- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസന്റെ തട്ടിപ്പിനെക്കുറിച്ച് ഒരു വർഷം മുൻപേ റിപ്പോർട്ട്; ഇടപാടുകൾ ദുരൂഹമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും ഡിജിപിയും എഡിജിപിയും സൗഹൃദം തുടർന്നു; സാമ്പത്തിക ഇടപാടിൽ തർക്കമുണ്ടായപ്പോൾ ഒത്തുതീർപ്പ് നടത്തിയതും പൊലീസുകാർ; ഇഡിക്ക് ബെഹ്‌റ കത്തയച്ചിട്ടും നടപടി ഉണ്ടായില്ല
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയ മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് ഒരു വർഷം മുൻപ് ഡിജിപിക്കു നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാകാത്തത് ദുരൂഹം. മോൻസണിന്റെ ഇടപാടുകൾ ദുരൂഹമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയെങ്കിലും ഡിജിപിയും എഡിജിപിയും ഉൾപ്പെടുന്നവർ സൗഹൃദം തുടർന്നു എന്നതും ദുരൂഹമായി തുടരുന്നു.
മോൻസണുമായുള്ള പൊലീസുകാരുടെ ചങ്ങാത്തത്തെക്കുറിച്ച് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് നിരവധി റിപ്പോർട്ടുകൾ കൈമാറിയെങ്കിലും ഉന്നത സ്വാധീനത്തിൽ നടപടികളുണ്ടായില്ല. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മോൻസണിന്റെ വീട്ടിലെത്തിയതിനെത്തുടർന്ന് രഹസ്യന്വേഷണ വിഭാഗം ഡിജിപിക്കു റിപ്പോർട്ട് സമർപിച്ചിരുന്നു. മോൻസണിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു റിപ്പോർട്ടിൽ.
എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിവാഹം 2019 മേയിൽ കൊച്ചിയിൽ നടന്നപ്പോൾ അതിൽ പങ്കെടുക്കാനെത്തിയ പൊലീസ് ഉന്നതർ, അതേ ചടങ്ങിൽ പങ്കെടുത്ത മറ്റൊരാൾ ക്ഷണിച്ചാണ് മോൻസന്റെ മ്യൂസിയത്തിലേക്ക് എത്തിയത്. വാളും അംശവടിയുമൊക്കെപ്പിടിച്ച് ഫോട്ടോയ്ക്ക് പോസുചെയ്ത് തലസ്ഥാനത്തേക്ക് എത്തിയതിനു പിന്നാലെ പല ഗ്രൂപ്പുകളിൽ മോൻസൺ തന്നെ ഇവ പ്രചരിപ്പിച്ചതറിഞ്ഞ എഡിജിപി മനോജ് എബ്രാഹമാണ് ഡിജിപിയോട് സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഇന്റലിജൻസ് അന്വേഷണത്തിന് ഡിജിപി ശുപാർശ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.
ആ റിപ്പോർട്ട് ലഭിച്ചയുടൻ 2020 ഫെബ്രുവരിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് ലോക്‌നാഥ് ബെഹ്‌റ കത്തയച്ചത്. പ്രത്യേകിച്ചൊരു വരുമാന സ്രോതസും ഇല്ലാതെയാണ് മോൻസൺ കോടികളുടെ ആസ്തി സമ്പാദിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. ആഡംബര കാറുകളും ഭൂസ്വത്തുക്കളും പുരാവസ്തുശേഖരവും ഇയാളുടെ കൈവശമുണ്ട്. പുരാവസ്തുക്കളിൽ ചിലതെല്ലാം മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും തിരുവിതാകൂർ രാജവംശത്തിന്റേതെന്ന് അവകാശപ്പെടുന്ന രാജകീയ സിംഹാസനം അടക്കം പലതും വ്യാജമാണെന്നും അവയുടെ ഉറവിടം അന്വേഷിക്കണമെന്നും ശുപാർശയുണ്ട്.
റിപ്പോർട്ടിലെ പറഞ്ഞിരുന്നത് ഇങ്ങനെയാണ്: 'പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മോൻസണുള്ളത്. ചേർത്തലയിലെ ആഡംബര വസതിയിലാണ് താമാസം. മക്കൾ ചെന്നൈയിൽ എംബിബിഎസിനു പഠിക്കുന്നു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിവാക്കുന്ന സർട്ടിഫിക്കറ്റുകളൊന്നും ലഭ്യമല്ല. പണക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ട്. ബെൻസ്, ഫെരാരി, ബെന്റ്‌ലി, ബിഎംഡബ്ലു തുടങ്ങിയ 15 ആഡംബര കാറുകളും ലക്ഷങ്ങൾ വിലമതിക്കുന്ന നായകളുമുണ്ട്. ഇടപാടുകൾ പലതും ദുരൂഹമാണ്'.
എന്നാൽ, ഇങ്ങനെ ഇന്റലിജിൻസ് റിപ്പോർട്ടു പുറത്തുവന്നപ്പോഴും പരാതികൾ മോൻസണനെതിരെ ഉണ്ടായിരുന്നില്ല. അതാകൊണ്ട് അന്വേഷണം വേണ്ടെന്ന നിലപാടിൽ പൊലീസുമെത്തി. സാമ്പത്തിക വളർച്ചയെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനു അന്നത്തെ ഡിജിപി ലോകനാഥ് ബെഹ്‌റ കത്തു നൽകി പൊലീസ് കൈകഴുകി. അതേസമയം, അന്വേഷണ വിവരങ്ങളെല്ലാം മോൻസൺ മാവുങ്കലിനു ചില ഉദ്യോഗസ്ഥർ ചോർത്തി നൽകി.
ഈ വിവരവും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ പൊലീസും മോൻസണുമായുള്ള സൗഹൃദം തുടർന്നു. ചേർത്തലയിലേയും കലൂരിലേയും വീട്ടിൽ പൊലീസ് സംരക്ഷണം നൽകി. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് പ്രശ്‌നമുണ്ടായപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് ദിവസം മുൻപ് ഒത്തുതീർപ്പ് ചർച്ച കൊച്ചിയിൽ നടന്നതായി സ്‌പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, തർക്കം തീർക്കാനാകാതെ വന്നതോടെയാണ് അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത്. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയതിന്റെ വിവരങ്ങളും ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്..
വീടുകളും സ്വത്തുക്കളുമെല്ലാം സ്വകാര്യ സുരക്ഷാ ഏജൻസിയുടെ മുഴുവൻ സമയ കാവലിലാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അപ്പോഴും കേസെടുത്തില്ല. ഈ സമയത്ത് മോൻസനെതിരെ ആരുടെയും പരാതി ഉണ്ടായിരുന്നില്ലെന്നും ഇന്റലിജൻസ് അന്വേഷത്തിൽ അനധികൃത സ്വത്ത് സമ്പാദനം വ്യക്തമായതു കൊണ്ടാണ് എൻഫോഴ്‌സ്‌മെന്റിന് കത്ത് നൽകിയതെന്നുമാണ് പൊലീസിന്റെ ന്യായീകരണം.
മറുനാടന് മലയാളി ബ്യൂറോ