- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; അന്ത്യം ബംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറയുന്നത് ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യത്തെ മലയാളി താരം; 1972ലെ മ്യൂണിക് ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളി; രാജ്യം ആദരിച്ചത് ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി
കണ്ണൂര്‍: ഒളിമ്പിക്സ് ഹോക്കി മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ഹെബ്രാല്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയായിരുന്നു. 1978 അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന്ത്യന്‍ ഗോള്‍ വലയം കാത്തത്.
കായികരംഗത്തെ സംഭാവനകള്‍ക്കു രാജ്യം 2019ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഏഴു വര്‍ഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ ടൈബ്രേക്കറില്‍ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. ഫുട്‌ബോളില്‍ സ്‌ട്രൈക്കറായും ഹോക്കിയില്‍ ഗോള്‍കീപ്പറായും തുടങ്ങിയ മാനുവല്‍ കണ്ണൂര്‍ ബിഇഎം സ്‌കൂളിലെ ഫുട്‌ബോള്‍ ടീമില്‍നിന്ന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ടീം വഴി ഹോക്കിയില്‍ സജീവമായി. 17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. 1971ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം. ബെംഗളൂരു ആര്‍മി സര്‍വീസ് കോറില്‍നിന്നു വിരമിച്ചു.
1972 ലെ മ്യൂണിച്ച് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയാണു ബര്‍ണശ്ശേരി സ്വദേശി മാന്വല്‍ ഫ്രെഡറിക്. സ്വന്തമായി വീട് പോലും ഇല്ലാത്ത ഒളിംപ്യന്റെ ജീവിതം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണു വീടിനു സ്ഥലം അനുവദിച്ചത്. അന്നത്തെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വീടു വയ്ക്കാന്‍ പണം അനുവദിച്ചു. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ പള്ളിയാംമൂലയില്‍ വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
ഒരു കാലത്ത് ഹോക്കിയെന്നാല്‍ കണ്ണൂരിന്റെ വികാരം തന്നെയായിരുന്നു. താന്‍ പഠിച്ച ബി.ഇ.എം.പി സ്‌കുളിനും സെന്റ് മൈക്കിള്‍സിനും വേണ്ടിയായിരുന്നു മാനുവല്‍ കളി തുടങ്ങിയത്. കണ്ണൂരിലെ കോട്ടമൈതാനിയായിരുന്നു കളിക്കളം. പതിമുന്നാം വയസില്‍ ആര്‍മി ബോയ്‌സില്‍ ചേര്‍ന്നു.1965ല്‍ സിനിമാ താരങ്ങള്‍ വരെ കാണാന്‍ വന്നിരുന്ന ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു എ.സി ടീമിനു വേണ്ടിയായിരുന്നു ഗോള്‍വലയം കാത്തത്. 1965 ല്‍ ടീം ടുര്‍ണമെന്റില്‍ കളിച്ചപ്പോള്‍ ടീമിനെ ബോളിവുഡ് സിനിമാ താരങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് എതിരേറ്റത്.പിന്നീട് ഇന്ത്യന്‍ കായിക രംഗത്ത് മാനുവലിന്റെ ഉദയമായിരുന്നു 1971ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഫ്രെഡറിക്കിന്റെ മിന്നും പ്രകടനമാണ് ഒളിംപിക്‌സ് ടീമിലേക്കുള്ള വഴി തുറന്നത്.
ഇന്ത്യന്‍ കായിക രംഗത്തെ വിവേചനത്തിനും രാഷ്ട്രീയ ഇടപെടലുകളുടെയും ഇരയായി മാറിയ ഹോക്കി ഇതിഹാസമായിരുന്നു മാനുവല്‍. രാജ്യത്തിനായി വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നുവെങ്കിലും കളിക്കളത്തില്‍ ടൈഗര്‍ എന്ന വിളിപ്പേരുള്ള മാനുവലിന് അര്‍ഹതയ്ക്കുള്ള അംഗീകാരം ഒരിക്കലും ലഭിച്ചിരുന്നില്ല. മെഡല്‍ നേടിയ ടീമിലെ എട്ടുപേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ടു പേര്‍ക്ക് പത്മശ്രീയും ലഭിച്ചപ്പോള്‍ ഭരണാധികാരികള്‍ മാനുവലിനെ മാത്രം മറന്നിരുന്നു. 21 അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ രാജ്യത്തിന്റെ ഗോള്‍വലയം കാത്ത താരത്തിനാണ് അവഗണയുടെ കയ്പ്പുനീര് കുടിക്കേണ്ടി വന്നത്. 2019 ല്‍ തന്റെ പ്രിയ താരമായ ധ്യാന്‍ചന്ദിന്റെ പേരിലുള്ള ദേശീയ പുരസ്‌കാരം മാനുവലിന് ലഭിച്ചത് കണ്ണൂരിലെ ഒരു കൂട്ടം കായിക പ്രേമികളുടെ ഇടപെടല്‍ കാരണമായിരുന്നു.
കണ്ണൂര്‍ കോട്ടയ്ക്കടുത്തെ ബി.ഇ.എം.പി സ്‌കുളിലും കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കുളിലുമായിരുന്നു വിദ്യാഭ്യാസം. തന്റെ പതിനൊന്നാമത്തെ വയസില്‍ ഹോക്കിസ്റ്റിക്കെടുത്ത മാനുവലിന് പിന്നീട് കളി തന്നെയായിരുന്നു ജീവിതം. ബംഗളൂരു ആര്‍മി സപ്‌ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയ തലത്തില്‍ അവസരങ്ങള്‍ തുറന്നു കിട്ടുന്നത്. പിന്നീട് കളിയില്‍ നിന്നും വിരമിച്ച ശേഷം 18 വര്‍ഷം ബംഗളൂരു എച്ച്.എ.എല്ലിന്റെ പരിശീലകനായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കണ്ണൂരിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് 20 ലക്ഷം രൂപ അനുവദിക്കുകയും രണ്ടു വര്‍ഷം മുന്‍പ് പിണറായി സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ഗോള്‍വലയം കാത്ത കായിക പ്രതിഭയ്ക്ക് പയ്യാമ്പലം പള്ളിയാംമൂലയില്‍ പുതിയ വീടുവെച്ചു നല്‍കുകയും ചെയ്തു.
ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബെംഗളുരു), ടിനു തോമസ് (മുംബൈ). സഹോദരങ്ങള്‍: മേരി ജോണ്‍, സ്റ്റീഫന്‍ വാവോര്‍, പാട്രിക് വാവോര്‍, ലത, സൗദാമിനി.




