ഡൽഹി: പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതൽ വില വർധിക്കും. പുകവലിക്കാർക്ക് വലിയ സാമ്പത്തിക ഭാരമാകുന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ച്, പുതിയ എക്സൈസ് തീരുവയും സെസും നിലവിൽ വരുന്നതോടെയാണ് ഉത്പന്നങ്ങൾക്ക് വില കൂടുന്നത്.

നിലവിലുള്ള ജിഎസ്ടി കോംപൻസേഷൻ സെസിന് പകരമായി വരുന്ന പുതിയ തീരുവ, ജിഎസ്ടി നിരക്കുകൾക്ക് പുറമെയാണ് ചുമത്തുക. ഫെബ്രുവരി ഒന്ന് മുതൽ പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾക്ക് 40 ശതമാനം ജിഎസ്ടിയും ബീഡിക്ക് 18 ശതമാനം ജിഎസ്ടിയുമാണ് ഏർപ്പെടുത്തുക.

സിഗരറ്റിന്റെ ബ്രാൻഡിന് പകരം നീളമനുസരിച്ചാണ് എക്സൈസ് തീരുവയിൽ മാറ്റം വരിക. ആയിരം സിഗരറ്റുകൾക്ക് 2050 രൂപ മുതൽ 8500 രൂപ വരെയാകും ഇനി എക്സൈസ് തീരുവ. സിഗരറ്റിന്റെ നീളം അനുസരിച്ച് ഒന്നിന് വർധിക്കുന്ന വില ചുവടെ ചേർക്കുന്നു:

* 65 മില്ലി മീറ്റർ വരെ നീളമുള്ള ഫിൽറ്ററില്ലാത്ത സിഗരറ്റുകൾക്ക്: 2.05 രൂപ വരെ

* 66 മില്ലി മീറ്റർ നീളമുള്ള ഫിൽറ്റർ സിഗരറ്റുകൾക്ക്: 2.10 രൂപ വരെ

* 65-70 മില്ലി മീറ്റർ നീളമുള്ള സിഗരറ്റുകൾക്ക്: 3.6 രൂപ മുതൽ 4 രൂപ വരെ

* 70-75 മില്ലി മീറ്റർ നീളമുള്ള സിഗരറ്റുകൾക്ക്: 5.4 രൂപ വരെ

ഫെബ്രുവരി ഒന്നിന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ, പുകയില ഉത്പന്നങ്ങൾക്ക് വില ഗണ്യമായി വർധിക്കുകയും പുകവലിക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.