കോഴിക്കോട്: അന്തരിച്ച മഹാസാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കും. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കി വിട നല്‍കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. അത് കുടുംബത്തെ അറിയിച്ചു. അവരും അതിനോട് യോജിച്ചുവെന്നാണ് സൂചന. മാവൂര്‍ റോഡ് ശ്മശാനത്തിലാകും ഔദ്യോഗിക ബഹുമതി ചടങ്ങുകള്‍ നടക്കുക. ഇന്നലെ രാത്രിയോടെയാണ് ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ദുഃഖം ആചരിക്കുകയാണ്. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി കോഴിക്കോട് എത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് കുടുംബവുമായി പലവട്ടം സംസാരിച്ചു. കേരളത്തിന്റെ ആഗ്രഹം അറിയിച്ചു. തുടര്‍ന്നാണ് ഔദ്യോഗിക ബഹുമതി നല്‍കുന്നതില്‍ തീരുമാനമായത്. ഇതിനുള്ള ഒരുക്കങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. വലിയ തിരക്കാണ് എംടിക്ക് ആദരവ് അര്‍പ്പിക്കാന്‍ അനുഭവപ്പെടുന്നത്. ആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും കുറവുണ്ടായിട്ടില്ല. ഇതിന് തെളിവാണ് വീട്ടിലെക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം.

കഴിഞ്ഞ 15നാണ് എം.ടിയെ ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നീര്‍ക്കെട്ട് വര്‍ധിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതല്‍ വഷളായി. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനിടെ ബുധനാഴ്ച നില കൂടുതല്‍ വഷളായി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. രാത്രി ഒന്‍പതോടെ വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായി. പിന്നീട് രാത്രി പത്തോടെ മരണം ഡോക്ടര്‍മാര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

മോഹഭംഗത്തിന്റെയും ആത്മനിന്ദയുടെയും പശ്ചാത്താപത്തിന്റെയും പകയുടെയും പ്രണയത്തിന്റെയും ശാലീനതയുടെയും ആഴമെന്തെന്നത് ഏറിയകൂറും മലയാളിക്ക് ബോധ്യമായത് എംടിയെ വായിച്ചനുഭവിച്ചപ്പോഴാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെന്ന നിലയില്‍ എംടി പ്രവര്‍ത്തിച്ച കാലഘട്ടം ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കി. ഡിസംബര്‍ 16 ന് പുലര്‍ച്ചെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

1933ല്‍ പുന്നയൂര്‍ക്കുളത്ത് ജനിച്ച രസതന്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായും പത്രാധിപനായും എം.ടി. സേവനമനുഷ്ഠിച്ചു. സാഹിത്യജീവിതം ചെറുപ്പത്തില്‍ തന്നെ തുടങ്ങി. ആദ്യ നോവല്‍ 'നാലുകെട്ട്' 1958ല്‍ പ്രസിദ്ധീകരിച്ചു. 1954ല്‍ മാതൃഭൂമിയുടെ ചെറുകഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' ഒന്നാം സ്ഥാനം നേടിയത് സാഹിത്യജീവിതത്തിന് മികച്ച തുടക്കമായി. 1958ല്‍ പ്രസിദ്ധീകരിച്ച ആദ്യനോവല്‍ 'നാലുകെട്ട്' കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' തുടങ്ങിയ രചനകള്‍ക്ക് അനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 'പാതിരാവും പകല്‍വെളിച്ചവും', 'കാലം', 'രണ്ടാമൂഴം', 'ഗോപുരനടയില്‍' തുടങ്ങിയ കൃതികള്‍ ഏറെ വായിക്കപ്പെട്ടു.

'മുറപ്പെണ്ണ്' എന്ന കഥയുടെ തിരക്കഥയെഴുതിയാണ് എം.ടി.യുടെ ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനം. 'നിര്‍മാല്യം' (1973) ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ എം.ടി. ചലച്ചിത്ര സംവിധായകനെന്ന നിലയിലും ലോകം അംഗീകരിച്ചു. 'ഓരു വടക്കന്‍ വീരഗാഥ', 'കടവ്', 'സദയം', 'വാനപ്രസ്ഥം' തുടങ്ങിയ സിനിമകള്‍ക്ക് ദേശീയ തിരക്കഥയിലൂടെ അവാര്‍ഡുകള്‍ ലഭിച്ചു. ജ്ഞാനപീഠ പുരസ്‌കാരം (1995), പത്മഭൂഷണ്‍ (2005), കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങി ധാരാളം അംഗീകാരങ്ങള്‍ എം.ടി.യെ തേടിയെത്തി. എം.ടി.യുടെ കൃതികള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു.