- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി; കടമെടുക്കാവുന്ന തുക കൊണ്ട് ഈ സാമ്പത്തിക വർഷം തികയ്ക്കുക അസാധ്യം; അടുത്ത മാസം ശമ്പളം നൽകി കഴിഞ്ഞാൽ വീണ്ടും ഖജനാവ് കാലിയാകും; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മുന്നിലുള്ളത് കടുത്ത പ്രതിസന്ധി; ഓണച്ചെലവുകൾക്കും പണമുണ്ടാകില്ലേ? ധനവകുപ്പ് തലപുകയ്ക്കുമ്പോൾ
തിരുവനന്തപുരം: സാമ്പത്തിക പ്രതസന്ധിയെ എങ്ങനെ മറികടക്കുമെന്ന് സംസ്ഥാന സർക്കാരിന് ഒരു പിടിയുമില്ല. തൽകാലം പിടിച്ചു നിൽക്കാൻ സംസ്ഥാന സർക്കാർ 2000 കോടി രൂപകൂടി കടമെടുക്കുന്നു. ഇതോടെ ഈ സാമ്പത്തികവർഷം ആകെ കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി രൂപയാണ്. എല്ലാ മാസവും കുറഞ്ഞത് 2000 കോടി കടമെടുക്കേണ്ട അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ബാക്കി കടമെടുക്കാവുന്ന തുക കൊണ്ട് ഈ സാമ്പത്തിക വർഷം തികയ്ക്കുക അസാധ്യമാണ്. ഓണക്കാല ചെലവുകൾ നടത്താനായാലും അടുത്ത മാസങ്ങളിൽ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.
സാമ്പത്തികവർഷത്തിന്റെ ആദ്യനാലു മാസങ്ങളിൽ 16,000 കോടിയാണ് സർക്കാരിന് എടുക്കേണ്ടിവന്നത്. ജൂലായിൽ മാത്രം 7500 കോടിയുടെ കടപ്പത്രങ്ങൾ പുറപ്പെടുവിക്കേണ്ടിവന്നു. ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ എണ്ണായിരം കോടിരൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഇപ്പോൾ ഇറക്കുന്ന രണ്ടായിരം കോടിയുടെ കടപ്പത്രങ്ങളുടെ ലേലം ഓഗസ്റ്റ് ഒന്നിനാണ്. ഒന്ന് മുതൽ ശമ്പളവും പെൻഷനും നൽകിത്തുടങ്ങണം. ഇതുകഴിഞ്ഞ് ക്ഷേമപെൻഷൻ, ബോണസ്, സർക്കാർ ജീവനക്കാർക്കുള്ള അഡ്വാൻസ്, മുടങ്ങിയ ക്ഷേമപദ്ധതികൾക്കുള്ള പണം, സപ്ലൈകോ, കെ.എസ്.ആർ.ടി.സി. എന്നിവയ്ക്ക് നൽകേണ്ട സഹായം കണ്ടെത്തണം.
ഗുരുതര സാമ്പത്തികപ്രതിസന്ധി മൂലം ഇക്കുറി സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ധനവകുപ്പ് ആലോചിക്കുന്നുവെന്നതാണ് വസ്തുത. ഏകദേശം 8000 കോടിയാണ് ഓണച്ചെലവുകൾക്കു വേണ്ടിവരിക. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തു നൽകിയിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ പോലും പ്രതിസന്ധി മറികടക്കാൻ കഴിയില്ല. ശമ്പളത്തിന് 3400 കോടിയും പെൻഷന് 2100 കോടിയും ക്ഷേമ പെൻഷന് (2 മാസം) 1700 കോടിയും വേണം. ഇതിനൊപ്പം ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയ്ക്ക് 600 കോടിയും വേണം. കെഎസ്ആർടിസിക്ക് 70 കോടി നൽകണം. അങ്ങനെ ആകെ 7870 കോടിയാണ് സർക്കാരിന് വേണ്ടത്. കേന്ദ്ര സർക്കാർ കനിഞ്ഞാൽ പോലും ഈ തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കണം. ഇതെല്ലാം മനസ്സിലാക്കിയാണ് അഡ്വാൻസ് നൽകൽ വേണ്ടെന്ന് വയ്ക്കുന്നത്.
സംസ്ഥാനത്തിനകത്തുനിന്ന് ആവശ്യത്തിന് വരുമാനമുണ്ടായാലേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ. അല്ലാത്ത പക്ഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിക്കണം. കേന്ദ്രം ഒരു ശതമാനം വായ്പകൂടി അനുവദിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം ആലോചിക്കുന്നില്ലെന്നാണ് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചത്. ഇതും പ്രതിസന്ധിയായി തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വീണ്ടും സംസ്ഥാന-കേന്ദ്ര സർക്കാർ പോര് ശക്തമാണെന്നതിന്റെ സൂചനയാണ് ഇത്.
2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചതാണ് ഇതിന് കാരണം. കേരളത്തിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദ്ദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല. ഏതെങ്കിലും ഇളവുകൾ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സഹായവും അധികവായ്പയും ആവശ്യപ്പെട്ട് ജൂലായ് 12-ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെക്കണ്ട് കത്തുനൽകിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നിർമലാ സീതാരാമന് നൽകിയ കത്തിന്റെ ഉള്ളടക്കവും കൂടിക്കാഴ്ചയുടെ വിവരങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാഹചര്യങ്ങൾ അതിൽ വിശദമായി വ്യക്തമാക്കിയിരുന്നു. പാർലമെന്റിലെ മറുപടി ഏതു സാഹചര്യത്തിലാണെന്നറിയില്ല. മുൻവർഷത്തെക്കാൾ സാമ്പത്തികഞെരുക്കമാണ് കേരളം ഈവർഷം പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ