തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ച കഴിഞ്ഞ് 2.50നായിരുന്നു അന്ത്യം. രണ്ടുവര്‍ഷം മുമ്പാണ് മെത്രാന്‍ പദവിയില്‍ അരനൂറ്റാണ്ട് തികച്ചതിന്റെ ആഘോഷ പരിപാടികള്‍ തൃശൂരില്‍ നടന്നത്.

മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മാര്‍ച്ച് ഒന്നിനായിരുന്നു 43 ാം വയസില്‍ മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാന്‍പദവിയിലേക്കുള്ള വരവ്. സുദീര്‍ഘമായ 22 വര്‍ഷംകൊണ്ട് രൂപതയെ ആത്മീയ - സാമൂഹ്യവളര്‍ച്ചയിലേക്കു നയിച്ചു. പിന്നീട്, താമരശേരിയിലും തൃശൂരിലുമായി ദീര്‍ഘകാലം രൂപതകളെ നയിച്ചു. 1995ല്‍ താമരശേരി രൂപതയുടെ ഇടയനായി. 1996 ഡിസംബര്‍ 18ന് തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി നിയമനം. 2007 മാര്‍ച്ച് 18ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനു ചുമതലകള്‍ കൈമാറി.

സൗമ്യമായ സംഭാഷണവും ആത്മീയേതജസുമായി വിശ്വാസികളുടെ പ്രിയപ്പെട്ടവനായി മാറി. 2007 മാര്‍ച്ച്പതിനെട്ടിനാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചത്. തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

1930 ഡിസംബര്‍ 13ന് പാലായിലെ വിളക്കുമാടം ഗ്രാമത്തിലായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ ജനനം. പിന്നീട് കുടുബം കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടിയേറി. 1956 ഡിസംബറില്‍ തലശേരി രൂപതയ്ക്കുവേണ്ടി റോമിലായിരുന്നു പൗരോഹിത്യസ്വീകരണം.


രണ്ടുതവണ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000-06) വൈസ് പ്രസിഡന്റ് പദവി വഹിച്ചു. 2004ല്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടി

കാരിത്താസിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റര്‍മാരുമായി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തുദാസി സമൂഹത്തിന്റെ സ്ഥാപകനാണ്. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനായിരുന്നു.