കണ്ണൂർ: തന്റെ ജീവിത സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടിൽ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ബീഡിത്തൊഴിലാളിയായിരുന്ന ജനാർദ്ദനൻ തന്റെ സമ്പാദ്യമായിട്ടുണ്ടായിരുന്ന രണ്ടുലക്ഷം രൂപ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയായിരുന്നു. സമ്പാദ്യത്തിൽ നിന്നും വെറും 850 രൂപ മാത്രമാണ് ജനാർദ്ദൻ സ്വന്തം കാര്യത്തിനായി മാറ്റിവെച്ചത്.

തന്റെ സമ്പാദ്യമായുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ജനാർദ്ദനൻ. പേര് പോലും പുറത്ത് അറിയിക്കാതെയാണ് ഇദ്ദേഹം വാക്‌സിൻ ചലഞ്ചിനായി പണം നൽകിയത്. പിന്നീട് മാധ്യമങ്ങളാണ് ജനാർദ്ദനനെ കണ്ടുപിടിച്ചത്. വാക്‌സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ദനൻ അന്ന് പറഞ്ഞിരുന്നു. ജനാർദ്ദനൻ എന്ന കമ്യൂണിസ്റ്റുകാരൻ 12 ആം വയസ്സിൽ തുടങ്ങിയതാണ് ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. അഞ്ച് പതിറ്റ് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. വാക്‌സിൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്തു നൽകാൻ ജനാർദ്ധനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.

2021ലാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ജനാർദ്ദനൻ രണ്ടുലക്ഷം സംഭാവനയായി നൽകിയത്. ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കിവച്ചായിരുന്നു രണ്ട് ലക്ഷം കൈമാറിയത്. ഒരു ബാങ്ക് ജീവനക്കാരൻ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാർദ്ദനന്റെ കഥ പുറംലോകം അറിഞ്ഞതും. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥി കൂടിയായിരുന്നു ജനാർദ്ദനൻ.

ചുരുട്ട് തൊഴിലാളിയായ നാരായണന്റെയും കാർത്ത്യായനിയുടെയും നാലു മക്കളിൽ മൂത്തയാളായിരുന്നു ജനാർദ്ദനൻ. ബ്രെയിൻ ട്യൂമർ ബാധിച്ചാണ് ജനാർദ്ദനന്റെ ഭാര്യ രജനി മരിച്ചത്. ഇരുവരും 36 വർഷം തോട്ടട ദിനേശ് ബീഡിൽ ജോലി ചെയ്തിട്ടുണ്ട്. ജനാർദ്ദനൻ 13-ാം വയസിൽ ആരംഭിച്ചതാണ് ബീഡിപ്പണി. ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത കണ്ണൂർ കുറുവയിലെ ജനാർദനൻ തന്റെ വീടും സ്ഥലവും സിപിഎമ്മിന് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചത് സമുഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ജനാർദനന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചത്.

പാർട്ടിക്ക് വേണ്ടെങ്കിൽ വീടും സ്ഥലവും അനാഥ മന്ദിരത്തിന് നൽകുമെന്നാണ് ജനാർദനന്റെ നിലപാട് സ്വീകരിച്ചത്. എന്നാൽ ജനാർദനന്റെ വലിയ മനസിനെ ബഹുമാനിക്കുന്നുവെന്നും വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നുവെന്നാണ് സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജൻ പറഞ്ഞത്.