- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു; ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്ത്യം; സംസ്ക്കാരം വ്യാഴാഴ്ച്ച പാറ്റൂര്‍ പള്ളിയില്‍; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചിച്ചു പ്രതിപക്ഷ നേതാവ്
ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ മറ്റന്നാള്‍ നടക്കും. വ്യാഴാഴ്ച പകല്‍ 11 മണിയോടെ പാറ്റൂര്‍ പള്ളിയിലാണ് സംസ്‌കാരം നടക്കുക. നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ജയ് ഹിന്ദ് ടിവി ഓഫീസില്‍ മാത്യു സി ആറിന്റെ മൃതദേഹം സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം മുളവനയിലെ വീട്ടിലേക്ക് കൊണ്ടുപോകും. എസിവിയിലൂടെയാണ് മാത്യു സി ആര്‍ മാധ്യമരംഗത്തെത്തുന്നത്. പിന്നീട് സൂര്യ ടിവി ന്യൂസില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
മാത്യുവിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ആകുന്നതിനും മുന്‍പെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ കെ.എസ്.യു നേതാവായാണ് താന്‍ മാത്യുവിനെ പരിചയപ്പെടുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. ആരെയും ചോദ്യം ചെയ്യാന്‍ മടിക്കാത്ത കെ.എസ്.യു നേതാവായിരുന്നു. എം.എല്‍.എ ആയപ്പോഴേക്കും മാത്യു പൂര്‍ണമായും മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മാറിയിരുന്നു. അപ്പോഴും വൈകുന്നേരങ്ങളില്‍ എം.എല്‍.എ ഹോസ്റ്റലിലേക്കുള്ള വരവ് മുടക്കിയിരുന്നില്ല.
പ്രതിപക്ഷ നേതാവായപ്പോഴും മാത്യു കാണാനെത്താറുണ്ടായിരുന്നു. അടുത്തിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുമ്പോഴും മാത്യുവുമായി ഫോണില്‍ സംസാരിച്ചു. പിന്നീട് അമ്മയുടെ അസുഖ വിവരം അന്വേഷിച്ചും മാത്യുവിനെ വിളിച്ചിരുന്നു. കുടുംബാംഗത്തെ പോലെ എന്നോട് ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു മാത്യു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ നേരുന്നുവെന്നും സതീശന്‍ കുറിച്ചു.