- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വന്നാൽ വൻ തുക മുടക്കിയുള്ള ആന്റിബോഡി ചികിത്സക്ക് പോകേണ്ട കാര്യമില്ല; മോണോക്ലോണൽ ആന്റിബോഡി എടുത്തിട്ടും കോവിഡ് ബാധിച്ചവർ നിരവധി; എൻ കെ പ്രേമചന്ദ്രന്റെ ഭാര്യക്കു ആന്റിബോഡി ചികിത്സ ഏറ്റില്ല; ഒമിക്രോണിനെതിരെ മോണോക്ലോണൽ ആന്റിബോഡി ഫലപ്രദമല്ലെന്ന് ആരോഗ്യ വകുപ്പും
തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി സംസ്ഥാനത്തെ ചില ആശുപത്രികളിൽ അടക്കം ആന്റിബോഡി കോക്ടെയ്ൽ ചികിത്സയെ കുറിച്ചുള്ള വൻ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. വൻതുക മുടക്കി എടുക്കേണ്ട ആന്റിബോഡി എന്നാൽ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമല്ലെന്ന് വന്നാലോ? അത്തരം സംശയങ്ങൽ വ്യാപകമാകുമ്പോഴാണ് എൻ കെ പ്രേമചന്ദ്രൻ എംപിയും ഇതേക്കുറിച്ച് മനസ്സു തുറന്നത്.
ഒരു മാസം മുമ്പ് 56,000 രൂപ കൊടുത്ത് ആന്റിബോഡി ഇൻജെക്ട് ചെയ്തിട്ടും ഭാര്യക്ക് കോവിഡ് വന്നതിലാണ് എൻ കെ പ്രേമചന്ദ്രൻ അത്ഭുതം കൂറുന്നത്. ശാസ്ത്ര പരീക്ഷണങ്ങളെല്ലാം കേവലം നിഗമനങ്ങൾ മാത്രമാണെന്നും പറയുന്നു. ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോൾ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. തനിക്കും കോവിഡ് ആദ്യ ഘട്ടത്തിൽ ഒന്ന് വന്ന് പോയിരുന്നെന്നും എംപി വ്യക്തമാക്കുന്നു.
അതേസമയം കൊറോണയുടെ ഓമിക്രോൺ വകഭേദത്തിനെതിരെ മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ഫലപ്രദമല്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പും വ്യകതമാക്കുന്നത്. അനുബന്ധ രോഗമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ മൂർച്ഛിക്കാതിരിക്കാൻ തുടക്കത്തിൽ തന്നെ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നു വകുപ്പ് മാർഗരേഖയിൽ വ്യക്തമാക്കി. ഇതിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്കു നൽകുന്നതിനാണു മാർഗരേഖ പുറത്തിറക്കിയത്. സംശയമുള്ള സാഹചര്യങ്ങളിൽ ഇൻസ്റ്റിറ്റിയൂഷനൽ മെഡിക്കൽ ബോർഡുമായി ബന്ധപ്പെട്ടു തീരുമാനം എടുക്കണം.
കോവിഡ് വാക്‌സീൻ സ്വീകരിച്ച ആളുകൾക്ക് ഒമിക്രോണോ ഡെൽറ്റയോ ബാധിച്ചാലും രോഗ തീവ്രത കുറവായിരിക്കും. അവർ ഗുരുതരാവസ്ഥയിലേക്കു പോകാനുള്ള സാധ്യത വിരളമായിരിക്കും. അവർക്ക് ആന്റിബോഡി കോക്ടെയ്ൽ കൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ വാക്‌സീൻ എടുക്കാത്ത ഉയർന്ന അപകട സാധ്യതയുള്ളവർ, വാക്‌സീൻ എടുത്തിട്ടുണ്ടെങ്കിലും ആന്റിബോഡി പ്രതിരോധം കുറവായിരിക്കാൻ സാധ്യതയുള്ളവർ എന്നിവരിലാണ് ആന്റിബോഡി കോക്ടെയ്ൽ ചികിത്സ കൊണ്ടു കൂടുതൽ ഫലപ്രാപ്തി ലഭിക്കുന്നത്.
എച്ച്‌ഐവി ബാധിതർ, അർബുദ രോഗികൾ, ഏറെക്കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ, അവയവം മാറ്റിവച്ച രോഗികൾ, ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾ, തീവ്രമായ കരൾ രോഗമുള്ളവർ, ഹൃദയത്തിന്റെ പ്രവർത്തനം വളരെ കുറഞ്ഞവർ, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുന്നവർ. ഇവർക്ക് മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ഉപയോഗിക്കാം.
ഒമിക്രോണും ഡെൽറ്റയും തിരിച്ചറിയാനായി എസ്ജിടിഎഫ് എന്ന സങ്കേതമോ ഒമിഷ്വർ എന്ന ആർടിപിസിആർ കിറ്റോ ഉപയോഗിക്കാം. ഈ പരിശോധന അടിസ്ഥാനമാക്കിയാകണം മോണോക്ലോണൽ ആന്റിബോഡി കോക്ടെയിലിന്റെ ഉപയോഗം. ഈ കിറ്റുകൾ ലഭ്യമല്ലാത്ത ആശുപത്രികളിൽ ആന്റിബോഡി കോക്ടെയ്ലിന്റെ ഉപയോഗം പരമാവധി പ്രയോജനം ലഭിക്കുന്ന വിഭാഗത്തിലുള്ള രോഗികൾക്കു മാത്രമേ നൽകാൻ പാടുള്ളൂ. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും ഈ മാർഗരേഖ ബാധകമാണ്.
കോവിഡിനെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏറ്റവും പുതിയ രണ്ട് മരുന്നുകളാണ് ബാരിസിറ്റിനിബ് , സൊട്രോവിമാബ് എന്നിവ. അതിൽ ഒന്ന് റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ്. മറ്റൊന്ന് കൊറോണ വൈറസിനെ നേരിടാനായി നിർമ്മിച്ചമോണോക്ലോണൽ ആന്റിബോഡി തെറാപ്പിയുമാണ്.
യുഎസ് ആസ്ഥാനമായുള്ള റെജെനെറോൺ നിർമ്മിച്ച മറ്റൊരു മോണോക്ലോണൽ ആന്റിബോഡി ചികിത്സയാണ് കാസിരിവിമാബ്-ഇംഡെവിമാബ് എന്നിവയുടെ സംയോജനം. ഇത് ലോകാരോഗ്യ സംഘടന ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. തീവ്രമല്ലാത്ത കോവിഡ് രോഗികളിൽ മോണോക്ലോണൽ ആന്റിബോഡി സോട്രോവിമാബ് ഉപയോഗിക്കുന്നതിനുള്ള ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ഓമിക്രോൺ പോലുള്ള പുതിയ വകഭേദങ്ങൾക്കെതിരെ ഈ മരുന്നുകൾ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമല്ല.
മറുനാടന് ഡെസ്ക്