കൊച്ചി: സിപിഐ നേതാവും ഹൊസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ എം.നാരായണന്‍ വിട നല്‍കുകയാണ് രാഷ്ട്രീയ കേരളം. കഴിഞ്ഞ ദിവസമാണ് നാരായണന്‍ അന്തരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെയും 1996 മുതല്‍ 2001 വരെയും നേരത്തെയുണ്ടായിരുന്ന ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്നു. 18 വര്‍ഷം പോസ്റ്റുമാനായി ജോലി ചെയ്തിരുന്ന എം. നാരായണന്‍ രാജിവെച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 2015 മുതല്‍ 2020 വരെ ബേഡകം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഐവൈഎഫ് വെസ്റ്റ് എളേരി പ്രവര്‍ത്തകനായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി, ബികെഎംയു ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തില്‍ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച നേതാവായിരുന്നു നാരായണന്‍. എന്തുകൊണ്ടും മാതൃകാ കമ്യൂണിസ്റ്റ്. അതുകൊണ്ട് തന്നെ അത്യപൂര്‍വ്വ ജനുസില്‍ പെട്ട മലയാളി രാഷ്ട്രീയ നേതാവാണ് വിടവാങ്ങുന്നത്.

ഹൃദയശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയില്‍ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്ത പൊതു പ്രവര്‍ത്തകന്‍ കൂടിയാണ് നാരായണന്‍. തിരുവനന്തപുരം നിംസില്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു. 'മമ്മൂട്ടി സാറിന്റെ ഓഫിസില്‍ നിന്ന് വിളിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്നും അറിയിച്ചു' ഇത് വെളിപ്പെടുത്തിയതും നാരായണനുമായിരുന്നു. അതേസമയം, വാര്‍ത്ത കണ്ട് പാര്‍ട്ടിയില്‍ നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചതായും നാരായണന്‍ പറഞ്ഞിരുന്നു. സിപിഐ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്ക് പാര്‍ട്ടിയുടെ തന്നെ സഹായം സ്വീകരിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. വേറെ സഹായങ്ങള്‍ അദ്ദേഹം നല്‍കിയാല്‍ സ്വീകരിക്കും. നേരിട്ടു വിളിക്കാമെന്നു മമ്മൂട്ടി സാര്‍ പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ഇപ്പോള്‍ യാത്രചെയ്യാന്‍ കഴിയില്ലല്ലോ?. എന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്.'' നാരായണന്‍ വിശദീകരിച്ചിരുന്നു. പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ശസ്ത്രക്രിയ നീട്ടിവച്ചത്. എന്നാല്‍, ഇത് അല്‍പം നേരത്തേ ചെയ്താല്‍ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

പത്ത് വര്‍ഷം എംഎല്‍എ ആയിരുന്ന നാരായണന്‍ പെന്‍ഷനായി ലഭിക്കുന്ന ചെറിയ തുകകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ബുദ്ധിമുട്ട് നിറഞ്ഞ ജീവിതത്തിലേക്ക് രോഗം കൂടി എത്തിയതോടെ അദ്ദേഹം ആകെ തളരുകയായിരുന്നു. ഹൃദയ വാല്‍വ് മാറ്റിവയ്ക്കാന്‍ പണമില്ലാതെ നിസ്സഹായനായി. 'ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്. ഒരു വഴിയും മുന്നിലില്ല' കണ്ണീരണിഞ്ഞാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ 5 ലക്ഷം രൂപ ആദ്യം കെട്ടിവയ്ക്കണമായിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാരില്‍നിന്ന് ഈ തുക പിന്നീടു നാരായണനു കിട്ടുമെങ്കിലും അതിനു ചികിത്സ കഴിഞ്ഞു രേഖകള്‍ നല്‍കണം. അധികദൂരം നടക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു അന്ന് മുന്‍ എംഎല്‍എ. സംസാരിക്കാനും ബുദ്ധിമുട്ട്. ശസ്ത്രക്രിയ മാത്രമാണു പരിഹാരമെന്നാണു ഡോക്ടറുടെ നിര്‍ദ്ദേശം. പണത്തിന്റെ ബുദ്ധിമുട്ട് വാര്‍ത്തയുമായി. ഇതോടെയാണ് പലവിധ ഇടപെടലുണ്ടായതും ശസ്ത്രക്രിയ നടത്തിയതും.

നാരായണന്‍ നിസ്വാര്‍ഥമായ പൊതുജീവിതത്തിനിടയില്‍ ഒന്നും നേടാതിരുന്ന നേതാവായിരുന്നു. എംഎല്‍എയായിരുന്നപ്പോഴും ബസിലും മറ്റും സഞ്ചരിച്ചു പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന നാരായണന്റെ രീതി മണ്ഡലത്തിന്റെ മനസ്സില്‍ ഇന്നും മായാതെ കിടപ്പുണ്ട്. കെഎസ്ആര്‍ടിസിയില്‍ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നതെന്നു നാരായണന്‍ പറയുകയും ചെയ്തിരുന്നു. പോസ്റ്റ് മാന്‍ ഉദ്യോഗം രാജിവച്ച് എംഎല്‍എയായ വ്യക്തിയുമാണ് നാരായണന്‍. കഷ്ടപ്പാട് നിറഞ്ഞ ജിവിതത്തിനിടെ പ്രതീക്ഷിക്കാതെ എത്തിയ അസുഖം അദ്ദേഹത്തെ ആകെ തളര്‍ത്തി. ഇത് പത്രവാര്‍ത്തയായി. അത് മമ്മൂട്ടിയുടെ അടുത്തെത്തി. അങ്ങനെയാണ് നാരായണന് മമ്മൂട്ടി ചികില്‍സാ സഹായം വാഗ്ദാനം ചെയ്തതും അത് വാര്‍ത്തകളില്‍ എത്തിയതും. ഇദ്ദേഹത്തിന്റെ അനുജന്‍ എം.കുമാരനും എംഎല്‍എ ആയിരുന്നു.

1991 മുതല്‍ 2001 വരെ സംവരണ മണ്ഡലമായ ഹോസ്ദുര്‍ഗിനെ പ്രതിനിധീകരിച്ചു.18 വര്‍ഷം പോസ്റ്റുമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ജോലി രാജി വച്ചാണ് 1991ല്‍ മത്സരത്തിനിറങ്ങിയത്. ബേഡകം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇളയ സഹോദരന്‍ എം.കുമാരനാണ് എം.നാരായണന് ശേഷം ഒരു തവണ ഹോസ്ദുര്‍ഗ് മണ്ഡലത്തെ പ്രതിനിധികരിച്ചത്.പരേതരായ മാവുവളപ്പില്‍ ചന്തന്റെയും വെള്ളച്ചിയുടേയും മകനാണ്.

ഭാര്യ: കെ.എം.സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി) മക്കള്‍: എന്‍ ഷീന (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കാസര്‍കോട് നഗരസഭ), ഷിംജിത്ത് ( ഫോക്ലോര്‍ പരിശീലകന്‍, നാടന്‍പാട്ട് തെയ്യം കലാകാരന്‍), ഷീബ. മരുമക്കള്‍: സുരേഷ്, രജനി (കയ്യൂര്‍, പാലോത്ത്), ഗോപാലന്‍.എം.നാരായണന്റെ നിര്യാണത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.