ലണ്ടന്‍: ബ്രിട്ടനില്‍ കീര്‍ സ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി ഭരിക്കാന്‍ തുടങ്ങിയതും രണ്ടു വര്ഷത്തിലേറെ പലിശ നിരക്ക് ഉയര്‍ത്തി നിര്‍ത്തി സാമ്പത്തിക സ്ഥിതി ശക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലപാട് എടുത്തതും ബ്രിട്ടീഷ് നാണയത്തിനു നല്‍കിയ കരുത്തു ചെറുതല്ലെന്നു വ്യക്തമാക്കി ഇന്ത്യന്‍ രൂപയുടെ വില 108 ലേക്ക് കൂപ്പുകുത്തി. നാണയ വിപണിയില്‍ ഇന്നലെ ഒരു ഘട്ടത്തില്‍ ഒരു പൗണ്ടിന് രൂപയുടെ വില 108.56 വരെയായി തകരുകയായിരുന്നു.

നാണയ കൈമാറ്റ വിപണിയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു പൗണ്ടിന് 106 രൂപ വരെയെങ്കിലും കിട്ടുന്ന സാഹചര്യമാണിപ്പോള്‍. യുകെയിലെ പഴയകാല മലയാളി കുടിയേറ്റക്കാര്‍ കാര്യമായി ഇപ്പോള്‍ നാട്ടിലോയ്ക്ക് പണം അയക്കുന്നില്ലെങ്കിലും അടുത്തകാലത്ത് കടം വാങ്ങിയും യുകെ വിസയ്ക്കായി ലക്ഷങ്ങള്‍ ചിലവാക്കി എത്തിയ പുതിയ കാല മലയാളി കുടിയേറ്റക്കാരെ സംബന്ധിച്ച് അപ്രതീക്ഷിത ലോട്ടറിയാണ് പൗണ്ട് നേടിയ അസാധാരണ കയറ്റം.

അതേസമയം യുകെയിലേക്ക് പഠിക്കാന്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സംബന്ധിച്ചു പൗണ്ടിന്റെ വില കയറിയത് യൂണിവേഴ്‌സിറ്റി ഫീസ് അടയ്ക്കുന്ന കാര്യത്തില്‍ വന്‍നഷ്ടത്തിനും വഴി ഒരുക്കും. ഒരാഴ്ചയ്ക്കിടെ പൗണ്ടുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് 1.36 ശതമാനം വിലത്തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അന്തരമാണ് പൗണ്ടിനും രൂപയ്ക്കും ഇടയില്‍ ഉള്ളത്. 2019 ആഗസ്റ്റില്‍ ഇതേദിവസം 86 രൂപയാണ് ഒരു പൗണ്ടിന് ലഭിച്ചിരുന്നത്. ഇപ്പോള്‍ ആ വില 108 ആയി മാറിയിരിക്കുന്നു. ഒരാഴ്ച മുന്‍പ് രൂപ യുടെ വില പൗണ്ടിനെതിരെ 106 മാത്രമായിരുന്നു. ഇത് തെളിയിക്കുന്നത് ഓരോ ദിവസവും എന്ന നിലയില്‍ വലിയ തോതില്‍ വിലയില്‍ മാറ്റം ഉണ്ടാകുന്നു എന്ന് തന്നെയാണ്.

ഈ സാഹചര്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചോദ്യം രൂപ അതിവേഗം പഴയ നിലയിലേക്ക് മടങ്ങുമോ എന്നതാണ്. അതിനു രൂപയുടെ പ്രകടനം മാത്രമല്ല കാരണമാകുന്നത് മറിച്ച് അന്താരാഷ്ട്ര നാണയ വിപണിയുടെ ചലനങ്ങള്‍ കൂടി പരിഗണിക്കണം എന്നതാണ് പ്രധാനം. എന്നാല്‍ ബ്രിട്ടനിലെ സാഹചര്യത്തില്‍ ചെറിയ തോതില്‍ ആണെങ്കില്‍ പോലും നാണയപ്പെരുപ്പം മടങ്ങി എത്തും എന്ന റിപ്പോര്‍ട്ടുകള്‍ പൗണ്ടിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചാല്‍ രൂപയുമായുള്ള വിനിമയത്തിലും അതിന്റെ പ്രതികരണങ്ങള്‍ ഉണ്ടാകും.

അതിനാല്‍ ഇപ്പോള്‍ ഉണ്ടായ വിലയിലെ അന്തരം ദീര്‍ഘ കാലത്തേക്ക് നീണ്ടുനില്‍ക്കാന്‍ സാധ്യത കുറവുമാണ്. എന്നാല്‍ ഏതാനും മാസത്തേക്ക് എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ തന്നെ തുടരാന്‍ സാധ്യതകള്‍ ഏറെയാണ് താനും. ഇന്ത്യയില്‍ ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്ന നാണയപ്പെരുപ്പവും തന്മൂലം ഭക്ഷണ വില ഉയര്‍ന്നു നില്‍ക്കുന്നതും ഒക്കെ രൂപയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന ആഭ്യന്തര കാര്യങ്ങളുമാണ്.

പൗണ്ട് കുതിക്കുന്നത് അസാധാരണ വേഗത്തില്‍, ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപകര്‍ മടിച്ചു നില്‍ക്കുന്നതും സ്വര്‍ണത്തിനു ഗ്ലോബല്‍ വിപണിയില്‍ വില കുതിക്കുന്നതും കാരണങ്ങളില്‍ ചിലത് മാത്രം

ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ ബ്രിട്ടന് മുകളില്‍ കയറി എന്നൊക്കെ വലിയ തലക്കെട്ടുകള്‍ വായിച്ചു പോയ യുകെ മലയാളികള്‍ക്ക് പൗണ്ടിന്റെ ഇപ്പോള്‍ നടക്കുന്ന ശക്തി പ്രകടനം ഏറെ അമ്പരപ്പ് സൃഷ്ടിക്കാന്‍ കാരണമാകുന്നതാണ്. എന്നാല്‍ ആഗോള സമ്പദ് ഘടനയില്‍ ഇനിയുള്ള കാലം ഒരു രാജ്യത്തിനും സ്വന്തം പെര്‍ഫോമന്‍സ് മാത്രം കൈമുതലാക്കി അന്താരാഷ്ട്ര നാണയ വിപണിയില്‍ കരുത്തു തെളിയിക്കാനാകില്ല എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഇപ്പോള്‍ പൗണ്ടും രൂപയും തമ്മില്‍ നടക്കുന്ന മല്‍പ്പിടുത്തം. മുന്‍ കാലങ്ങളില്‍ രാഷ്ട്രീയമായ കാരണങ്ങളാണ് മുഖ്യമായും സാമ്പത്തിക ചലനങ്ങളെ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ ഒട്ടേറെ കാരണങ്ങളാണ് സാമ്പത്തിക വിപണിയില്‍ സ്വാധീന ഘടകങ്ങളായി മാറുന്നത്.

ഇപ്പോള്‍ ഉണ്ടായ അസാധാരണ സാഹചര്യത്തിന് ഇന്ത്യയില്‍ അടുത്തിടെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ മങ്ങിയ പ്രകടനവും കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നതും വിദേശ നിക്ഷേപകരെ മടുപ്പിലാക്കിയത് മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണത്തിനു ഉണ്ടായ വലിയ വിലക്കയറ്റവും അടക്കമുള്ള കാര്യങ്ങള്‍ രൂപയ്ക്കു തിരിച്ചടിയായി മാറുകയാണ്. ആഭ്യന്തര വിപണയില്‍ രൂപയ്ക്ക് കാര്യമായ വെല്ലുവിളി ഇല്ലാതിരുന്നിട്ടു പോലും അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വലിയ തോതില്‍ രൂപയെ സ്വാധീനയ്ക്കുകയാണ് എന്ന് വ്യക്തമാണ്.

ഇന്ത്യയുടെ ഇറക്കുമതിയില്‍ ക്രൂഡ് പെട്രോളിയവും സ്വര്‍ണവും വലിയ തോതില്‍ ഡോളറിനെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ ഈ രണ്ടു ഉത്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോള്‍ രൂപ ക്ഷീണിക്കുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ പെട്രോളിയത്തിനും സ്വര്‍ണത്തിനും ഉടന്‍ വിലക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ വിരളവുമാണ്. പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യവും ഇസ്രയേലും ഇറാനും കൊമ്പു കോര്‍ക്കാനും യുദ്ധ ഭീഷണി അന്തരീക്ഷത്തില്‍ തങ്ങുന്നതും ഒക്കെ അന്താരഷ്ട്ര നാണയ വിപണയില്‍ അപ്രതീക്ഷത വീഴ്ചകള്‍ക്ക് വഴി ഒരുക്കാനും കാരണമാകും. ഇതിലൊക്കെ രൂപയ്ക്കുണ്ടാകുന്ന പ്രഹരവും വലുതായിരിക്കും എന്നാണ് ഇപ്പോഴത്തെ വില തെളിയിക്കുന്നതും.