കൊച്ചി: ചരിത്രപ്രാധാന്യമുണ്ടെന്നു പറയുന്ന വസ്തുക്കൾ കാണാനുള്ള കൗതുകംകൊണ്ടാണ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയതെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ. കേസിൽ സത്യസന്ധവും പക്ഷപാതരഹിതവും കാര്യക്ഷമവുമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘം സജ്ജമാണെന്നും ഡി.ജി.പി അനിൽകാന്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ ഇയാളുടെ ഗുണ്ടകളും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി അജിത്ത് നൽകിയ ഹരജിയിലാണ് ഡി.ജി.പിയുടെ വിശദീകരണം. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്ന മോൻസണിനെതിരായ കേസുകൾ പൊലീസ് അന്വേഷിച്ചാൽ മതിയാവുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, ഇക്കാര്യത്തിൽ സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു.

2019 മെയ്‌ 11നാണ് ബെഹ്‌റയും മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ പോയത്. ബെഹ്‌റ ആവശ്യപ്പെട്ടതിനാലാണ് എ.ഡി.ജി.പി കൂടെ പോയത്. സന്ദർശനത്തിനുശേഷം സംശയം തോന്നിയ എ.ഡി.ജി.പി ഇക്കാര്യം അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദ്ദേശം നൽകി. ആഡംബര കാറുകളും മറ്റു വസ്തുക്കളും മോൻസൺ കൈവശം െവച്ചിരിക്കുന്നത് സംശയകരമാണെന്നും സാമ്പത്തിക സ്രോതസ്സ് ഉൾപ്പെടെ ഇ.ഡി അന്വേഷിക്കേണ്ടതാണെന്നും 2020 ജനുവരി ഒന്നിന് റിപ്പോർട്ട് നൽകി.

തുടർന്ന് ഡി.ജി.പി ഇക്കാര്യം അന്വേഷിക്കാൻ കത്തു നൽകിയിരുന്നു. മോൻസണിന്റെ പരാതിയിൽ അന്വേഷണ ചുമതല ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയിൽനിന്ന് ചേർത്തല എസ്‌ഐയ്ക്ക് മാറ്റിയ ഐ.ജി ലക്ഷ്മണെന്റ നടപടി എ.ഡി.ജി.പി റദ്ദാക്കുകയും ലക്ഷ്മണനോടു വിശദീകരണം തേടുകയും ചെയ്തതായി സത്യവാങ്മൂലത്തിൽ പറയുന്നു. മോൻസണിന്റെ വീട്ടിൽ പോയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇയാൾ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞില്ലേയെന്ന കോടതിയുടെ ചോദ്യത്തിനാണ് ഈ വിശദീകരണം.

വിലപിടിപ്പുള്ള പുരാവസ്തുക്കൾ സൂക്ഷിക്കുന്നിടമായതിനാൽ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോൻസൺ ഡി.ജി.പിക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് കലൂരിലെ വീടിന് മുന്നിൽ ബീറ്റ് ബുക്ക് സ്ഥാപിച്ചത്. പട്രോളിങ് മേഖലകളിൽ നടപടിക്രമത്തിന്റെ ഭാഗമായി സ്ഥാപിക്കുന്നതാണിത്. പ്രത്യേക നിരീക്ഷണമോ പൊലീസ് സംരക്ഷണമോ ഇതിന്റെ പേരിൽ നൽകിയിരുന്നില്ല. മോൻസണിനെതിരെ ശ്രീവത്സം രാജേന്ദ്രൻപിള്ള നൽകിയ തട്ടിപ്പു കേസിൽ ഹരജിക്കാരൻ മൂന്നാം പ്രതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെള്ളിയാഴ്ച പരിഗണിക്കും.