തിരുവനന്തപുരം : മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം പിന്നീട്. മെഡിക്കല്‍ കോളജ് മുറിഞ്ഞപാലം ശാരദ നിവാസില്‍.

പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്‌ക്‌സ് ഓഫിസര്‍, കേരള സര്‍വകലാശാല), രമാദേവിയുടെയും (കേരള സര്‍വകലാശാല മുന്‍ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാര്‍ (എക്‌സിക്യുട്ടീവ് എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ്). മകന്‍: ഇഷാന്‍ (ശ്രീകാര്യം ഇടവക്കോട് ലക്കോള്‍ ചെമ്പക സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി).

ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളും ശ്രദ്ധേയമായ സ്‌കൂപ്പുകളും ജി.വിനോദ് പുറത്തുകൊണ്ടുവന്നു. എംസി റോഡിന്റെ നവീകരണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ കരാര്‍ത്തുക ലഭിക്കാത്തിന്റെ പേരില്‍ പതിബെല്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ ലീ സീ ബിന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് മലേഷ്യയിലും ഇതര സംസ്ഥാന ലോട്ടറികളിലെ തട്ടിപ്പ് അന്വേഷിക്കാന്‍ ഭൂട്ടാനിലേക്കും അന്വേഷണാത്മക വാര്‍ത്തകള്‍ക്കായി യാത്ര ചെയ്തു.

മികച്ച റിപ്പോര്‍ട്ടിങ്ങിനും അന്വേഷണാത്മക വാര്‍ത്തകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്‌കാരങ്ങള്‍ നേടി. മികച്ച പത്രപ്രവര്‍ത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡലും കരസ്ഥമാക്കി. രാഷ്ട്രദീപികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച വിനോദ്. 2002ലാണു മനോരമയില്‍ ചേര്‍ന്നത്. അന്നു മുതല്‍ തിരുവനന്തപുരം ബ്യൂറോയിലാണ് ജോലി ചെയ്തിരുന്നത്. ചെമ്പഴന്തി എസ്എന്‍ കോളജില്‍ യൂണിയന്‍ ചെയര്‍മാനായിരുന്നു.