തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ ഉര്‍ത്തിപ്പിടിച്ച ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയും മന്‍മോഹന്‍ സിങ്ങിന് അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ അഭാവം ജനാധിപത്യ ഇന്തയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ പരക്കെ ആദരിക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുന്‍പ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉത്തരവാദിത്തവും നിര്‍വഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മന്റില്‍ ധനമന്ത്രിയായിരുന്ന മന്മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാര്‍ത്തു.

ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങള്‍ മുന്‍കൂട്ടിക്കണ്ട ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹന്‍ സിംഗിനുണ്ടായിരുന്നു. അല്‍പ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ദൃഢമാക്കാന്‍ പ്രയത്‌നിച്ചു.

ഡോ. മന്‍മോഹന്‍ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

ആദരാഞ്ജലികള്‍.