ന്യൂഡൽഹി: രാജ്യത്തെ ബിയർ വ്യവസായം അലുമിനിയം ക്യാനുകളുടെ ലഭ്യതക്കുറവ് കാരണം കനത്ത പ്രതിസന്ധിയിലേക്ക്. നിലവിലെ സാഹചര്യം തുടർന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏകദേശം 1300 കോടി രൂപയുടെ നികുതി വരുമാന നഷ്ടം സംഭവിക്കുമെന്ന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബ്രൂവേഴ്‌സ് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.

2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ നിയമമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അലുമിനിയം ക്യാനുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിയമം, ആഭ്യന്തര ഉത്പാദനത്തെയും ഇറക്കുമതിയെയും ഒരുപോലെ തടസ്സപ്പെടുത്തി. ഇറക്കുമതിക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയതിനാൽ വിദേശത്തുനിന്ന് ക്യാനുകൾ എത്തിക്കാനുള്ള നടപടികൾക്ക് മാസങ്ങൾ എടുക്കും.

ഈ പ്രതിസന്ധി ഉടനടി പരിഹരിച്ചില്ലെങ്കിൽ രാജ്യത്തെ 55 ബ്രൂവറികളിലും ഉത്പാദനം താളം തെറ്റാൻ സാധ്യതയുണ്ട്. നിലവിൽ ക്യാൻ നിർമാണ കമ്പനികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചിട്ടും ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല. ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ 6 മുതൽ 12 മാസം വരെ സമയം ആവശ്യമാണ്. ഇന്ത്യയിലെ മൊത്തം ബിയർ വിൽപനയുടെ ഏകദേശം 20% വരുന്ന 500 മില്ലിലിറ്റർ അലുമിനിയം ക്യാനുകൾക്ക് പ്രതിവർഷം 12-13 കോടി യൂണിറ്റിന്റെ കുറവുണ്ടാകുമെന്നാണ് ബ്രൂവേഴ്‌സ് അസോസിയേഷന്റെ കണക്കുകൂട്ടൽ.

പാക്കേജിംഗ് വസ്തുക്കളുടെ ക്ഷാമം കാരണം ഉത്പാദനം തടസ്സപ്പെട്ടാൽ നിരവധി ബ്രൂവറികൾക്ക് പ്രവർത്തനം നിർത്തിവെക്കേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന ക്യാനുകൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കുന്ന നിയമം 2026 ഏപ്രിൽ 1 വരെ മാറ്റിവെക്കണമെന്ന് നിർമാതാക്കൾ ആവശ്യമുയർത്തിയിട്ടുണ്ട്. 55-ൽ അധികം ബ്രൂവറികളിലായി 27,000-ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന ഈ വ്യവസായം, കാർഷിക മേഖല, പാക്കേജിംഗ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ തുടങ്ങിയ അനുബന്ധ മേഖലകളെയും സാരമായി ബാധിക്കുന്നുണ്ട്.