- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പു പണം എന്തു ചെയ്തു മോൻസാ..? അതല്ലേ സാറെ പൊലീസ് ഏമാന്മാരുടെ പരിപാടികൾക്ക് നൽകിയത്! വിശദാംശങ്ങൾ സഹിതം മോൻസന്റെ മൊഴി; പുരാവസ്തു തട്ടിപ്പു അന്വേഷണം കൂടുതൽ പുലിവാലിലേക്ക്; അന്വേഷണം പുരോഗമിക്കുമ്പോൾ മേലുദ്യോഗസ്ഥരുടെ മൊഴിയെടുക്കേണ്ട ധർമ്മസങ്കടത്തിൽ പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കേരളാ പൊലീസിന്റെ മുൻ മേധാവിയായിരുന്ന വ്യക്തിയാണ് മോൻസൻ മാവുങ്കലിന്റെ അടുത്ത സുഹൃത്തായിരുന്നത്. ഡിഐജി, ഐജി തലത്തിലെ ഉദ്യോഗസ്ഥർ വേറെയും. ഇങ്ങനെ എല്ലാ അർത്ഥത്തിലും മോൻസൻ കേരളാ പൊലീസിനെ പോക്കറ്റിൽ ആക്കിയിരുന്നു. ഇപ്പോൾ സാമ്പത്തിക തട്ടിപ്പു കേസിൽ അന്വേഷണം മുറുകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പുരാവസ്തു തട്ടിപ്പു കേസിലെ അന്വേഷണം ചുരക്കത്തിൽ കേരളാ പൊലീസിന് വലിയ തലവേദനയാണ ഉണ്ടാക്കുന്നത്.
കേരള പൊലീസുമായുള്ള അടുത്ത ബന്ധത്തെപ്പറ്റി മോൻസൻ മാവുങ്കൽ നൽകിയ മൊഴികൾ നൽകിയതോടെയാണ് അന്വേഷണ സംഘം വെട്ടിലായത്. തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം മോൻസൻ എന്തു ചെയ്‌തെന്ന ചോദ്യത്തിനാണു ലക്ഷങ്ങൾ മുടക്കി താൻ സ്‌പോൺസർ ചെയ്ത കേരള പൊലീസിന്റെ വിവിധ പരിപാടികളുടെ പട്ടിക മോൻസൻ നിരത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും ശുപാർശ അനുസരിച്ചു താൻ ചെയ്ത കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങളും മോൻസൻ അന്വേഷണ സംഘത്തിനു നൽകി.
ഈ മൊഴികളുടെ വസ്തുത അന്വേഷിക്കണമെങ്കിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കേരളത്തിലെ ഉന്നതരായ മതനേതാക്കളുടെയും മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിക്കേണ്ടിവരും. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ തലവേദനയായി ഇപ്പോൾ മാറിയിരിക്കുന്നത്. മോൻസന്റെ മൊഴികൾ നിഷേധിക്കാൻ കഴിയാത്ത വിധത്തിൽ, താൻ വൻതുക മുടക്കി സ്‌പോൺസർ ചെയ്തതായി അവകാശപ്പെടുന്ന ഔദ്യോഗിക പരിപാടികളുടെയും മതപരമായ ചടങ്ങുകളുടെയും വിഡിയോകളും തുക കൈമാറിയതിന്റെ രേഖകളും മോൻസൻ സൂക്ഷിച്ചിട്ടുണ്ട്. ഇതോടെ മുൻകാലങ്ങളിൽ മോൻസന്റെ പങ്കുപറ്റാൻ പോയവരെല്ലാം വെട്ടിലാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
കേസിലെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങിയാൽ ഈ രേഖകൾ പ്രതിഭാഗം കോടതി മുൻപാകെ സമർപ്പിക്കുമെന്ന വെല്ലുവിളിയും അന്വേഷണ സംഘം നേരിടുന്നുണ്ട്. സ്വന്തം മേലുദ്യോഗസ്ഥരുടെ മൊഴിയെടുക്കേണ്ടി വരുന്ന ധർമസങ്കടത്തിലാണു പ്രത്യേക അന്വേഷണ സംഘം. മതനേതാക്കളുടെ മൊഴിയെടുക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിയൊരുക്കും.
മോൻസൻ പ്രതിയായ കേസുകളിൽ കേരള പൊലീസിന്റെ അന്വേഷണം ഫലപ്രദമാവില്ലെന്ന അഭിപ്രായമാണു ശക്തമാകുന്നത്. തട്ടിപ്പിന്റെ വിദേശ ബന്ധങ്ങൾ പുറത്തുവന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസന്വേഷണം കേന്ദ്ര ഏജൻസികൾക്കു കൈമാറി തലവേദന ഒഴിവാക്കാൻ സംസ്ഥാന സർക്കാരിനു കഴിയും. ഇതിനുള്ള തെളിവുകളാണു ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ ശേഖരിക്കാൻ ശ്രമിക്കുന്നത്.
തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാൻ പദ്ധതി ഉണ്ടായിരുന്നതായി മോൻസൻ മാവുങ്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ടിവി സംസ്‌കാര ചാനൽ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ഇതിനു വേണ്ടിയായിരുന്നെന്നു ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ചാനലിന്റെ ചെയർമാൻ ആകാൻ 10 ലക്ഷം രൂപ മോൻസൻ കൈമാറിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മോൻസൻ ചെയർമാനായില്ല. മറ്റു ചില സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. അതിന്റെ രേഖകൾ കൈവശമുണ്ട്.
അതിനിടെ അകന്ന ബന്ധുവും സുഹൃത്തുമായ തുറവൂർ സ്വദേശിയെ കബളിപ്പിച്ച് മോൻസൻ മാവുങ്കൽ ഒന്നരലക്ഷം രൂപ തട്ടിയതായി പരാതി കൂടി ലഭിച്ചിട്ടുണ്ട്. തുറവൂർ വളമംഗലം കോട്ടപ്പള്ളി ബിജുമോനാണ് കുത്തിയതോട് സിഐക്കു പരാതി നൽകിയത്. പൊലീസ് കേസെടുത്തു. പരാതിയിൽ പറയുന്നത്: ബാങ്കിൽനിന്നു വൻതുക പിൻവലിക്കണമെങ്കിൽ ആർബിഐക്ക് ടാക്‌സ് ഇനത്തിൽ നൽകാൻ 10 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് 2017 ഡിസംബർ 29നു മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനായി 2 ലക്ഷം വേണമെന്നും 20 ദിവസത്തിനകം തിരികെ നൽകാമെന്നും പറഞ്ഞ് ബിജുമോന്റെ സഹോദരൻ വഴി സമീപിക്കുകയായിരുന്നു. ബിജുമോൻ ഭാര്യയുടെ ആഭരണം പണയപ്പെടുത്തിയാണു പണം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ