കൊച്ചി: ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി. രാജ്യാന്തര വിലയില്‍ ഒറ്റരാത്രികൊണ്ട് വലിയ മുന്നേറ്റം ഉണ്ടായതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്. പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്. ഗ്രാമിന് 1080 രൂപ കൂടി 16,395 ആയി.

ഇന്നലെ രാവിലെയാണ് കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 15,000 രൂപ കടന്നത്. തൊട്ടടുത്ത ദിവസം 16,000 രൂപയിലെത്തി. ചൊവ്വാഴ്ച ഗ്രാമിന് 14845 രൂപയിലായിരുന്നു സ്വര്‍ണ വില. ഇന്നലെ രാവിലെ 295 രൂപ വര്‍ധിച്ച് 15140 രൂപയിലെത്തി. ഉച്ചയ്ക്ക് 175 രൂപ വര്‍ധിച്ച് 15,315 രൂപയായി. ഈ വിലയിലാണ് ഇന്ന് 1080 രൂപയുടെ വര്‍ധനവുണ്ടായത്. രണ്ടു ദിവസത്തിനിടെ 1,550 രൂപ ഗ്രാമിന് വര്‍ധിച്ചു. പവന് 12,400 രൂപയുടെ വര്‍ധന.

രാജ്യാന്തര സ്വര്‍ണ വില കുത്തനെ വര്‍ധിച്ചതാണ് ഈ വിലകയറ്റത്തിന് കാരണം. തിങ്കളാഴ്ച ട്രോയ് ഔണ്‍സിന് 5,000 ഡോളര്‍ മറികടന്ന സ്വര്‍ണ വില ഇന്ന് എത്തി നില്‍ക്കുന്നത് 5,591.61 എന്ന സര്‍വകാല ഉയരത്തില്‍. ഇന്നലെ വൈകീട്ട് കേരളത്തില്‍ അവസാനമായി വില വര്‍ധിപ്പിച്ച സമയത്ത് 5290 ഡോളറിലായിരുന്നു. ഇവിടെ നിന്നാണ് കുത്തനെയുള്ള വര്‍ധനവ്. നിലവില്‍ 5534 ഡോളറിലാണ് രാജ്യാന്തര വില.

യു.എസ് ഇറാന്‍ സംഘര്‍ഷ സാധ്യത മൂര്‍ച്ഛിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍ഡ് ഉയര്‍ന്നതും ഡോളര്‍ വില ഇടിയുന്നതും സ്വര്‍ണത്തിന് ഊര്‍ജമായി. യു.എസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതുപോലെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെഡ് യോഗശേഷം ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന പണപ്പെരുപ്പ ഭീഷണിയെ സൂചിപ്പിക്കുന്നതാണ്. ഇതും സ്വര്‍ണത്തിന് നേട്ടമായി.

ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായി. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണ്ണവില വര്‍ധിക്കുന്ന പ്രവണതയാണിവിടെ പ്രതിഫലിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കി. ഭാവിയില്‍ ഡോളറിന്റെ മൂല്യം കുറച്ചു നിര്‍ത്താന്‍ വൈറ്റ് ഹൗസിനുള്ളില്‍ ധാരണയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത് ഡോളര്‍ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറല്‍ റിസര്‍വ് മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ചു.

യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ താഴ്ന്നനിലയിലെത്തി.തൊഴില്‍ വിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വിലനിലവാരവുമാണ് ഇതിന് കാരണമായത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിക്ഷേപകരെ കൂടുതല്‍ സുരക്ഷിതമായ ആസ്തികളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു.

കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വര്‍ണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാണ് വിലയിരുത്തല്‍. 2026-ഓടെ സ്വര്‍ണ്ണവില ഔണ്‍സിന് 6,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഡോയ്‌ചെ ബാങ്ക് പ്രവചിക്കുന്നു. ഡോളറിന്റെ മൂല്യത്തകര്‍ച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്നിടത്തോളം സ്വര്‍ണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള സ്വീകാര്യത വര്‍ധിക്കുന്നതിനാല്‍ സമീപകാലയളവില്‍ വില ഇനിയും ഉയര്‍ന്നേക്കാം.