മട്ടാഞ്ചേരി: കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയുമൊക്കെ ചെയ്ത ജൂതവംശജന്‍ എസ്. കോഡര്‍. സാറ്റു കോഡറായിരുന്നു കൊച്ചിക്കാര്‍ക്ക് അദ്ദേഹം. കേരളത്തെ പ്രണയിച്ച കുടുംബം. ആ ജൂത കുടുംബത്തിലെ കേരളത്തിലെ ഒരു കണ്ണി കൂടി മായുകയാണ്. കൊച്ചിയിലെ അവസാന പരദേശി ജൂത വനിത ക്വീനി ഹലേഗ്വ (89) ഓര്‍മയായി. പരേതനായ സാമുവല്‍ എച്ച്. ഹലേഗ്വയുടെ പത്‌നിയാണ്. വനിതയായി ക്വീനിയും പുരുഷനായി ബന്ധു കീത്തും മാത്രമായിരുന്നു മട്ടാഞ്ചേരിയില്‍ ജൂത സമൂഹത്തിലുണ്ടായിരുന്നത്. ഇനി കീത്ത് ഹലേഗ്വ മാത്രം.

പരേതനായ വ്യാപാര പ്രമുഖന്‍ എസ്.എസ്. കോഡറുടെ മകളുമായിരുന്ന ക്വീനി ഹലേഗ്വ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. കൊച്ചിയെയും കൊച്ചിക്കാരെയും മക്കളെക്കാളുപരി സ്‌നേഹിച്ച ക്വീനി മലയാളിക്ക് പ്രിയപ്പെട്ടവളായിരുന്നു. ജ്യൂ സ്ട്രീറ്റിലെ ജൂത സെമിത്തേരിയില്‍ ഭര്‍ത്താവിന്റെ കബറിടത്തിനരികെ ക്വീനിയുടെ മൃതദേഹവും സംസ്‌കരിച്ചു. 2012 മുതല്‍ 2018 വരെ സിനഗോഗ് വാര്‍ഡനായിരുന്നു ക്വീനി. മാനേജിങ് ട്രസ്റ്റിയുമായിരുന്നു.

ചേര്‍ത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമയുമായിരുന്നു ഒരു കാലത്ത് ക്വീനി ഹലേഗ്വ. എസ്. കോഡറുടെ മകള്‍ എന്ന നിലയില്‍ ബിസിനസ് രംഗത്തും ക്വീനി വ്യക്തിമുദ്ര പതിപ്പിച്ചു. കൊച്ചിയില്‍ ആദ്യമായി വൈദ്യുതി വിതരണം ആരംഭിച്ചതും ബോട്ട് സര്‍വീസ് നടത്തിയതും എസ്. കോഡറിന്റെ നേതൃത്വത്തിലായിരുന്നു. അവശയായതോടെയാണ് സിനഗോഗിന്റെ നിയന്ത്രണം ട്രസ്റ്റിനു കൈമാറിയത്.

കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബമായിരുന്നു ക്വീനിയുടേത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു എസ് കോഡര്‍. കൊച്ചിയിലെ പ്രശസ്തമായ സീലോര്‍ഡ് ഹോട്ടല്‍, കോഡര്‍ നിര്‍മിച്ചതാണ്. ക്വീനിയുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ ചേര്‍ത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു. കോഡറുടെ മരണശേഷം ബിസിനസ് തളര്‍ന്നു. കരളത്തിലുണ്ടായിരുന്ന ജൂതരില്‍ എല്ലാവരും ഇസ്രയേലിലേക്ക് കുടിയേറിയപ്പോഴും ക്വീനി ഇവിടെ തുടര്‍ന്നു. കൊച്ചിയോടുള്ള സ്‌നേഹമായിരുന്നു ഇതിന് കാരണം.

ഫോര്‍ട്ട്‌കൊച്ചി സെന്റ് മേരീസ് ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു പഠനം. ഫോര്‍ട്ട്‌കൊച്ചിയിലെ കോഡര്‍ ഹൗസില്‍ ജനിച്ച ക്വീനി, സാമുവല്‍ ഹലേഗ്വയെ വിവാഹം കഴിച്ചതോടെയാണു മട്ടാഞ്ചേരി ജ്യൂ ടൗണിലേക്ക് എത്തിയത്. പിന്നീടു ജൂതത്തെരുവിലെ വീട്ടിലായിരുന്നു താമസം. മക്കള്‍ വിദേശത്തേക്കു ക്ഷണിച്ചിട്ടും കൊച്ചി വിട്ടു പോകാന്‍ അവര്‍ തയ്യാറായില്ല. വാഗ്ദത്ത ഭൂമിയായ ഇസ്രയേലില്‍ പോയിട്ടുണ്ടെങ്കിലും മട്ടാഞ്ചേരിയുടെ മണ്ണിലേക്കു തന്നെ മടങ്ങി. യുഎസില്‍ താമസിക്കുന്ന മക്കള്‍ ഫിയോണയും ഡോ. ഡേവിഡും മരണസമയത്ത് അടുത്തുണ്ടായിരുന്നു. മരുമക്കള്‍: അലന്‍, സിസ.

ക്വീനിയുടെ ഭര്‍തൃസഹോദരിയുടെ മകന്‍ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയില്‍ അവശേഷിക്കുന്ന ഏക ജൂതന്‍. ചരിത്ര പ്രധാനമായ ജൂത സിനഗോഗില്‍ വര്‍ഷങ്ങളായി പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറില്ല. ഇതിനടുത്താണ് കൊച്ചിയിലെ അവസാനത്തെ ജൂതനായ കീത്ത് ഹലേഗ്വയുടെയും താമസം. അഞ്ചുപതിറ്റാണ്ടുമുമ്പ് ഇസ്രയേലില്‍നിന്ന് പലായനം ചെയ്ത ജൂതവംശജര്‍ക്ക് കൊച്ചി രാജാവ് അഭയം നല്‍കുകയും രാജകൊട്ടാരത്തിനുസമീപം ആരാധനയ്ക്കായി പള്ളി പണിയാനും താമസത്തിനും കച്ചവടാവശ്യങ്ങള്‍ക്കുമായി ഒരു പ്രദേശം നല്‍കുകയും ചെയ്തതോടെയാണ് കൊച്ചിയില്‍ ജൂതത്തെരുവും ജൂതനഗരിയുമുണ്ടായത്.

വ്യാപാര വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച ജൂതര്‍ കൊച്ചിയില്‍ വൈദ്യുതിവിതരണ ശൃംഖലവരെ നടത്തിയിരുന്നു. 1948ല്‍ ഇസ്രയേല്‍ സ്വതന്ത്രമായതോടെ ജൂതസമൂഹം അവിടേക്ക് മടങ്ങിത്തുടങ്ങി. 1950കളില്‍ കൊച്ചിയില്‍നിന്ന് രണ്ടായിരത്തിലേറെ ജൂതര്‍ മടങ്ങി. ഘട്ടംഘട്ടമായി പലരും ഇസ്രയേല്‍, അമേരിക്ക എന്നിവിടങ്ങളിലേക്ക് പോയതോടെ കൊച്ചിയില്‍ ജൂതരുടെ എണ്ണം കുറഞ്ഞു. ജൂതവിശ്വാസപ്രകാരം പള്ളിയിലെ ആഴ്ചതോറുമുള്ള പ്രാര്‍ഥനയ്ക്ക് 10 പുരുഷന്മാര്‍ വേണമെന്നിരിക്കെ സബാത്ത് പ്രാര്‍ഥനയും നടത്തിയിരുന്നില്ല. 2019 ആഗസ്തില്‍ ജൂതമുത്തശ്ശി സാറാ കോഹന്‍ (97) മരിച്ചതോടെ കൊച്ചിയില്‍ ക്വീനിയും കിത്തും മാത്രമായി.

നിലവില്‍ സംസ്ഥാനത്ത് എറണാകുളം, മാള, പറവൂര്‍, കോട്ടയം എന്നിവിടങ്ങളിലായി 20 ജൂതന്മാരാണുള്ളത്. ജൂതവിശ്വാസപ്രകാരമാണ് ക്വീനിയുടെ കബറടക്കച്ചടങ്ങുകള്‍ നടന്നത്. ജൂതകാരണവരായ സാം എബ്രഹാം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊച്ചിയിലെ ജൂതശ്മശാനത്തില്‍ അഞ്ഞൂറിലേറെ ശവക്കല്ലറകളുണ്ടെന്നാണ് പറയുന്നത്. പശ്ചാത്യലോകത്ത് നിന്ന് വ്യാപാരാര്‍ത്ഥം 15-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ജൂതരെയാണ് പരദേശി ജൂതരെന്ന് വിളിക്കുന്നത്.