മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയം കൊണ്ട് അക്ഷരവെളിച്ചും പകര്‍ന്ന സാമൂഹിക പ്രവര്‍ത്തക കെ വി റാബിയ(59)അന്തരിച്ചു. 2022ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. പതിനാലാമത്തെ വയസ്സുമുതല്‍ പോളിയോ ബാധിതയായി ശരീരം തളര്‍ന്ന റാബിയ ഏറെ വെല്ലുവിളികള്‍ നേരിട്ടായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിന് ശേഷം വീട്ടില്‍ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേര്‍ക്ക് വീല്‍ചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്തുു. റാബിയയുടെ സാക്ഷരതാപ്രവര്‍ത്തനത്തിന് യു.എന്‍. പുരസ്‌കരമടക്കം ലഭിക്കുകയും ചെയ്തു.

കുട്ടികാലത്ത് കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളില്‍ പോയത്. ഹൈസ്‌കൂളിലെത്തിയപ്പോള്‍ രോഗം മൂര്‍ഛിച്ചു. 14-ാം വയസ്സില്‍ കാലുകള്‍ നിശ്ചലമായി. തളര്‍ന്നിരിക്കാതെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടര്‍ന്നു. ബന്ധുവിന്റെ സഹായത്തോടെ സൈക്കിളിലായി യാത്ര. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ വൈകല്യം വകവയ്ക്കാതെ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ചേര്‍ന്നു. പക്ഷേ, പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്നായി പഠനം. കഥകള്‍ക്കും കവിതകള്‍ക്കും ഒപ്പം ശാസ്ത്രവും ചരിത്രവും പഠിച്ചു. സ്വയം പഠിച്ച് ബിരുദങ്ങള്‍ നേടി. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കുന്ന ടീച്ചറായി. 1990-കളിലാണ് റാബിയ സാക്ഷരതാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. 1994-ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ രത്‌നം അവാര്‍ഡ്, സംസ്ഥാന സാക്ഷരത മിഷന്‍ അവാര്‍ഡ്, സീതി സാഹിബ് അവാര്‍ഡ്, യൂണിയന്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, നാഷണല്‍ യൂത്ത് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പകരക്കാരിയായാണ് സാക്ഷരതാ ക്ലാസില്‍ ഇന്‍സ്ട്രക്ടറായത്. 1990 ജൂണില്‍ തന്റെ എല്ലാ പ്രായത്തിലുമുള്ള നിരക്ഷരര്‍ക്കായി ഒരു ക്യാമ്പയിന്‍ ആരംഭിച്ചു. തിരൂരങ്ങാടിയിലെ നിരക്ഷരരായ നൂറോളം പേര്‍ ക്ലാസിനെത്തിയിരുന്നു. ജോലി ശാരീരികാവസ്ഥയെ വഷളാക്കിയെങ്കിലും പ്രവര്‍ത്തനങ്ങളുമായി മുന്നേറി. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ ക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകള്‍ക്കായി ചെറുകിട ഉല്‍പ്പാദന യൂണിറ്റ്. വനിതാ ലൈബ്രറി, യൂത്ത് ക്ലബ് എന്നിവയും റാബിയയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചലനത്തിലൂടെ സാധിച്ചു.

2000ല്‍ അര്‍ബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 2004 ആയപ്പോഴേക്കും ജോലിയില്‍ തിരിച്ചെത്തി. 38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലായിരുന്നു. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളില്‍ തന്റെ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. ഒടുവില്‍ 'നിശബ്ദ നൊമ്പരങ്ങള്‍' പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് ഉള്‍പ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തില്‍ നിന്നുള്ള റോയല്‍റ്റിയാണ് ചികിത്സച്ചെലവുകള്‍ക്ക് ഉപയോഗിച്ചത്.

ചെറുപ്പത്തിലേ വായന ശീലമാക്കിയ റാബിയ അക്ഷരങ്ങളെ വിട്ട് യാത്രയാവുകയാണ്. വീല്‍ചെയറിലിരുന്ന് റാബിയ നടത്തിയ വിപ്ലവകരമായ പോരാട്ടം ഒരുപാട് പേരുടെ ജീവിതത്തിനാണ് വെളിച്ചം നല്‍കിയത്. പരിമിതികളൊന്നും സ്വപ്നം കാണാന്‍ തടസമല്ലെന്ന് റാബിയ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.