- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമസോണിനെ തോല്‍പ്പിക്കുന്ന ഓണ്‍ലൈന്‍ കമ്പനിയാകാന്‍ ചൈനയുടെ ജെഡി; സെയിന്‍സ്ബറിയില്‍ നിന്ന് ആര്‍ഗോസ് ചൈനീസ് കമ്പനി സ്വന്തമാക്കിയേക്കും; ജോയ് ബൈ എന്ന ലേബലില്‍ ലോകം കീഴടക്കാനുള്ള നീക്കത്തിന് എസ് പറഞ്ഞ് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്
ലണ്ടന്‍: ആമസോണിനുള്ള ചൈനയുടെ മറുപടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ജെ ഡി ഡോട്ട് കോം എന്നറിയപ്പെടുന്ന ജിംഗ്‌ഡോംഗിന് ആര്‍ഗോസ് വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സെയ്ന്‍സ്ബറീസ് എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നു. ഒരു പതിറ്റാണ്ടില്‍ താഴെ മാത്രം മുന്‍പ്1 ബില്യന്‍ പൗണ്ടിന് ആര്‍ഗോസ് സ്വന്തമാക്കിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ജിംഗ്‌ഡോംഗുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രമുഖ അമേരിക്കന്‍ ഓണ്‍ലൈന്‍ ഭീമനായ ആമസോണുമായുള്ള മത്സരത്തിലും ഒപ്പം ഹൈസ്ട്രീറ്റിലെ വ്യാപാരത്തിലും സെയ്ന്‍സ്ബറീസിന് ഏറെ സഹായകരമാകുന്ന വിധത്തിലാണ് പ്രാരംഭ ഏറ്റെടുക്കല്‍ നടപടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒറ്റയ്ക്കായി നിലനിന്നിരുന്ന നൂറു കണക്കിന് ആര്‍ഗോസ് സ്റ്റോറുകള്‍ അടയ്ക്കുകയും അവ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ളിലാക്കുകയും ചെയ്തു. എന്നാല്‍, അത് പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. അതിനിടയിലാണ്, ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ പ്രതീകം തന്നെയായി മാറിയ ആര്‍ഗോസ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം സെയ്ന്‍സ്ബറീസ് വെളിപ്പെടുത്തിയത്. നിലവില്‍, ഖത്തര്‍ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു വെല്‍ത്ത് ഫണ്ടിനാണ് സെയ്ന്‍സ്ബറീസില്‍ ഏറ്റവും അധികം ഓഹരികളുള്ളത്. അടുത്തിടെ മാധ്യമങ്ങളില്‍ വന്ന അഭ്യൂഹങ്ങള്‍ക്ക് പുറകെ, ആര്‍ഗോസ് റീട്ടെയ്ല്‍ ഗ്രൂപ്പ് ലിമിറ്റഡ്, ജെ. ഡി ഡോട്ട് കോമിന് വില്‍ക്കാനുള്ള ജെ സെയ്ന്‍സ്ബറീസ് പി ഐ സിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് അവര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
ഇതുവരെ ഇരുവര്‍ക്കും സമ്മതമായ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും, ഈയവസരത്തില്‍, ഇടപാട് നടക്കുമെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇടപാട് നടന്നാല്‍, ചൈനീസ് കമ്പനിക്ക് ബ്രിട്ടന്റെ മണ്ണില്‍ ശക്തമായ ഒരു കാല്‍വെയ്പ്പ് ആയിരിക്കും ലഭിക്കുക. നേരത്തേ അവരുടെ ഓണ്‍ലൈന്‍ ഷോപ്പ് ജോയ്‌ബൈ എന്ന പേരില്‍ യു കെയില്‍ പരീക്ഷിച്ചിരുന്നു. അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത് 2014 ല്‍ ജെ ഡി ഡോട്ട് കോം, യു എസ് സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ റെജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ചൈനീസ് ഇ കോമേഴ്സ് കമ്പനിയാണെന്നാണ്.
ഇപ്പോള്‍ തന്നെ ജെ ഡി ഡോട്ട് കോം ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണ്. പ്രതിവര്‍ഷം 600 മില്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന അവരുടെ വിറ്റുവരവ് പ്രതിവര്‍ഷം 120 ബില്യന്‍ പൗണ്ടാണ്. 7 ലക്ഷം പേര്‍ക്കാണ് ജെ ഡി ഡോട്ട്‌കോം തൊഴില്‍ നല്‍കുന്നത്. നിലവില്‍ ഇവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏഷ്യന്‍ വിപണിയിലാണ്. ഭക്ഷണ വസ്തുക്കള്‍, വസ്ത്രം, ഗൃഹോപകരണങ്ങള്‍, മറ്റ് വീട്ടു സാധനങ്ങള്‍ എന്നിവയാണ് അവര്‍ പ്രധാനമായും വില്‍ക്കുന്നത്.
ഇപ്പോള്‍, തങ്ങളുടെ വിപണി ആഗോളാടിസ്ഥാനത്തില്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍. നേരത്തേ ലിഡിലിലും, ഹോളണ്ട് ആന്‍ഡ് ബാര്‍നെറ്റിലും എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മാത്യു നോബ്‌സ് ആണ് അവരുടെ യു കെ മെര്‍ക്കന്‍ഡൈസ് ഓഫീസര്‍.