- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പരിഷ്കരണം മുഖമുദ്ര; ഉദാരവത്കരണത്തിന് അടിത്തറയിട്ട ആധുനിക ഇന്ത്യയുടെ ശില്‍പ്പി; വീട്ടില്‍ കുഴഞ്ഞു വീണ മുന്‍ പ്രധാനമന്ത്രിയെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന് പിടിച്ചു നിര്‍ത്താനായില്ല; കടുത്ത ശ്വാസ തടസ്സം വെല്ലുവിളിയായി; സംസ്‌കാരം ശനിയാഴ്ച; കേന്ദ്രമന്ത്രിസഭാ യോഗം രാവിലെ; രാജ്യം ദുഖാചരണത്തില്‍; ഡോ മന്‍മോഹന്‍ സിംഗ് മായുമ്പോള്‍
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിക്കുമ്പോള്‍ ഓര്‍മയാകുന്നത് ഇന്ത്യയെ സാമ്പത്തിക കരുത്തിലേക്ക് നയിച്ച വ്യക്തിത്വം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഇക്കാര്യം തീരുമാനിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം 11 മണിക്ക് ചേരും. ശനിയാഴ്ചയാണ് സംസ്‌കാരം. ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭാ യോഗം തീരുമാനിക്കും. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച മന്‍മോഹന്‍ സിംഗ് ഉദാരവത്കരണനയങ്ങളിലൂടെ ഇന്ത്യന്‍ കുതിപ്പിന് കാരണക്കാരനായി. രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി. 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭയിലെ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. 1932 സെപ്റ്റംബര്‍ 26ന് പാക്കിസ്ഥാനിലെ പഞ്ചാബിലെ ഗാഹില്‍, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയായി പോലും മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയുടെ നിലവില സാമ്പത്തിക കരുത്തിന്റെ അടിത്തറ നിര്‍മ്മാണം തുടങ്ങുന്നത് മന്‍മോഹന്‍സിംഗ് ധനമന്ത്രിയായപ്പോഴാണ്. ഇതിന് ശേഷമാണ് ഇന്ത്യ ആഗോള ശക്തികളില്‍ പ്രധാനിയായി മാറുന്നത്. സാമ്പത്തിക പരിഷ്‌കരണത്തിനൊപ്പം ക്ഷേമ പദ്ധതികളും മന്‍മോഹന്‍സിംഗ് നടപ്പാക്കി. അങ്ങനെ കോര്‍പ്പറേറ്റുകളുടേയും സാധാരണക്കാരുടേയും ഉയര്‍ച്ച ലക്ഷ്യമിട്ടു. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജനനം.1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്‌സ് ബിരുദം നേടി. ഒക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചുകാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987-1990 കാലയളവില്‍ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിന് 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു . 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിന്റെ റൈറ്റ്‌സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവ. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഒക്‌സ്‌ഫോഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.
പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി ഡോ. സിങ് പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യന്‍ സംഘത്തെ നയിച്ചു. രാഷ്ട്രീയ ജീവിതത്തില്‍, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചു.1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഡോ. സിങ്ങിന്റെ ജീവിതം ആധാരമാക്കി 2010 ല്‍ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. ഗുര്‍ശരണ്‍ കൗറാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പത്‌നി. മൂന്നു പെണ്‍മക്കളാണുള്ളത്.