- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് നടന്നു പോയ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; രണ്ടു പേർ പിടിയിൽ; യുവാവിന് ഗുരുതരപരുക്ക്; സംഭവം പത്തനംതിട്ട കൊടുമണിൽ
പത്തനംതിട്ട: രാത്രി വൈകിയതിനാൽ വീട്ടിലേക്ക് ബസ് കിട്ടാതെ നടന്നു പോയ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. രണ്ടാം പ്രതിക്കായി തിരച്ചിൽ. മാരക പരുക്കേറ്റ യുവാവ് ചികിൽസയിൽ.
സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി വണ്ടി കിട്ടാതെ നടന്നു പോയ പോരുവഴി അമ്പലത്തുംഭാഗം സാംസ്കാരികനിലയം ജങ്ഷനുസമീപം മനോജ് ഭവനത്തിൽ മഹേഷി(34) നാണ് മർദ്ദനമേറ്റത്. യുവാവിനെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പന്തളം ചെന്നായിക്കുന്ന് തേങ്ങുവിളയിൽ രാജേന്ദ്രന്റെ മകൻ ഉണ്ണി (25), ചെന്നായിക്കുന്ന് പടിഞ്ഞാറേചരുവിൽ വീട്ടിൽ നിന്നും ചെന്നീർക്കര മാത്തൂർ കയ്യാലെത്ത് മേമുറിയിൽ ഇപ്പോൾ താമസം ആനന്ദന്റെ മകൻ അരുൺ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 12 ന് രാത്രി 10.30 ന് ശേഷമാണ് സംഭവം. അടൂർ ബസ് സ്റ്റാൻഡിൽ രാത്രി 8.30 നെത്തിയ മഹേഷ് ബസ് കിട്ടാത്തതിനാൽ കുടമുക്കിലുള്ള സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ചെന്നായ്ക്കുന്ന് എന്ന സ്ഥലത്തു ചെന്നപ്പോൾ അവിടെ കലുങ്കിൽ ഇരുന്ന മൂന്നുപേർ തടഞ്ഞ് ചോദ്യം ചെയ്തു. ചെന്നായിക്കുന്നിലെ ആരെ അറിയാമെന്നായിരുന്നു ആദ്യ ചോദ്യം. ജയക്കുട്ടൻ എന്നയാളെയും സ്ഥലം മെമ്പറെയും അറിയാമെന്ന് മഹേഷ് മറുപടി കൊടുത്തു.
തുടർന്ന് ഏതോ പെണ്ണിനെ കാണാൻ വന്നതാണെന്ന് ആരോപിച്ച് മർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. പ്രതികൾ ഇയാളെ ബൈക്കിൽ കയറ്റി ജയക്കുട്ടന്റെ വീടിന് സമീപം എത്തിച്ച ശേഷം ഫോട്ടോ മൊബൈലിൽ പകർത്തി ജയക്കുട്ടനെ കൊണ്ടുപോയി കാണിച്ചു. തിരിച്ചു വന്നിട്ട് ദേഹോപദ്രവം തുടർന്നു. ഹെൽമെറ്റ് കൊണ്ട് തലയ്ക്കും മൂക്കിനും പുറത്തും അടിച്ച് താഴെയിട്ടു. ചവിട്ടുകയും ഇടതുകൈ പിടിച്ചു തിരിക്കുകയും ചെയ്തു. വീണ്ടും ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്തുപോയി മർദ്ദനം തുടർന്നു.
നിലവിളിച്ച യുവാവിനെ മർദ്ദന വിവരം മെമ്പറോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളം മർദ്ദനം തുടർന്നു. ഇടതുകാലിലും വലതുകൈ മുട്ടിലും വലത് കണ്ണിന്റെ ഭാഗത്തും മുറിവേറ്റ യുവാവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലുമുണ്ടായി. ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത കൊടുമൺ പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചു.
ശനിയാഴ്ച ഉച്ചയോടെ ഉണ്ണിയെ കൊടുമണിൽ നിന്നും അരുണിനെ അടൂർ സെൻട്രൽ ടോളിനടുത്തു നിന്നും പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. ഒന്നും മൂന്നും പ്രതികളാണ് അറസ്റ്റിലായത്. രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി. ഇവർ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പിടിച്ചെടുത്തു.
ഒന്നാം പ്രതി ഉണ്ണി കൊടുമൺ സ്റ്റേഷനിലെ വേറെ രണ്ട് ദേഹോപദ്രവ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിനൊപ്പം എസ്ഐ മനീഷ്, എസ്.സി.പി.ഓമാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ ബിജു, ജിതിൻ, സുരേഷ്, കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്