കൊച്ചി: മലയാളത്തിലെ പ്രമുഖ നടൻ ശ്രീനിവാസൻ അന്തരിച്ചത് മലയാളക്കരയെ ഏറെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് 8.30 ഓടെ അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്.

ദീർഘകാലമായി രോഗബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ്റെ വിയോഗത്തിൽ മലയാളക്കര ഒന്നടങ്കം അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനായി ആദ്യം ടൗൺ ഹാളിലും പിന്നീട് കണ്ടനാട്ടെ വീട്ടിലും എത്തിച്ചിരുന്നു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും സാധാരണക്കാരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

നാടകീയതകളില്ലാതെ മലയാളിയുടെ വൈകാരിക ഭാവങ്ങളെ വെള്ളിത്തിരയിലെത്തിച്ച അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ. നർമം, പരിഹാസം, വിമർശനം, പ്രണയം, സൗഹൃദം, സ്നേഹം, സങ്കടം, നിരാശ തുടങ്ങിയ വികാരങ്ങളെ അതിൻ്റെ തീവ്രതയിൽ പ്രേക്ഷകരിലേക്ക് പകർന്നു നൽകിയ പ്രതിഭയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്. ഈ അതുല്യ കലാകാരൻ്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്.