കോഴിക്കോട്: ഊഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പിന്നാലെ പോകാതെ ചരിത്ര രചനാ പദ്ധതിയെ കണിശമായി പിന്തുടര്‍ന്ന ചരിത്രകാരനായിരുന്നു ഡോ. എംജിഎസ് നാരായണന്‍ എന്ന മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍. 'കേരളചരിത്രമെന്ന വിജ്ഞാനരൂപത്തെ ഉല്‍പ്പാദിപ്പിച്ചയാള്‍' എന്ന വിശേഷണം ലഭിച്ച ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മുന്‍ അദ്ധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. തന്റെ നിലപാടുകള്‍ വെട്ടിതുറന്നു പറയുന്ന എംജിഎസ് കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയാണ്. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ കേരളം അടുത്തറിഞ്ഞ എംജിഎസ് വ്യക്തിജീവിതത്തിലും വളരെയേറെ പ്രത്യേകതകളുള്ള സ്വഭാവത്തിനുടമയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ച് നടന്‍ ആലുമ്മൂടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ. കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്ര. എംജിഎസിന്റെ തൊട്ടടുത്തെ സീറ്റിലായിരുന്നു ആലുമൂടന്‍ ഇരുന്നത്.

ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ നിന്ന് ഒരറിയിപ്പെത്തി. 'എന്‍ജിനില്‍ തീ കാണുന്നു.' ആലുമ്മൂടന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദൈവത്തെ വിളിച്ചുതുടങ്ങി. ആ സമയം ഒന്നും മിണ്ടാതെ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു എംജിഎസ്.നിങ്ങളെന്താ ദൈവത്തെ വിളിക്കുന്നില്ലേ എന്ന് ആലുമ്മൂടന്‍ ചോദിച്ചു. 'ഓ, എനിക്കാരെയും വിളിക്കാനില്ല. എല്ലാവരും വിളിക്കുന്ന ദൈവം വിമാനത്തെ രക്ഷിക്കുമെങ്കില്‍ ഞാനും രക്ഷപ്പെടുമല്ലോ 'എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് ഭാഗ്യത്തിന് അപകടമൊന്നുമില്ലാതെ വിമാനം നിലത്തിറങ്ങി.

എന്തെങ്കിലും വിശ്വസിക്കണമെങ്കില്‍ ആ ഭാഗ്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും എംജിഎസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അദ്ദേഹം തന്റെ മറ്റൊരു അന്ധവിശ്വാസത്തേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഏഴ് വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയുടെ ആത്മാവ് ഒപ്പമുണ്ടെന്ന് അദ്ദേഹം അന്ധമായി വിശ്വസിച്ചിരുന്നു. വിഷമഘട്ടങ്ങളില്‍ അത് രക്ഷയ്ക്ക് കാവലുണ്ടാകുമെന്നും ജീവിതപരീക്ഷണങ്ങളില്‍ വഴിതെറ്റാതെ നയിക്കുമെന്നും ഏറെക്കാലം അദ്ദേഹം വിശ്വസിച്ചിരുന്നു. ആ അന്ധവിശ്വാസമില്ലായിരുന്നെങ്കില്‍ താന്‍ ഏതെല്ലാം വഴിക്ക് പോകുമായിരുന്നു എന്നാലോചിക്കുമ്പോള്‍ ഭയം തോന്നുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാള്‍ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം.കേരള ചരിത്ര ഗവേഷണത്തില്‍ മികവ് തെളിയിച്ചു. അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദ മേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.

പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ ജലൃൗാമഹ െീള ഗലൃമഹമ എന്ന ഗവേഷണപ്രബന്ധത്തിന് പിഎച്ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവര്‍ഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തില്‍ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നു. 2004-05 കാലഘട്ടത്തില്‍ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാനായി. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു.

കേരളചരിത്രം, തമിഴകചരിത്രം, പ്രാചീന ഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തില്‍ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ബിരുദാനന്തരഗവേഷണപദ്ധതികള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു. ചരിത്ര ലേഖനങ്ങള്‍ക്കുപുറമേ കവിതയും ഇഷ്ടമേഖലയായിരുന്നു.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിന്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്‌പെക്ട്‌സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ ജാതിയും സെക്കുലര്‍മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ 'ജാലകങ്ങള്‍'ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

മലബാറിനെപ്പറ്റി വില്യം ലോഗന്റെ കാലശേഷമുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ എന്ന പേരില്‍ ഗ്രന്ഥം പ്രസാധനം ചെയ്തു. ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സാഹിത്യാപരാധങ്ങള്‍, ജനാധിപത്യവും കമ്മ്യൂണിസവും കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഭാര്യ: പ്രേമലത.മക്കള്‍:എന്‍.വിജയകുമാര്‍ (സ്‌ക്വാഡ്രന്‍ ലീഡര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്), എന്‍. വിനയ (ഡാന്‍സര്‍, ബെംഗളുരു). മരുമക്കള്‍: ദുര്‍ഗ വിജയകുമാര്‍ (യു.എസ്.എ), മനോജ് (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ബെംഗളുരു), സഹോദരങ്ങള്‍: പരേതരായ ദേവയാനി ഗോപിനാഥ്, ജയമണി പണിക്കര്‍. സംസ്‌കാരം നാലുമണിക്ക് മാവൂര്‍ റോഡ് സ്മൃതിപഥത്തില്‍ നടക്കും.