തിരുവനന്തപുരം: ഇത്തവണ സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസ് ഉണ്ടാകില്ല. കാണം വിറ്റും ഓണം ഉണ്ണാൻ കൈയിൽ ഒന്നുമില്ലെന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ കടുത്ത ചെലവ് ചുരുക്കലുണ്ടാകും. അതുകൊണ്ട് തന്നെ ഓണത്തിന് നൽകുന്ന ആനുകൂല്യങ്ങളും കുറയ്ക്കും. ഓണം കിറ്റ് റേഷൻ കടകളിലൂടെ കൊടുക്കില്ലെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കടമെടുത്ത് മുടിയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഗുരുതര സാമ്പത്തികപ്രതിസന്ധി മൂലം ഇക്കുറി സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ധനവകുപ്പ് ആലോചിക്കുന്നുവെന്നതാണ് വസ്തുത. പൊതുവിപണിയിൽനിന്ന് ഉടൻ കടമെടുക്കാൻ 2890 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. ഏകദേശം 8000 കോടിയാണ് ഓണച്ചെലവുകൾക്കു വേണ്ടിവരിക. 15,000 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കത്തു നൽകിയിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ പോലും പ്രതിസന്ധി മറികടക്കാൻ കഴിയില്ല.

ശമ്പളത്തിന് 3400 കോടിയും പെൻഷന് 2100 കോടിയും ക്ഷേമ പെൻഷന് (2 മാസം) 1700 കോടിയും വേണം. ഇതിനൊപ്പം ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവയ്ക്ക് 600 കോടിയും വേണം. കെഎസ്ആർടിസിക്ക് 70 കോടി നൽകണം. അങ്ങനെ ആകെ 7870 കോടിയാണ് സർക്കാരിന് വേണ്ടത്. കേന്ദ്ര സർക്കാർ കനിഞ്ഞാൽ പോലും ഈ തുക കണ്ടെത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം കടക്കണം. ഇതെല്ലാം മനസ്സിലാക്കിയാണ് അഡ്വാൻസ് നൽകൽ വേണ്ടെന്ന് വയ്ക്കുന്നത്.

ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ എന്നിവ നൽകും. ജീവനക്കാർ 5 തവണകളായി തിരിച്ചടയ്‌ക്കേണ്ട തുകയായതിനാൽ ഓണം അഡ്വാൻസ് ഒഴിവാക്കാവുന്നതാണെന്ന ശുപാർശ. ബെംഗളൂരുവിലുള്ള മന്ത്രി തിങ്കളാഴ്ച തിരിച്ചെത്തിയശേഷം യോഗം വിളിച്ച് അന്തിമതീരുമാനമെടുക്കും. കഴിഞ്ഞവർഷം ബോണസായി 4000 രൂപയും ബോണസിന് അർഹതയില്ലാത്തവർക്കു പ്രത്യേക ഉത്സവബത്തയായി 2750 രൂപയും അഡ്വാൻസായി 20,000 രൂപയും നൽകിയിരുന്നു.

20,521 കോടി രൂപയാണ് ഇക്കൊല്ലം പൊതുവിപണിയിൽനിന്നു സർക്കാരിനു കടമെടുക്കാവുന്നത്. ഡിസംബർ വരെ എടുക്കാവുന്ന 15,390 കോടിയിൽ 11,500 കോടിയും കടമെടുത്തു കഴിഞ്ഞു. 1000 കോടി കൂടി ചൊവ്വാഴ്ച കടമെടുക്കും. ബാക്കി 2890 കോടി കൊണ്ട് ഓണച്ചെലവുകളും അതു കഴിഞ്ഞുള്ള ചെലവുകളും നടത്തുക പ്രായോഗികമല്ല. ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. ഇപ്പോൾ 5 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.


ഓണക്കാലം ആയതോടെ ഏറ്റവും അധികം പണം ആവശ്യമുള്ള സമയാണിത്. എന്നാൽ, സർക്കാർ ജീവനക്കാർക്ക് ശമ്പളവും ബോണസും കൊടുക്കാനുള്ള ത്രാണി പോലും സംസ്ഥാന ഖജനാവിന് ഇപ്പോളില്ല. പദ്ധതികളുടെ നടത്തിപ്പിന്റെ കരാറു തുകയും കൊടുത്തു തീർക്കേണ്ടതുണ്ട്. ഇതിനും ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ പണം കണ്ടെത്താൻ എന്താണ് മാർഗ്ഗമെന്ന് ആലോചിച്ചു നക്ഷത്രമെണ്ണുകയാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നത്.കേന്ദ്രസർക്കാറിൽ നിന്നും അടിയന്തര സഹായം വേണമെന്ന നിലപാടിലാണ് ധനവകുപ്പ്. അടിയന്തര സാമ്പത്തിക അനുമതികൾ ആവശ്യപ്പെട്ട് ധനമന്ത്രി നൽകിയ നിവേദനത്തോട് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഇത് വരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഇതും പ്രതിസന്ധികൾ വർധിപ്പക്കുന്നു. ചെലവു ചുരുക്കൽ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും പലപ്പോഴും അതിന് സർക്കാറിന് സാധിച്ചിട്ടില്ല.

ചെലവ് കർശനമായി ചുരുക്കിയാലേ പിടിച്ച് നിൽക്കാനാകു എന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന ഖജനാവിന് വെല്ലുവിളിയായി ഓണക്കാലത്തെ അധിക ചെലവുകൾ.