മുംബൈ: വിവിധ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയും മോഡലുമായ പ്രിയ മറാഠേ (38) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ചികിത്സയ്ക്കിടെ ഞായറാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി താരം അർബുദബാധിതയായിരുന്നു.

'പവിത്ര രിഷ്ത' എന്ന ജനപ്രിയ ഹിന്ദി പരമ്പരയിൽ വർഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രിയ ഏറെ ശ്രദ്ധേയയായത്. ഈ പരമ്പരയിൽ അങ്കിത ലോഖണ്ഡെ അവതരിപ്പിച്ച അർച്ചന എന്ന കഥാപാത്രത്തിന്റെ സഹോദരിയായാണ് പ്രിയ വേഷമിട്ടത്.

2000-ൽ 'യാ സുഖാനോ യാ' എന്ന മറാത്തി പരമ്പരയിലൂടെയാണ് പ്രിയ ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന് 'ചാർ ദിവസ് സസുച്ചെ' ഉൾപ്പെടെ നിരവധി മറാത്തി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 'കസം സേ' എന്ന ഹിന്ദി സീരിയലിലൂടെയാണ് ആദ്യമായി ഹിന്ദി പരമ്പരകളിൽ അഭിനയിച്ചത്. വിദ്യാ ബാലി എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ അവതരിപ്പിച്ചത്.

'ബഡേ അച്ചേ ലഗ്തേ ഹേ', 'തു തിഥേ മേ', 'സാത്ത് നിഭാന സാഥിയാ', 'ഉത്തരാൻ', 'ഭാരത് കാ വീർ പുത്ര - മഹാറാണാ പ്രതാപ്', 'സാവ്‍ധാൻ ഇന്ത്യ', 'ആത്താ ഹൗ ദേ ധിംഗാന' തുടങ്ങിയ നിരവധി ഹിറ്റ് പരമ്പരകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 'കോമഡി സർക്കസ്' എന്ന റിയാലിറ്റി ഷോയിലും അവർ ഭാഗമായിരുന്നു.

നടനും സംവിധായകനുമായ ശന്തനു മൊഹെയാണ് പ്രിയയുടെ ഭർത്താവ്. 2012 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. 'സ്വരാജ് രക്ഷക് സംഭാജി' എന്ന മറാത്തി പരമ്പരയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവിധ പരമ്പരകളിലൂടെയും അഭിനയത്തിലൂടെയും പ്രിയ മറാഠേ ടെലിവിഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 38-ാം വയസ്സിൽ താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ-സീരിയൽ ലോകത്തിന് വലിയ നഷ്ടമാണ്.