ബലിവേദികളില്‍ ശ്രേഷ്ഠപുരോഹിതനും പടനിലങ്ങളില്‍ തളരാത്ത പോരാളിയുമായി നിറഞ്ഞുനിന്ന ജീവിതം. വിറയാര്‍ന്ന കണ്ഠത്തില്‍നിന്ന് 'അനുഗ്രഹിക്കപ്പെട്ട വാത്സല്യ മക്കളേ' എന്ന വിളി ഇനിയില്ല. നനവുള്ള ആ ശബ്ദം ആയിരങ്ങളെ കരയിച്ചു, അടക്കിനിര്‍ത്തേണ്ടവരെ നിശ്ശബ്ദരാക്കി. എറണാകുളം പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായിയുടെയും കുഞ്ഞാമ്മയുടെയും 8 മക്കളില്‍ ആറാമന്‍. 1929 ജൂലൈ 22നു ജനനം. അപസ്മാരരോഗം മൂലം പ്രാഥമികഘട്ടത്തില്‍ത്തന്നെ സ്‌കൂള്‍ പഠനം അവസാനിച്ചു.

കുഞ്ഞൂഞ്ഞിനെ രോഗമാണ് ദൈവത്തോട് അടുപ്പിച്ചത്. വയലില്‍വച്ച് നായ കടിച്ചതിനുശേഷമാണ് മോഹാലസ്യപ്പെട്ടുവീഴുന്ന അസുഖം തുടങ്ങിയത്. രോഗം കുഞ്ഞൂഞ്ഞിനെ വിടാതെ പിന്തുടര്‍ന്നു. ഈ രോഗം കാരണം പല തവണ അപകടത്തില്‍ പെട്ടിട്ടുണ്ട്. രോഗം കൂടിയപ്പോള്‍ മലേക്കുരിശ് ദയറയില്‍ കൊണ്ടുപോയി അമ്മ മനസുരുകി പ്രാര്‍ത്ഥിച്ചു. രോഗം മാറിയാല്‍ മകനെ ദൈവത്തിന് സമര്‍പ്പിക്കാം എന്ന്. പിന്നീട് കുഞ്ഞൂഞ്ഞിന് രോഗം വന്നിട്ടേ ഇല്ല.

നാലാം ക്ലാസ് തോറ്റ് വീട്ടില്‍ ആടിനെ നോക്കുന്ന സമയത്താണ് തപാല്‍ ഓഫീസില്‍ ജോലിക്ക് കയറുന്നത്. പുത്തന്‍കുരിശില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കാണ് ആദ്യ ഓട്ടം. മടക്കയാത്രയില്‍ പത്രവിതരണക്കാരനായി. അക്കാലത്ത് ചില പണക്കാരും സ്ഥാപനങ്ങളുമൊക്കെയാണ് പത്രം വാങ്ങുന്നത്. ആ വരുമാനത്തില്‍ ആദ്യ വാഹനം. 43 രൂപയ്ക്ക് ഒരു സൈക്കിള്‍. മൂന്ന് വര്‍ഷം ജോലി തുടര്‍ന്നു.

1958 സെപ്റ്റംബര്‍ 21ന് മഞ്ഞനിക്കര ദയറയില്‍വച്ചു വൈദികപ്പട്ടമേറ്റു. ചെറുവിള്ളി കുടുംബത്തിലെ 43ാമത്തെ വൈദികന്‍. പുത്തന്‍കുരിശ്, കീഴ്മുറി, വെള്ളത്തൂവല്‍, മലമ്പുഴ, തൃശൂര്‍, ഫോര്‍ട്ട് കൊച്ചി, കൊല്‍ക്കത്ത പള്ളികളില്‍ വികാരിയായി. നാലു പള്ളികളില്‍ ഒരേസമയം സേവനം ചെയ്തു. പല പള്ളികളും പുതുക്കിപ്പണിയാനുള്ള നിയോഗമുണ്ടായി. ഇടവക ഭരണത്തെക്കാള്‍ സുവിശേഷ പ്രസംഗമായിരുന്നു ഫാ. തോമസിന് ഇഷ്ടം. പള്ളിപ്പെരുന്നാളുകളിലും സുവിശേഷയോഗങ്ങളിലും ഫാ. തോമസിന്റെ പേര് മലങ്കരയിലെങ്ങും നിറഞ്ഞുനിന്നു.

2002 ജൂലൈ 26 മുതല്‍ യാക്കോബായ സഭയുടെ പ്രാദേശിക തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കല്‍ കുഞ്ഞാമ്മയുടെയും എട്ടുമക്കളില്‍ ആറാമനായാണ് കുഞ്ഞൂഞ്ഞ് എന്ന സി എം തോമസ് ജനിച്ചത്. 1952ല്‍ 23-ാം വയസ്സില്‍ കോറൂയോ പട്ടം സ്വീകരിച്ചു. 1957ല്‍ കടമറ്റം പള്ളിയില്‍ ശെമ്മാശപ്പട്ടവും 1958 സെപ്തംബര്‍ 21ന് മഞ്ഞിനിക്കര ദയറായില്‍ ഫാ. സി എം തോമസ് ചെറുവിള്ളില്‍ എന്നപേരില്‍ വൈദികപട്ടവും സ്വീകരിച്ചു.

പുത്തന്‍കുരിശ്, വെള്ളത്തൂവല്‍, കീഴ്മുറി, വലമ്പൂര്‍, ഫോര്‍ട്ട് കൊച്ചി, കൊല്‍ക്കത്ത, തൃശൂര്‍, ചെമ്പൂക്കാവ്, പടിഞ്ഞാറേകോട്ട ഇടവകകളില്‍ വൈദികനായി. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സ്ഥാപനകാലം മുതല്‍ 1974 വരെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും ചാപ്ലിനായും പ്രവര്‍ത്തിച്ചു. 1973 ഒക്ടോബര്‍ 11ന് മെത്രാപോലീത്തയായി. 1974 ഫെബ്രുവരി 24ന് ദമാസ്‌കസില്‍ ആകമാന സുറിയാനി സഭ മേലധ്യക്ഷന്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇദ്ദേഹത്തെ തോമസ് മാര്‍ ദിവന്നാസിയോസ് എന്ന പേരില്‍ അങ്കമാലി ഭദ്രാസന മെത്രാപോലീത്തയായി വാഴിച്ചു. 1999 ഫെബ്രുവരി 22ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റായി.

2000 ഡിസംബര്‍ 22ന് കാതോലിക്കാ ബാവയായി. 2002 ജൂലൈ ആറിന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി അസോസിയേഷനില്‍ മലങ്കര മെത്രാപോലീത്തയാക്കി. 2002 ജൂലൈ 26ന് ദമാസ്‌കസില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ യാക്കോബായ സഭ പ്രാദേശിക തലവനായി ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ഇദ്ദേഹത്തെ വാഴിച്ചു.

മൂന്നുപതിറ്റാണ്ടിലേറെയായി പ്രമേഹത്തോട് പൊരുതിയാണ് ബാവ സഭയെ മുന്നോട്ടുകൊണ്ടുപോയത്. എങ്കിലും ആറ് വര്‍ഷംമുമ്പ്, 90-ാംവയസ്സില്‍ മാത്രമാണ് അദ്ദേഹം അല്‍പ്പമൊന്ന് പതറിയത്. അന്ന് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ കുറച്ചുദിവസം ചികിത്സ വേണ്ടിവന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

പനിയും ചിക്കന്‍പോക്സും അതീവഗുരുതരാവസ്ഥയില്‍ എത്തിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ചു. പരീക്ഷണങ്ങള്‍ തീര്‍ന്നില്ല. ഒരിക്കല്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായി മരണത്തിന്റെ വക്കിലെത്തി. കോവിഡ് ബാധിച്ചു. 90 വയസ്സിനുശേഷമുണ്ടായ ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് തിരികെയെത്തിയത് സഭയ്ക്കുവേണ്ടിയാണെന്ന് വിശ്വാസികള്‍ പറഞ്ഞിരുന്നു. പ്രാര്‍ഥനയ്‌ക്കൊപ്പം ചിട്ടയായ ജീവിതചര്യകൂടിയാണ് കര്‍മരംഗത്ത് തന്നെ സജീവമാക്കുന്നതെന്നായിരുന്നു ബാവയുടെ വാക്കുകള്‍.