കരച്ചുങ്കതതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് മാറ്റിയതോടെ ആഗോളവിപണി വീണ്ടും ഉണര്‍ന്നു. എന്നാല്‍ അപ്പോഴും പണികിട്ടിയത് ചൈനയ്ക്കാണ്. സ്വന്തം കറന്‍സിയുടെ വീഴ്ചയും ഓഹരി വിപണിയിലെ തളര്‍ച്ചയും ചൈനയുടെ മുന്നേറ്റത്തിന് തടസമാകും. അമേരിക്കയുടെ നിലപാട് ലോകത്തിന് മൊത്തം എതിരാണ് എന്നാണ് ചൈന വിമര്‍ശനം ഉന്നയിക്കുന്നത്.

ലോകത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് അമേരിക്ക ഇക്കാര്യത്തില്‍ തീരുമാനം എടുത്തത് എന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ അവസാനം വരെ പോരാടും എന്ന് തന്നെയാണ് ചൈനയുടെ നിലപാട്. ചൈനയെ കൈകാര്യം ചെയ്യുന്നതിനായി സമ്മര്‍ദ്ദം, ഭീഷണി, ബ്ലാക്ക്‌മെയില്‍ എന്നീ കാര്യങ്ങള്‍ ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹെ യോങ്ക്യാന്‍ മാധ്യമങ്ങളോട്് പറഞ്ഞു. വ്യാപാര യുദ്ധം രൂപപ്പെട്ടതോടെ ചൈനീസ് കറന്‍സി 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ആദ്യകാല വ്യാപാരത്തില്‍ ഓണ്‍ഷോര്‍ യുവാന്‍ ഡോളറിന് 7.3518 ആയി കുറഞ്ഞു, 2007 ഡിസംബറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കാണിത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായതോടെ ഡോളറിന്റെ മൂല്യവും കുറഞ്ഞു. അതേ സമയം സമൂഹ മാധ്യമങ്ങളില്‍ ട്രംപിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളാണ് ചൈനക്കാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേ സമയം അമേരിക്കയുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്‌ക്കെതിരെ ശക്തമായ നിലപാട് പുലര്‍ത്തുമെന്ന് തന്നെയാണ് ചൈനീസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. വ്യാപാരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പരസ്യപ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയിലും ചൈന പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും ശക്തവുമാണ്. ചര്‍ച്ചയ്ക്ക് അമേരിക്ക ഒരുക്കമാണെങ്കില്‍ ചൈനയുടെ വാതിലുകള്‍ എല്ലായ്‌പോഴും തുറന്നുകിടക്കും. പക്ഷേ ചര്‍ച്ചകള്‍ പരസ്പര ബഹുമാനവും സമത്വവും മുന്‍നിര്‍ത്തിയുള്ളതാകണം.

സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങളല്ല എന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഹീ യോങ് ക്വിയാന്‍ പറഞ്ഞു. വ്യാപാരയുദ്ധത്തിനായി അമേരിക്ക കടുംപിടുത്തം നടത്തിയാല്‍ ചൈനയും അതേനിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരയുദ്ധത്തില്‍ വിജയികളില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. ട്രംപിന്റെ ഏറ്റവും പുതിയ നടപടി ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള ബന്ധത്തിലെ വിള്ളലിന്റെ ആഴം കൂട്ടിയിരിക്കുകയാണ്.

ചുങ്കം ഏര്‍പ്പെടുത്തുന്നതില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും 90 ദിവസത്തേക്ക് ഇളവനുവദിച്ചപ്പോള്‍ ചൈനയെ ട്രംപ് ഒഴിവാക്കിയില്ല. യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 34 ശതമാനത്തില്‍നിന്ന് 84 ശതമാനമായി ചൈന വര്‍ധിപ്പിച്ചതിനു പകരമായാണ് ചൈനയുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചതെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ആഗോളവിപണിയില്‍ ചൈന മറ്റുരാഷ്ട്രങ്ങളോട് പുലര്‍ത്തുന്ന ബഹുമാനക്കുറവാണ് ചൈനയുടെ മേല്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള കാരണമെന്നാണ് ട്രംപ് പറയുന്നത്.

തിരിച്ചും തീരുവ വര്‍ധിപ്പിച്ചാല്‍ അധികചുങ്കം ഏര്‍പ്പെടുത്തുമെന്നും അല്ലാത്തപക്ഷം 90 ദിവസം ചുങ്കം വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെക്കാമെന്നും രാജ്യങ്ങളെ അറിയിച്ചു. തിരികെ നികുതി വര്‍ധിപ്പിക്കാതെ സഹകരിച്ച രാഷ്ട്രങ്ങളെ അധികനികുതിയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ചൈന അതിനെതിരെ തിരിച്ചടിച്ചതിനാലാണ് തീരുവ വര്‍ധിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.