ബെംഗളൂരു: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കൊൽക്കത്തൻ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസവുമായിരുന്ന ഇല്യാസ് പാഷ (61) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണവാർത്ത ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് പുറത്തുവിട്ടത്. തൊണ്ണൂറുകളിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധനിരയിലെ കരുത്തനായിരുന്ന ഇല്യാസ് പാഷ ക്ലബ്ബിന് നിരവധി നേട്ടങ്ങൾ സമ്മാനിച്ചു.

1990-ൽ ഡ്യൂറണ്ട് കപ്പ്, ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ് എന്നിവയുൾപ്പെടെ മൂന്ന് കിരീടങ്ങളിലേക്ക് ഈസ്റ്റ് ബംഗാളിനെ നയിച്ചത് നായകനായ ഇല്യാസ് പാഷയായിരുന്നു. ഈസ്റ്റ് ബംഗാളിനായി കളിച്ച ഒമ്പത് വർഷക്കാലയളവിൽ, അഞ്ച് കൽക്കട്ട ഫുട്ബോൾ ലീഗുകൾ, നിരവധി ഐഎഫ്എ ഷീൽഡുകൾ, നാല് ഡ്യൂറണ്ട് കപ്പുകൾ എന്നിവയുൾപ്പെടെ 28 ട്രോഫി വിജയങ്ങളിൽ അദ്ദേഹം പങ്കാളിയായി. 1987-ലാണ് ഇല്യാസ് പാഷ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

1987, 1991 വർഷങ്ങളിലെ നെഹ്‌റു കപ്പിലും 1991-ലെ സാഫ് ഗെയിംസിലും 1992-ലെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി അദ്ദേഹം ബൂട്ടണിഞ്ഞു. റൈറ്റ് ബാക്ക് സ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 1993-ൽ നേപ്പാളിൽ നടന്ന വായ് വായ് കപ്പിൽ ഈസ്റ്റ് ബംഗാൾ കിരീടം നേടിയപ്പോഴും ക്യാപ്റ്റൻ അദ്ദേഹമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമായിരുന്നു ഇത്.

1993-94 ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പിൽ ഇറാഖിലെ അൽ സവ്റ എസ്സിക്കെതിരെ ഈസ്റ്റ് ബംഗാൾ 6-2ന് വിജയം നേടിയപ്പോഴും ടീമിനെ നയിച്ചത് പാഷയായിരുന്നു. ആഭ്യന്തര തലത്തിൽ, 1993-ലും 1995-ലും ബംഗാളിനൊപ്പം രണ്ട് സന്തോഷ് ട്രോഫി കിരീട നേട്ടങ്ങളിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ബെംഗളൂരുവിലെ വിനായക ഫുട്ബോൾ ക്ലബ്ബിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവന്നത്.