- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച ഇല്ലാതാകുന്ന അപൂര്‍വ്വ ജനിതക രോഗത്തെ നിര്‍ഭയം നേരിട്ടു; ഭൂതക്കണ്ണാടി വച്ച് നോക്കി അദ്ദേഹം പടുത്തുയര്‍ത്തിയത് അസീസി മാസികയും ഇന്ത്യന്‍ കറന്റ്സും അടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍; കര്‍മ്മയോഗിയായ കപ്പൂച്ചിന്‍ സന്ന്യാസി ഫാ. സേവ്യര്‍ വടക്കേക്കര വിടവാങ്ങുമ്പോള്‍
ഫാ. സേവ്യര്‍ വടക്കേക്കര വിടവാങ്ങുമ്പോള്‍
ന്യൂഡല്‍ഹി: കത്തോലിക്ക സഭയിലെ മാധ്യമപ്രവര്‍ത്തനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72) അന്തരിച്ചു. അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും ജീവന്‍ ബുക്സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കരയുടെ അന്ത്യം ഇന്നലെയാണ് സംഭവിച്ചത്.
കാഴ്ച ഇല്ലാതാകുന്ന ജനിതക രോഗത്തിനെതിരെ പൊരുതിയാണ് അദ്ദേഹം ഇന്ത്യന്‍ കത്തോലിക്ക മാധ്യമരംഗത്ത് നേട്ടങ്ങള്‍ കൊയ്തത്. 1981-1983 കാലഘട്ടത്തില്‍ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വര്‍ഷങ്ങളില്‍ ചീഫ് എഡിറ്ററും ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്‍ഡ്യന്‍ കറന്റസ് ഏറ്റെടുത്ത് വിജയത്തിലെത്തിച്ചു.
ചൊവ്വാഴ്ച(മാര്‍ച്ച് 18) യു.പി ദാസ്ന, മസൂരിയിലെ ക്രിസ്തുരാജ ദൈവാലയത്തില്‍ നടത്തുന്ന, മൃതസംസ്‌കാര ശുശ്രൂഷയുടെ പ്രാര്‍ഥനകള്‍ക്കു ശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം, വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ശരീരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കൈമാറും
അസ്സീസി മാസികയുടെ എഡിറ്ററായും ജീവന്‍ ബുക്സ് ഡയറക്ടറായും കേരളത്തില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഫാ. വടക്കേക്കര ഡല്‍ഹിയിലെത്തിയത്. തലസ്ഥാനത്ത് ഇംഗ്ലീഷ് വാരികയായ ഇന്ത്യന്‍ കറന്റ്സിന്റെ സാരഥ്യം ഏറ്റെടുത്തു. 20 വര്‍ഷത്തോളം ഇന്ത്യന്‍ കറന്റ്‌സ് വീക്ക്‌ലി എഡിറ്ററായിരുന്നു. അതിനു ശേഷം, മീഡിയ ഹൗസ് എന്ന പ്രസാധക സംരംഭത്തിനു തുടക്കമിട്ടു. പിന്നീട് ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടിശാലയില്‍ കര്‍മ്മനിരതനായി.
കാഴ്ച പരിമിതിയെ വെല്ലുവിളിച്ച് കഠിനാദ്ധ്വാനം
കാഴ്ച ഇല്ലാതാകുന്ന ജനിതക രോഗം ബാധിച്ചതോടെ, കഴിഞ്ഞ 35 വര്‍ഷമായി കാഴ്ചാ പരിമിതി അനുഭവിച്ചിരുന്നു. 9 സഹോദരന്മാരില്‍ നാല് പേര്‍ വൈദികരും മൂന്നുപേര്‍ കന്യാസ്ത്രീകളുമാണ്. സഹോദരങ്ങളായ പരേതരായ ഫാ. ജോ, ഫാ. ക്ലീറ്റസ് എന്നിവരെയും കാഴ്ച ഇല്ലാതാകുനന ജനിതക രോഗം ബാധിച്ചിരുന്നു. ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഡോ. വടക്കേക്കര ഈ രോഗം സംബന്ധിച്ച ഗവേഷണങ്ങള്‍ക്കായി, മരണശേഷം തന്റെ മൃതദേഹം ദാനം ചെയ്യുന്നതായി വില്‍പത്രത്തില്‍ എഴുതി വച്ചത്.
സത്യദീപത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രോഗാവസ്ഥയെ കുറിച്ച് ഡോ. വടക്കേക്കര പറയുന്നത് ഇങ്ങനെയാണ്: 'ആദ്യമൊക്കെ ഒത്തിരി ചികിത്സകള്‍ പരീക്ഷിച്ചു. അലോപ്പതിയും ആയൂര്‍വ്വേദവും നാട്ടുവൈദ്യവും നോക്കി. പിന്നെപ്പിന്നെ, കാഴ്ചശക്തി നഷ്ടപ്പെടുന്ന ഈ രോഗത്തിന് ചികിത്സയില്ല എന്ന് ബോധ്യപ്പെട്ടു. എന്റെ രണ്ടു വൈദികസഹോദരന്മാര്‍ക്കുകൂടി ഇതേ രോഗം വന്നുപെട്ടു. ആദ്യമൊക്കെ വലിയ ലെന്‍സ് ഉപയോഗിച്ച് വായിക്കാന്‍ ശ്രമിച്ചു. പിന്നീട്, ടേബിള്‍ ലാംപ് പോലുള്ള ഒരു സ്‌കാനര്‍ കിട്ടി. ഒരു ഇലക്ട്രോണിക് ഭൂതക്കണ്ണാടി എന്നു പറയാം. വായിക്കാനുള്ള പേജ് മേശപ്പുറത്തു വച്ച് ആ യന്ത്രം അക്ഷരങ്ങള്‍ക്കു മുകളിലൂടെ പതുക്കെ ചലിപ്പിക്കും. അത് കംപ്യൂട്ടര്‍ സ്‌ക്രീനുമായി ബന്ധിപ്പിച്ചിരിക്കും. ഓരോരോ അക്ഷരങ്ങള്‍ നൂറും ഇരുന്നൂറും മടങ്ങ് വലിപ്പത്തില്‍ സ്‌ക്രീനില്‍ കാണും. ഡല്‍ഹിയില്‍ പലപ്പോഴും സെക്രട്ടറിമാര്‍ എന്നെ ഒത്തിരി സഹായിച്ചിരുന്നു; ആശ്രമത്തില്‍ സഹോദരന്മാരും. കാഴ്ചശക്തി പോകുന്നതിനു മുമ്പ് കംപ്യൂട്ടറുകളുടെ സ്പെസിഫിക്കേഷനുകളെക്കുറിച്ചും ഘടകങ്ങളെക്കുറിച്ചും നന്നായി പഠിച്ചിരുന്നു. ദൈവം കുടുംബത്തിലൂടെയും സന്യാസ സമൂഹത്തിലൂടെയും പകര്‍ന്നു തന്ന മാനസിക ആത്മീയ പക്വതകളാണ് എല്ലാറ്റിനും അടിയില്‍ കിടക്കുന്നത്.'
ശരീരം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിന് പിന്നില്‍
തന്നെ ബാധിച്ച ജനിതക രോഗത്തിന്റെ ഗവേഷണത്തിനായാണ് അദ്ദേഹം മൃതദേഹം ദാനം ചെയ്തത്. വളരെ വിരളമായ ഈ രോഗം തങ്ങളുടെ കുടുംബത്തില്‍ മൂന്നു പേര്‍ക്ക് ഉണ്ടായതിനെ കുറിച്ച് അദ്ദേഹം വളരയേറെ ആലോചിച്ചിരുന്നു. ഫലപ്രദമായ ചികിത്സയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വൈദ്യലോകത്തിന് അതിനെക്കുറിച്ച് പഠിക്കാന്‍ ഒരു സാംപിള്‍ എന്ന നിലയില്‍ തന്റെ ശരീരം കൊണ്ട് ഭാവിതലമുറയ്ക്ക് നന്മ ഉണ്ടാകുന്നെങ്കില്‍ അതല്ലേ നല്ലത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കര്‍മ്മയോഗിയായ കപ്പൂച്ചിന്‍ സന്ന്യാസി
ഫാ. ഡോ. സേവ്യര്‍ വടക്കേക്കര കര്‍മ്മയോഗിയായ കപ്പൂച്ചിന്‍ സന്ന്യാസിയായിരുന്നു. ഇന്ത്യയൊട്ടാകെയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം. രണ്ടുതവണയായി നിരവധി വര്‍ഷങ്ങള്‍ അദ്ദേഹം അസ്സീസി മാസികയുടെ എഡിറ്റര്‍ ആയിരുന്നു. ഭരണങ്ങാനത്ത് ജീവന്‍ ബുക്‌സ് എന്ന പ്രസാധനശാലയും ഡല്‍ഹിയില്‍, മീഡിയ ഹൗസ് -ഡല്‍ഹി എന്ന പ്രസാധനശാലയും നോയ്ഡയില്‍ ജ്യോതി പ്രിന്റേഴ്സ് എന്ന അച്ചടി സംരംഭവും ആരംഭിച്ചത് അദ്ദേഹമായിരുന്നു.
ഡല്‍ഹി മീഡിയ ഹൗസിന്റെ ഫ്രാഞ്ചൈസിയായി കോഴിക്കോട് മീഡിയ ഹൗസ് ആരംഭിച്ചതും ഡോ.വടക്കേക്കര തന്നെയാണ്. പിന്നീട് ഫ്രാഞ്ചൈസി വിട്ട് ആത്മ ബുക്‌സ് എന്ന സ്ഥാപനമായി മാറി. അക്കാലത്തുതന്നെ ബാലസാഹിത്യത്തിനായി നന്മ ബുക്ക്‌സ് എന്ന പേരില്‍ മറ്റൊരു പ്രസാധന സംരംഭത്തിനും കോഴിക്കോട്ട് അദ്ദേഹം തുടക്കമിട്ടു. ഇന്‍ഡ്യന്‍ കറന്റ്‌സ് എന്ന പ്രസിദ്ധീകരണം സി ബി സിഐ യുടെ കീഴില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിരുന്നു. ഏറെ കട ബാധ്യതകളുള്ള ആ പ്രസിദ്ധീകരണം അദ്ദേഹം ഏറ്റെടുത്തു. ടാബ്ലോയ്ഡ് ഫോര്‍മാറ്റില്‍ ദ്വൈവാരിക ആയിരുന്ന അതിനെ അദ്ദേഹം മാഗസിന്‍ ഫോര്‍മാറ്റില്‍ ഇന്‍ഡ്യന്‍ കറന്റ്‌സ് എന്ന വാരികയാക്കി മാറ്റി. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രോജക്റ്റിനു കീഴില്‍ നൂറോളം കംപ്യൂട്ടറുകളോടെ ഒരു കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്ററും അദ്ദേഹം ഡല്‍ഹിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അദ്ദേഹം ചെയ്തത് തന്റെ കാഴ്ചശക്തി 70% ത്തോളം നഷ്ടപ്പെട്ടതിന് ശേഷമായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ദി ഫിലിപ്പീന്‍സില്‍ ജേര്‍ണലിസത്തില്‍ ഉപരിപഠനത്തിനായി പോയ അദ്ദേഹം തിരിച്ചുവരുമ്പോള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്ന അപൂര്‍വ്വരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു.
കുറെ സ്ഥാപനങ്ങള്‍ ആരംഭിച്ചത് മാത്രമല്ല അദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഈ സ്ഥാപനങ്ങിലൂടെ ഡോ.വടക്കേക്കരയും അദ്ദേഹത്തിന്റെ ശിഷ്യരും നല്‍കുന്ന പത്ര-പ്രസാധന സംഭാവനകളും എടുത്തുപറയണം. അദ്ദേഹം പ്രചോദനം നല്കി വളര്‍ത്തിയെടുത്ത പത്രപ്രവര്‍ത്തകരും എഴുത്തുകാരും കുറച്ചൊന്നുമല്ല പലയിടങ്ങളിലായിട്ടുള്ളത്. സഭയിലും സമൂഹത്തിലും നീതി നടപ്പാവുക എന്നത് മുന്‍നിര്‍ത്തിയായിരുന്നു ഫാ. സേവ്യര്‍ വടക്കേക്കരയുടെ പ്രവര്‍ത്തനം എല്ലായ്‌പ്പോഴും.