പാലക്കാട്: അവസാന യാത്രയ്ക്ക് ഒരുങ്ങും മുന്നേ ആ നാല്‍വര്‍ സംഘം ഒരിക്കല്‍ കൂടി സ്വന്തം വീട്ടിലേക്ക് തിരികെ എത്തി. ഇന്നലെ രാവിലെ സ്‌കൂളില്‍ പോകും വരെ കളിചിരികളുമായി ഓടി നടന്ന വീട്ടില്‍ അവര്‍ വീണ്ടുമെത്തിയപ്പോള്‍ ഉയര്‍ന്നത് ഏങ്ങലടികളും വാവിട്ടുള്ള നിലവിളികളും മാത്രം. രാവിലെ ആറുമണിക്ക് കുട്ടികളുടെ മൃതദേഹം എത്തുമെന്ന് അറിഞ്ഞ് നേരെ വെളുക്കും മുന്നേ നാലു വീടുകളിലും ആളുകള്‍ തടിച്ചു കൂടിയിരുന്നു. ഏത് വീട്ടിലേക്ക് ആദ്യം പോകുമെന്ന ആശങ്ക മാത്രമായിരുന്നു ഏവര്‍ക്കും. എല്ലാ കുട്ടികളും നാടിന് പ്രിയപ്പെട്ടവരായിരുന്നവര്‍. നാലു വീടുകളിലും ഓടി നടന്ന് കളിച്ചവര്‍.

രാവിലെ ആറരയോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളിലെത്തിച്ചതോടെ കരച്ചില്‍ അടക്കി പിടിച്ചു നിന്നവരും വിങ്ങി പൊട്ടി. പനയമ്പാട് മുഴുവന്‍ ആ കരച്ചിലിന്റെ അലയൊലികള്‍ മാത്രമായിരുന്നു. രണ്ടു മണിക്കൂര്‍നേരം നാല് വീടുകളിലും പൊതുദര്‍ശനം നടന്നു. മൃതദേഹം ഉടന്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. നാലു കുട്ടികളേയും ഒരുമിച്ചായിരിക്കും സംസ്‌ക്കരിക്കുക.

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിയുക ആയിരുന്നു. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ ആയിഷ (13) എന്നിവരാണ് മരിച്ചത്.

സാധാരണ കുടുംബങ്ങളാണ് നാലുപേരുടെയും. ഇര്‍ഫാനാ ഷെറിന്റെ പിതാവ് അബ്ദുള്‍സലാമിന് ലോഡിങ് ജോലിയാണ്. റിദ ഫാത്തിമയുടെ പിതാവ് അബ്ദുള്‍റഫീക്ക് ഓട്ടോറിക്ഷാ ഡ്രൈവറാണ്. നിദ ഫാത്തിമയുടെ പിതാവ് അബ്ദുല്‍സലീമിന് മരപ്പണിയാണ്. ആയിഷയുടെ പിതാവ് ഷറഫുദ്ദീന് ചെറുളിയില്‍ത്തന്നെ പലചരക്കുകച്ചവടമാണ്. ഇര്‍ഫാനയും നിദയും അടുത്ത ബന്ധുക്കളുമാണ്. സ്‌കൂളുകളില്‍ പരീക്ഷയായിരുന്നതിനാല്‍ സ്‌കൂള്‍വിട്ട് പുറത്തിറങ്ങുമ്പോള്‍ പതിവുള്ള തിരക്കുണ്ടായിരുന്നില്ല. ആയിഷ ഒഴികെ മറ്റ് നാലുപേരും സ്‌കൂളില്‍ ഒരേ ഡിവിഷനിലാണ് പഠിച്ചിരുന്നത്.

അതേസമയം, അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിന്റെയും ക്ലീനര്‍ വര്‍ഗീസിന്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്റെ ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്.

അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആര്‍ടിഒ പറയുന്നത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്‌നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് ഇവിടെ അപകടം നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ പറയുന്നു.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് മറിഞ്ഞ ലോറിയുടെ ഡ്രൈവറുടെ മൊഴി. റോഡില്‍ തെന്നലുണ്ടായിരുന്നു. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. അപകട കാരണം മറ്റൊരു ലോറി ഇടിച്ചതാണെന്നാണ് പൊലീസും പറയുന്നത്.