- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വര്‍ഷത്തിനിടെ പൂട്ടിയത് ആയിരത്തോളം ചെറുകിട സ്ഥാപനങ്ങള്‍; ഗുരുവായൂരില്‍ മാത്രം അടച്ചുപൂട്ടിയത് 37 ഹോട്ടലുകള്‍; നിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിസന്ധി; ദേശീയപാതയിലെമ്പാടും ഷട്ടറിട്ട് സ്ഥാപനങ്ങളുടെ നീണ്ട നിര; ഇന്ത്യ കുതിക്കുമ്പോള്‍ കേരളം പിന്നോട്ടോ?
ഒരു വര്‍ഷത്തിനിടെ പൂട്ടിയത് ആയിരത്തോളം ചെറുകിട സ്ഥാപനങ്ങള്‍
കോഴിക്കോട്: കോര്‍പ്പറേറ്റുകളെയും, വന്‍കിട വ്യാപരികളെയും സംബന്ധിച്ച് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കടന്നുപോകുന്നത്. പക്ഷേ ചെറുകിട വ്യാപാരികള്‍ക്കം, സംരംഭകര്‍ക്കും തിരിച്ചടികളുടെ വര്‍ഷമായിരുന്നു 2024. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ, വ്യാപാര മേഖലകളിലെല്ലാം, മാന്ദ്യമാണ് ഉണ്ടായതെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ ഹോട്ടലുകളും, ചെറുകിട സ്ഥാപനങ്ങളും പൂട്ടിപ്പോയെന്നാണ് കണക്ക്.
അതുപോലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വലിയ പ്രതിസന്ധിയാണ് ഉള്ളത്. വില്‍ക്കാന്‍ ഒരുപാട് പേര്‍ ഉണ്ടെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. നിര്‍മ്മാണ മേഖലയിലും പ്രതിസന്ധിയുണ്ട്. മൂന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്്. ബംഗാള്‍- ബീഹാര്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും, കേരളത്തിന്റെ പ്രാദേശിക വിപണിയെയും ബാധിച്ചിട്ടുണ്ട്. ലോട്ടറി, ഹോട്ടല്‍, കൂള്‍ബാര്‍, മൊബൈല്‍ റീചാര്‍ജ്, ഓട്ടോറിക്ഷ, പിക്കപ്പ്, തുടങ്ങിയ സകലമേഖലകളിലും മാന്ദ്യം കടന്നുവരികയാണ്. നാട്ടിന്‍പുറങ്ങങ്ങളിലെ ഹോട്ടലുകളില്‍ പലതിനും പുട്ടുവീണു. ദേശീയപാതയിലുടെ സഞ്ചരിച്ചാല്‍ ഷട്ടറിട്ട് കിടക്കുന്ന ഒരുപാട് സ്ഥാപനങ്ങളെ കാണാം.
പൂട്ടിയത് ആയിരത്തോളം സ്ഥാപനങ്ങള്‍
2024-ല്‍ കേരളത്തില്‍ ആയിരത്തോളം ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോയെന്നാണ് കണക്ക്. പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലവര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും ഹോട്ടല്‍ മേഖലക്ക് താങ്ങാനാകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ പാമോയിലിനും ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടി. വെളിച്ചെണ്ണക്കും ഉയര്‍ന്ന വിലയാണ്. ഇതോടെ വാടകകെട്ടിടത്തിലും ചെറിയ മുറികളിലും പ്രവര്‍ത്തിക്കുന്ന സാധാരണ ഹോട്ടലുകള്‍ നഷ്ടത്തിലായി. യാതൊരു നിയന്ത്രണവുമില്ലാതെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത തട്ടുകടകളും വാഹനങ്ങളില്‍കൊണ്ടുവന്ന് വില്‍ക്കുന്ന അനധികൃത ഭക്ഷണ വ്യാപാരവും ഹോട്ടലുകളെ തകര്‍ക്കുകയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം ഹോട്ടലുകളുള്ള നഗരസഭകളില്‍ ഒന്നാണ് ഗുരുവായൂര്‍. 250 ഓളം ഹോട്ടലുകളാണ് ഇവിടെ മാത്രമുള്ളത്. ഇതില്‍ 37 ഹോട്ടലുകള്‍ അടുത്ത കാലത്തായി അടച്ചുപൂട്ടിയിരിക്കയാണ്. വ്യാപാരം മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധിക്കാതെ നട്ടംതിരിയുമ്പോഴാണ് ജി.എസ്.ടിയുടെ പേരിലുള്ള അധിക ബാധ്യതകളും വരുന്നത്. ഉയര്‍ന്ന കൂലിയും തൊഴിലാളികളെ കിട്ടാതെ വരുന്നതും മറ്റൊരു പ്രതിസന്ധിയാണ്. അതുപോലെ ബാര്‍ ഹോട്ടലുകളിലും സമാനമായ പ്രതിന്ധിയുണ്ട്. കിസ്തിലെ വര്‍ധനവും, ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഒരുപാട് വന്നതും, രാസലഹരി വ്യാപകമായതും തങ്ങള്‍ക്ക് വിനയായെന്നാണ് ഇവര്‍ പറയുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കേണ്ടതില്ല എന്ന് ഒരുപാട് ബാര്‍ ഹോട്ടലുകാര്‍ തീരുമാനിച്ചിട്ടുമുണ്ട്
വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ ഹോട്ടലുകളും, സബ്‌സിഡി ലഭ്യമാകാത്തതുമൂലം പ്രതിസന്ധിയിലാണ്. 2020ലാണ് ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്ത് തുറക്കുന്നത്. വിശന്നിരിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു നേരത്തെ ഭക്ഷണം എങ്കിലും നല്‍കണം എന്ന ആശയമാണ് പദ്ധതിക്ക് പിന്നില്‍. 1,180 ഹോട്ടലുകള്‍വഴി 4,485 വനിത ജീവനക്കാരാണ് ഇതിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. പൊതു വിതരണ വകുപ്പില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കാണ് നടത്തിപ്പ് ചുമതല. എന്നാല്‍, സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാകാതെ വന്നതോടെ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം താളം തെറ്റി. സബ്‌സിഡി തുക ഉടന്‍ ലഭ്യമാക്കും എന്നാണ് കുടുംബശ്രീ ജില്ല മിഷന്‍ ഉറപ്പ് നല്‍കിയിരുന്നത്. ഈ പ്രതീക്ഷയില്‍ ജീവനക്കാരായ വീട്ടമ്മമാര്‍ സ്വന്തം കൈയിലെ പണം വിനിയോഗിച്ചാണ് ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയിരുന്നത്.
എന്നാല്‍, സബ്‌സിഡി തുക ലഭിക്കാതെ വന്നതോടെ ഇവരും പ്രതിസന്ധിയിലായി. ഇതോടെ ഇത്തരം ഹോട്ടലുകള്‍ പലതം പൂട്ടുകയാണ്. കിലോക്ക് 60 രൂപ വിലയുള്ള അരി വാങ്ങിയാണ് അച്ചാറും തോരനും കറികളും ഉള്‍പ്പെടെ 20 രൂപ നിരക്കില്‍ ജനകീയ ഹോട്ടലുകള്‍ വഴി ഊണ് നല്‍കുന്നത്. എന്നാല്‍, ഈ 20 രൂപ നിരക്കില്‍ നല്‍കുന്ന ഊണ് ലാഭകരമല്ല എന്നും സ്പെഷ്യലായി വാങ്ങുന്ന മീന്‍ വിഭവങ്ങള്‍ കൂടി ഉണ്ടെങ്കിലേ ലാഭം കിട്ടൂവെന്നും ജീവനക്കാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിവന്നതോടെ, ആളുകള്‍ മീന്‍ വിഭവങ്ങള്‍ വാങ്ങാതായി. ഇതും ഇത്തരം ഹോട്ടലുകളുടെ ലാഭത്തെ ഇല്ലാതാക്കുന്നു.
നിര്‍മ്മാണ മേഖലയിലും പ്രതിസന്ധി
കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും വലിയ തിരിച്ചടി നേരിട്ട വര്‍ഷമാണ് കടുന്നുപോയത്. . ചെറുകിട നിര്‍മ്മാണ കമ്പനികളും, കോണ്‍ട്രാക്റ്റര്‍മാരും തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. മുമ്പ് മാസത്തില്‍ ആയിരം- രണ്ടായിരം ചാക്ക് സിമന്റ് എടുത്തിരുന്നവര്‍ ഇന്ന് 500-600 ചാക്കുപോലും വാങ്ങുന്നില്ല എന്നതാണ്. മണല്‍, മെറ്റല്‍, കല്ല്,കമ്പി, സിമന്റ് എന്നിവക്കെല്ലാം തുക കുത്തനെ വില കൂടുകയാണ്. സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 16,000 കോടി രൂപ കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. ഇതോടെ കരാറുകള്‍ പണി നിര്‍ത്തിയ മട്ടാണ്.
അതുപോലെ കേരളത്തിലെ മറ്റൊരു പ്രധാന മേഖലയായ റിയല്‍ എസ്റ്റേറ്റ് മേഖലയും പൂര്‍ണ്ണമായി തകര്‍ന്നിരിക്കയാണ്. സര്‍ക്കാര്‍ വലിയ തോതില്‍ രജിസ്ട്രേഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചതോടെ ഭൂമിക്കച്ചവടം ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ വില കിട്ടില്ല എന്ന തോന്നല്‍ വന്നതോടെ ഭൂമി വില്‍ക്കാനും ആളുകള്‍ തയ്യാറാവുന്നില്ല.വെറുതെയിരിക്കയാണ്. കാരണം എവിടെയും ഒരു ഭൂമിക്കച്ചവടവും നടക്കുന്നില്ല. സാമ്പത്തിക മാന്ദ്യ ഭീതി വന്നതോടെ ആളുകള്‍ പണം ഭൂമിയില്‍ ഇന്‍വെസ്റ്റ് ചെയ്യാനും തയ്യാറാവുന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ജിഡിപിയിലും ആഗോള വരുമാനത്തിലുമൊക്കെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2024. പക്ഷേ കേരളത്തിലേക്ക് വന്നാല്‍, ചെറുകിട മേഖലയില്‍ അതിന്റെ ഗുണം കിട്ടുന്നില്ല.