പത്തനംതിട്ട: ദിവസങ്ങള്‍ക്ക് മുമ്പ് പെരുന്നാളും കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് അനുവും നിഖിലും പൂങ്കാവ് പള്ളിമുറ്റത്ത് നിന്നും പടിയിറങ്ങിയത്. ഇരുവര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ട സ്ഥലമായിരുന്നു ആ പള്ളി മുറ്റം. തങ്ങളുടെ സ്‌നേഹത്തിനും വിവാഹത്തിനും സാക്ഷിയായ ഇടം. ഒടുവില്‍ ചേതനയറ്റ ശരീരങ്ങളായി ഇരുവരും വീണ്ടും ആ പള്ളി മുറ്റത്തേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചേതനയറ്റ രണ്ട് ശരീരങ്ങള്‍ മാത്രമായി.

പൂങ്കാവ് സെയ്ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലെ പെരുന്നാളിന്റെ അവസാന ദിവസം നിഖില്‍ കൂട്ടുകാരോട് പറഞ്ഞു. 'ഇനി ഞങ്ങടെ മലേഷ്യ ട്രിപ്പിന് ശേഷം കാണാം'. പക്ഷേ, മലേഷ്യയില്‍നിന്നുള്ള ഇരുവരുടേയും വരവ് നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. ഇരുവരുടേയും മൃതദേഹം ഇന്ന് ഒന്നിച്ച് ഒരേ കല്ലറയില്‍ സംസ്‌ക്കരിക്കും. സമീപ കല്ലറകളില്‍ ഇവരുടെ അച്ഛന്മാരും മക്കള്‍ക്ക് മരണത്തിലും കാവലാകും.

പെരുന്നാള്‍ അവസാനിച്ച ഡിസംബര്‍ എട്ടിന് പിറ്റേന്നാണ് നിഖിലും അനുവും മലേഷ്യയിലേക്ക് മധുവിധുയാത്ര പോയത്. കുട്ടിക്കാലംമുതല്‍തന്നെ പള്ളിയിലെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ ഇരുവരും ഇടവകാംഗങ്ങളുടെ പ്രിയപ്പെട്ടവരായിരുന്നു. നവംബര്‍ 30-ന് ഈ പള്ളിയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹപ്പിറ്റേന്നായിരുന്നു പെരുന്നാള്‍ കൊടിയേറ്റ്. പള്ളിയിലെ ഗായകസംഘത്തിലെ അംഗങ്ങളായ നിഖിലും അനുവും സജീവമായി പെരുന്നാള്‍ ദിനങ്ങളിലും നിറഞ്ഞുനിന്നു.

അനുവിന് എം.എസ്.ഡബ്ല്യു. പരീക്ഷയില്‍ മികച്ച ജയം നേടിയതിന് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അനുമോദനസമ്മേളനത്തില്‍ ഉപഹാരം സമ്മാനിച്ചിരുന്നു. നിഖിലും അനുവും മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന് വലിയ ആവേശമായിരുന്നെന്ന് ഇടവക സെക്രട്ടറി ജോര്‍ജ്കുട്ടി, ട്രസ്റ്റി എന്നിവര്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍

മൃതദേഹങ്ങള്‍ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റി.