- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1971ല്‍ വടകരയില്‍ ആദ്യ പ്രത്യക്ഷപ്പെട്ടത് ലീലാ ദാമോദരന്‍ വേണ്ടിയുള്ള കോണ്‍ഗ്രസ് ചുമരെഴുത്ത്; ഇന്ദിരയുടെ പിന്തുണയോടെ ആ ചുമരെഴുത്ത് മാറ്റി സ്ഥാനാര്‍ത്ഥിയായ ഡല്‍ഹിയില്‍ നിന്നുള്ള കേരളത്തിലെ ആദ്യ സര്‍ജിക്കല്‍ സട്രൈക്ക്; അടിയന്തരാവസ്ഥ ഇടതുപക്ഷത്ത് എത്തിച്ച സോഷ്യലിസം; വടകരയുടെ തലവിധിയെ വലത്തേക്ക് മാറ്റിയ വാഗ്മി; മുന്‍ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് നേതാവ് കെപി ഉണ്ണികൃഷ്ണന്‍ വിടവാങ്ങി

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകരയുടെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിച്ച, ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന അദ്ദേഹം ആറ് തവണ പാര്‍ലമെന്റില്‍ വടകരയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ.പി. ഉണ്ണികൃഷ്ണന്‍ പൊതുരംഗത്തെത്തുന്നത്. സ്‌കൂള്‍-കോളേജ് കാലഘട്ടത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പി.എസ്.പി) അംഗമായിരുന്ന അദ്ദേഹം, പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് 1960-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962 മുതല്‍ മരണം വരെ എ.ഐ.സി.സി അംഗമായിരുന്നു. പത്രപ്രവര്‍ത്തകനായി ജോലി ചെയ്യവെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ച അദ്ദേഹം, പിന്നീട് തോല്‍വി അറിയാതെ തുടര്‍ച്ചയായ ആറ് തവണ (1977, 1980, 1984, 1989, 1991) പാര്‍ലമെന്റിലെത്തി. വടകരയും കെ.പി. ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തിലെ അപൂര്‍വമായ ഒരു രാഷ്ട്രീയ രസതന്ത്രമായിരുന്നു.
വി.കെ. കൃഷ്ണമേനോനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഉണ്ണികൃഷ്ണന്‍ ഒരു കാലത്ത് ഇന്ദിരാഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് അദ്ദേഹം ഇന്ദിരയുമായി അകന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് (യു) വിഭാഗത്തിലും പിന്നീട് കോണ്‍ഗ്രസ് (എസ്) ലും എത്തി. 1989-90 കാലഘട്ടത്തില്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍, ഷിപ്പിംഗ്, ഉപരിതല ഗതാഗതം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി അദ്ദേഹം തിളങ്ങി. 1995-ലാണ് അദ്ദേഹം വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.
1936 സെപ്റ്റംബര്‍ 20-ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലായിരുന്നു ജനനം. ഇ. കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായ അദ്ദേഹം ചെന്നൈയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ കോളേജ്, പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെന്നൈ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. മികച്ച പ്രഭാഷകനും ഭരണതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ അതികായന്‍മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണന്‍ യുഎന്‍ അടക്കമുളള വിവിധ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടിയില്‍ അഭിഭാഷകനായ കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായ ഉണ്ണികൃഷ്ണന്‍ രാഷ്ട്രീയപാരമ്പര്യമുളള കുടുംബത്തിലാണ് പിറന്നത്. 'ബ്ലിറ്റ്‌സ്',ശങ്കേഴ്‌സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, 'മാതൃഭൂമി' എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ബോംബെ,ഡല്‍ഹി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. അഖിലേന്ത്യാ വിദ്യാര്‍ഥിസംഘടന ( നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്‌വാദി യുവക്‌സഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷം 1960ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിലെത്തിയശേഷം വി.കെ. കൃഷ്ണമേനോന്റെ ഒപ്പം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനിരയിലുള്‍പ്പെട്ടു. ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാനിയായി.
1971-ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി എഴുതിയ ചുവരെഴുത്ത് മായ്ച്ചാണ് ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയായി കെ.പി. ഉണ്ണികൃഷ്ണന്റെ പേരെഴുതിയത്. പിന്നീട് തുടര്‍ച്ചയായി ആറു തവണ വടകരയില്‍ നിന്ന് വിജയിച്ച ഉണ്ണിക്കൃഷ്ണന്‍ വടകരയുടെ ചരിത്രവും തിരുത്തിയെഴുതി. കേരളത്തില്‍ ഒരേ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണ വിജയിച്ച മറ്റൊരാളില്ല. നാല് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണെങ്കിലും താന്‍ എപ്പോഴും കോണ്‍ഗ്രസാണെന്ന് പറഞ്ഞിരുന്നു ഉണ്ണിക്കൃഷ്ണന്‍.
1971-ല്‍ വടകര മണ്ഡലത്തില്‍ ലീലാ ദാമോദരന്റെ പേരായിരുന്നു കെ.പി.സി.സി. നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഉണ്ണികൃഷ്ണനെയാണ് ഇന്ദിരാഗാന്ധി നിശ്ചയിച്ചത്. ഇത് ആദ്യം വലിയ കോളിളക്കമുണ്ടാക്കി. ആന്റണിയടക്കമുള്ള കെപിസിസിയിലെ യുവതുര്‍ക്കികള്‍ അന്ന് ഇന്ദിരാഗാന്ദിയെ പരസ്യമായി എതിര്‍ത്തു. അന്ന് സിപിഐയും കൂടെ ഉണ്ടായിരുന്നുവെങ്കിലും ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തെ തോല്‍പ്പിച്ചതിലൂടെ ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വം കെപിസിസിക്കു നല്‍കിയ ലിസ്റ്റില്‍ തന്റെ പേരും ഉണ്ടായിരുന്നു എന്ന് പിന്നീട് ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി എംഎല്‍എയും ബാലുശ്ശേരിയില്‍ നിന്നുള്ള കെപിസിസി അംഗവുമാണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും ഉണ്ണികൃഷ്ണ്‍ പറഞ്ഞിരുന്നു. 1967-ലെ തിരഞ്ഞെടുപ്പില്‍ തന്നെ ലോക്സഭയിലെത്തിക്കണമെന്ന് എഐസിസി പ്രസിഡന്റ് കാമരാജ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിലെ ചിലരുടെ എതിര്‍പ്പുമൂലം നടന്നില്ല. അങ്ങനെയാണ് 71-ല്‍ സ്ഥാനാര്‍ഥിയാകുന്നത്.
1971 മുതല്‍ 77 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിന്റെ എംപിയായി. പക്ഷെ അടിയന്തരാവസ്ഥ വന്നതോടെ ഉണ്ണികൃഷ്ണന്‍ ഇതേ ഇന്ദിരാഗന്ധിയുടെ കടുത്ത വിമര്‍ശനകനായി. നേരത്തെ ഉണ്ണികൃഷ്ണനെ എതിര്‍ത്തിരുന്ന ആന്റണി അടക്കമുള്ളവര്‍ ഉണ്ണികൃഷന്റെ ചേരിയിലേക്കും വന്നു. പിന്നീട് നേതൃത്വത്തിന്റെ നിലപാടുകളില്‍ കലഹിച്ച് കോണ്‍ഗ്രസ്(യു)വിലും കോണ്‍ഗ്രസ് (എസ്)ലും എത്തി. 80-ല്‍ ഇടതുപക്ഷക്കാരനായി. ആന്റണിയും കൂട്ടരും ഇടതുപരീക്ഷണം മതിയാക്കി പഴയ പാളയത്തിലേക്ക് തിരിച്ചുപോയപ്പോഴും ഉണ്ണികൃഷ്ണന്‍ ഉറച്ചു നിന്നു. പിന്നീട് കോണ്‍ഗ്രസിലേക്കും മടങ്ങി.


