വാഷിങ്ടണ്‍: വ്യാപാര യുദ്ധത്തില്‍ ചൈനയോട് വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴും അമേരിക്കന്‍ വിപണിയില്‍ ഉണര്‍വ്വ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാല്‍ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഇത് വിപണിയില്‍ പ്രതിഫലിച്ചു.

തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കന്‍ വിപണി മിക്‌സഡ് ക്‌ളോസിങ് നടത്തിയതോടെ മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരീഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി യൂറോപ്യന്‍ യൂണിയനും ജപ്പാനും ചര്‍ച്ചക്ക് സന്നദ്ധമായതും വിപണിയെ സ്വാധീനിച്ചു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കയിലെ അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ പകരചുങ്കം ലോക ഓഹരി വിപണിയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. ക്രൂഡ് ഓയിലിന്റെ വിലയും ഇടിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം ഏവരും മുന്നില്‍ കണ്ടു. ഇതാണ് പുതിയ പ്രഖ്യാപനത്തിലൂടെ മാറി മറിയുന്നത്. വിപണി തിരിച്ചു കയറുന്നു. ഇത് തുടര്‍ന്നാല്‍ മാന്ദ്യ ഭീഷണി മാറും. എന്നാല്‍ ട്രംപിന്റെ അടുത്ത തീരുമാനങ്ങള്‍ ഇതില്‍ നിര്‍ണ്ണായകമായി മാറുകയും ചെയ്യും.

വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ചരക്കിന് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.01-ന് നിലവില്‍വരുമെന്നും അറിയിച്ചു. ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ് യുഎസ് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചിരിക്കുന്നത്. വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും ചെയ്തിരുന്നു. അതാണിപ്പോള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് യുഎസ് ചുമത്തിയത് 26 ശതമാനമായിരുന്നു.

ചൈനയ്ക്ക് 34 ശതമാനവും. അതിനുമുന്‍പ് രണ്ടുതവണയായി ചുമത്തിയ 10 ശതമാനം വീതം തീരുവകൂടിചേര്‍ന്നപ്പോള്‍ അത് 54 ശതമാനമായി. ഇതിനുള്ള മറുപടിയായി ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത്.അതിന് ശേഷം ചൈനയ്ക്ക് 50 ശതമാനം തീരുവകൂടി ചുമത്തി ട്രംപ്. അതോടെയാണ് ചൈന യുഎസിനു നല്‍കേണ്ട ഇറക്കുമതിത്തീരുവ 104 ശതമാനമായി. ഇത് ബുധനാഴ്ച നിലവില്‍വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയായി യുഎസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തുന്നതായി ചൈനീസ് ധനമന്ത്രാലയം അറിയിച്ചത്.

മണിക്കൂറുകള്‍ക്കകം ചൈനയ്ക്കുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് കൂട്ടി. മറ്റ് രാജ്യങ്ങളുടെ തീരുവ കുറച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ജാപ്പനീസ് വിപണി ഇന്ന് 6% മുന്നേറ്റം നേടി. ചൈന പോസിറ്റീവ് ക്‌ളോസിങ് നടത്തിയപ്പോള്‍ ജര്‍മനിയും, ഫ്രാന്‍സും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കന്‍ ഫ്യൂച്ചറുകളും നേട്ടത്തില്‍ വ്യാപാരം തുടരുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് നടപടി തന്നെയാണ് ഇതിന് കാരണമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്നതോടെ ചൈനയും യൂറോപ്യന്‍ യൂണിയനും പകര തീരുവ അമേരിക്കയ്‌ക്കെതിരെ ചുമത്തിയിരുന്നു.

പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീര്‍പ്പിലെത്താന്‍ രാജ്യങ്ങള്‍ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. പിന്നീട് വിട്ടുവീഴ്ചയും ഉണ്ടാകുന്നു.