- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരവൂരിൽ അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതി ആശിഷിനെ റിമാന്റ് ചെയ്തു; സ്ത്രീകളെ മനപ്പൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തേടെ പ്രതി ആക്രമണം നടത്തിയെന്ന് റിമാന്റ് റിപ്പോർട്ടിൽ
കൊല്ലം: പരവൂരിൽ അമ്മക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രണത്തിൽ അറസ്റ്റിലായ പ്രതി ആശിഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വൈദ്യപരിശോധനക്ക് ശേഷം മൂന്ന് മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
സ്ത്രീകളെ മനപ്പൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തേടെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഐപിസി 326, 354 എന്നീ വകുപ്പുകൾ ഉൾപ്പടെ ഏഴ് വകുപ്പുകൾ ചേർത്താണ് കേസ് ചാർജ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ തെന്മലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ ചിത്രമടക്കം പരാതിയായി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ വിസമ്മതിച്ചിരുന്നുവെന്ന് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്ത്രീ ഷംല ആരോപിച്ചിരുന്നു. പരാതി കേൾക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല. കേസ് കൊടുക്കാൻ താൽപ്പര്യമുണ്ടോയെന്ന് ആയിരുന്നു പൊലീസിന്റെ ചോദ്യം. പ്രതിയുടെ ചിത്രമടക്കം പൊലീസിന് കൈമാറിയിരുന്നു. എന്നാൽ സംഭവ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. പിറ്റേന്ന് വിളിച്ചപ്പോൾ പൊലീസ് പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ചെന്നും ഷംല പറഞ്ഞിരുന്നു.
കൊല്ലം തിരുവനന്തപുരം തീരപാതയിൽ പരവൂരിനടുത്ത് വച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഷംലയ്ക്കും മകൻ സാലുവിനും നേരെ ആശിഷ് എന്നയാൾ സദാചാര ഗുണ്ടായിസം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷംലയുടെ ചികിൽസ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം.
റോഡരികിൽ വാഹനം നിർത്തി ഷംലയും മകനും ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് ക്രൂരമായി ആക്രമിച്ചത്. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ തെന്മലയിൽ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് പൊലീസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ