അന്താരാഷ്ട്ര വിപണിയിലെ റെക്കോര്‍ഡ് നേട്ടങ്ങള്‍, കൂടാതെ വ്യവസായ ആവശ്യകതയിലെ വര്‍ധന എന്നിവയാണ് വെള്ളിയുടെ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ല്‍ മാര്‍ച്ച് ഡെലിവറിയ്ക്കുള്ള വെള്ളി ഫ്യൂച്ചേഴ്‌സ് വില 22,090രൂപ ഉയര്‍ന്നു. 5.73ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ കിലോഗ്രാമിന് 4,07,456എന്ന സര്‍വകാല റെക്കോര്‍ഡ് നിലയില്‍ എത്തി നില്‍ക്കുന്നു. ആഭ്യന്തര വിപണിയില്‍ വെള്ളി ആദ്യമായാണ് നാല് ലക്ഷം എന്ന പ്രതീക്ഷിത പരിധി മറികടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും വെള്ളി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.കോമെക്‌സില്‍ (ഇീാലഃ)വെള്ളി ഫ്യൂച്ചേഴ്‌സ് ഔണ്‍സിന് 119.51യുഎസ് ഡോളര്‍ എന്ന പുതിയ റെക്കോര്‍ഡ് നിലവാരത്തിലെത്തി. വ്യവസായ മേഖലകളില്‍, പ്രത്യേകിച്ച് സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ശക്തമായ ആവശ്യകതയാണ് വെള്ളിയുടെ വില ഉയരാന്‍ സഹായിച്ചതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

വിദേശ വിപണിയില്‍ യുഎസ് ഡോളറിന്റെ ദൗര്‍ബല്യവും വെള്ളിക്ക് അധിക പിന്തുണ നല്‍കി.ഡോളര്‍ ദുര്‍ബലമാകുമ്പോള്‍,ബുള്ളിയന്‍ ലോഹങ്ങളില്‍ നിക്ഷേപം കൂടുതല്‍ ആകര്‍ഷകമാകുന്നത് പതിവാണ്.ഇതിന്റെ പ്രയോജനം വെള്ളി പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പറഞ്ഞു.