കോഴിക്കോട്: ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. നാലു തലമുറകള്‍ വായിച്ചിട്ടും തീരാത്ത അക്ഷയ ഖനിയാണ് ഭാരതപ്പുഴ തെക്കുവടക്കായി ഒഴുകുന്ന കൂട്ടക്കടവില്‍ നിന്ന് വയലും കുരുതിപ്പറമ്പും കഴിഞ്ഞ് മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലേക്ക് ഒതുക്കു കല്ലുകള്‍ കയറിവന്ന കഥകളും കഥാപാത്രങ്ങളുമില്ലെങ്കില്‍ എം ടി എന്ന കഥാകാരനേയില്ല.

അതൊരു നാടിന്റെയും കുടുംബത്തിന്റെയും നാലുകെട്ടിന്റെയും കഥകളെന്നതിനപ്പുറം മനുഷ്യസമുദായത്തിന്റെ മുഴുവന്‍ നിത്യദുരന്തകഥകളായി മാറിയെന്നതാണ് അതിന്റെ മാജിക്ക്. മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ എംടിയുടെ കഥകളിലൂടെയുമായിരുന്നുവെന്നാണ് ഒരു നിരൂപകന്‍ കുറിച്ചു വച്ചത്. കൂട്ടുകുടുംബവ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണുകുടുബത്തിലെ ബന്ധസംഘര്‍ഷങ്ങള്‍ കൂടിയെഴുതിയേ വിശ്രമിച്ചതുള്ളൂവെന്ന വസ്തുതയും ആ നിരൂപകന്‍ പറയുന്നു.. നാലുകെട്ടിന്റെ ഒടുവില്‍ അപ്പുണ്ണി പറയുന്നുണ്ട്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണമെന്ന്, എന്നിട്ട് കാറ്റും വെളിച്ചവും കടക്കുന്ന പുതിയൊരു വീടുവെക്കണമെന്ന്.

സാഹിത്യജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ എം.ടി.വാസുദേവന്‍ നായര്‍ നോവല്‍ രചനയിലേക്കു കടന്നിരുന്നു. മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ചെറുകഥ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതിനു മുന്‍പുതന്നെ എം.ടി. വാസുദേവന്‍ നായര്‍ നോവല്‍ രചനയിലേക്കു കടന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ 'പാതിരാവും പകല്‍വെളിച്ചവും' പാലക്കാട്ടു നിന്നു പ്രസാധനം ചെയ്തിരുന്ന മലയാളി എന്ന ആനുകാലികത്തില്‍ 1950 കാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. ബിരുദം നേടി ജോലിയില്ലാതെ കഴിഞ്ഞ ഘട്ടത്തില്‍ കുറെക്കാലം എംടി പാലക്കാട്ട് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എം.ബി ട്യൂട്ടോറിയല്‍സില്‍ പഠിപ്പിച്ചിരുന്നു. അവര്‍ നടത്തിയിരുന്ന ആനുകാലികപ്രസിദ്ധീകരണമായിരുന്നു മലയാളി.

അതില്‍ തുടര്‍ക്കഥയായി പ്രസിദ്ധീകരിച്ചതാണ് 'പാതിരാവും പകല്‍വെളിച്ചവും. 1958ലാണ് എം.ടിയുടെ നാലുകെട്ട് പ്രസിദ്ധീകരിക്കുന്നത്. അതിനു കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ പ്രസാധകര്‍ താല്‍പര്യമെടുത്താണ് 'പാതിരാവും പകല്‍വെളിച്ചവും' പുസ്തകമാക്കിയത്. വളര്‍ന്നു വരുന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ സ്പര്‍ശം ചെറിയ തോതില്‍ ആ നോവലിലെ കഥാപാത്ര കല്‍പനയിലും ചില ജീവിതസന്ദര്‍ഭചിത്രീകരണങ്ങളിലും കാണാനാകും. നോവലിന്റെ അന്ത്യത്തില്‍ ഫാത്തിമ മകനോടു ചോദിക്കുന്ന മൊയ്തീനേ ജ്ജ് ഒരു മന്‌സനാ? എന്ന ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന മാനവികപക്ഷം എംടിയുടെ സാഹിത്യജീവിതത്തിലുടനീളം പുലരുന്ന അടിസ്ഥാനധാരയാണ്.

ആ ആശയം ശക്തമായി പ്രക്ഷേപിക്കുന്ന ആദ്യകാലകൃതി എന്ന നിലയിലാകാം എംടിയുടെ സാഹിത്യലോകത്ത് ഈ നോവലിന്റെ പ്രാധാന്യം. എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്റെ രചനാസ്വത്വം തനിമയോടെ പ്രവര്‍ത്തിക്കുന്ന ആദ്യനോവല്‍ അതാണ്. കേരളസമൂഹം ദ്രുതപരിണാമങ്ങള്‍ക്കു വിധേയമായിരുന്ന സമീപഭൂതകാലത്തിന്റെ അന്തഃസംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന കൃതിയാണത്. പരമ്പരാഗതവും നിശ്ചലവുമായ ജീവിതാന്തരീക്ഷത്തിലേക്കു പുതിയകാലത്തിന്റെ ചലനം കടന്നുവരുന്നതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രീകരണം ആ നോവല്‍ നിര്‍വഹിക്കുന്നു. നൂറ്റാണ്ടുകളുടെ ജീര്‍ണത പേറുന്ന ഇരുണ്ട നാലുകെട്ട് പൊളിച്ചുമാറ്റുകയും പുതിയകാലത്തിന്റെ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടു പണിചെയ്യാന്‍ തുടക്കമിടുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും ചെറുകുടുംബങ്ങളുടെ രൂപീകരണവും നടന്നുകൊണ്ടിരുന്ന സാമൂഹികപരിണാമപ്രക്രിയയെ 'നാലുകെട്ട്' വൈകാരികസ്പര്‍ശത്തോടെ രേഖപ്പെടുത്തി. വ്യവസ്ഥാപിതത്വത്തിന്റെ ജീര്‍ണതകളെ നിരാകരിച്ചുകൊണ്ട് മനുഷ്യനു മനുഷ്യനായി ജീവിക്കാനാവുന്ന, കാറ്റും വെളിച്ചവും കടന്നു വരുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കാന്‍ കഴിയണം എന്ന ചിന്ത ആ നോവല്‍ ഉയര്‍ത്തിപ്പിടിച്ചു. മലയാളത്തില്‍ ഇന്നും വായനക്കാരുള്ള കൃതിയായി 'നാലുകെട്ട്' തുടരുന്നു. അസുരവിത്തും കാലവും രണ്ടാമൂഴവും എല്ലാം തന്നെ എം.ടി എന്ന മഹാനായ എഴുത്തുകാരന്റെ രചനാ വൈഭവത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്.